| Sunday, 12th January 2025, 9:17 am

ആ ചോദ്യത്തിന് മറുപടി കൊടുത്ത് മതിയായപ്പോള്‍ പേരിനൊപ്പം റസിയ എന്നുകൂടെ ചേര്‍ത്തു: രാധിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2006ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്മേറ്റ്സ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ഈ സിനിമ പറഞ്ഞത്. ജെയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും രചിച്ച ക്ലാസ്മേറ്റ്സ് അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ് പുറത്തിറങ്ങിയ ചിത്രമായിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, രാധിക, നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ചിത്രത്തിലെ രാധികയുടെ റസിയ എന്ന കഥാപാത്രം ഇന്നും പലര്‍ക്കും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ്.

തനിക്ക് ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന കഥാപാത്രം റസിയയാണെന്ന് പറയുകയാണ് രാധിക. തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ രാധിക എന്ന പേരിനൊപ്പം റസിയ എന്ന് ചേര്‍ക്കാന്‍ ഉണ്ടായ കാരണവും നടി പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാധിക.

‘അത്രയും സ്റ്റാര്‍ കാസ്റ്റുള്ള ക്ലാസ്‌മേറ്റില്‍ അഭിനയിക്കുമ്പോള്‍ അതില്‍ ഞാന്‍ ചെയ്ത റസിയ എന്ന കഥാപാത്രം ഇത്രയധികം ശ്രദ്ധിക്കുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. ഇപ്പോഴും മലയാളികള്‍ക്ക് എന്നോടുള്ള സ്‌നേഹം റസിയയോടുള്ള സ്‌നേഹമാണ്.

65 ദിവസമായിരുന്നു ക്ലാസ്‌മേറ്റ്സിന്റെ ഷൂട്ട്. അന്ന് സെറ്റില്‍പോലും എന്നെ റസിയ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. സിനിമ റിലീസായി കഴിഞ്ഞപ്പോള്‍ എല്ലാവരും റസിയ എന്നായി വിളി. രാധിക എന്ന പേരുപോലും പലര്‍ക്കും അറിയില്ല.

നമ്മള്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നതിലുപരി ഒരു അഭിനേത്രിക്ക് മറ്റൊന്നും കിട്ടാനില്ല

രാധിക

ഇപ്പോഴും പുറത്തൊക്കെ പോവുമ്പോള്‍ റസിയ എന്ന് വിളിച്ചാണ് പലരും സംസാരിക്കുന്നത്. എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദ്യം രാധിക എന്ന് പേരിട്ടപ്പോള്‍ ഒരുപാട് പേര്‍ ‘റസിയയുടെ കസിനാണോ? സിസ്റ്റര്‍ ആണോ? റസിയയുടെ മുഖച്ഛായയുണ്ടല്ലോ’ എന്നൊക്കെ ചോദിച്ചു മെസേജുകള്‍ അയ യ്ക്കാറുണ്ടായിരുന്നു.

അങ്ങനെ മറുപടി കൊടുത്ത് ഒരു വഴിക്കായപ്പോഴാണ് എന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ രാധിക എന്ന പേരിനൊപ്പം റസിയ എന്ന് കൂട്ടിച്ചേര്‍ത്തത്. നമ്മള്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നതിലുപരി ഒരു അഭിനേത്രിക്ക് മറ്റൊന്നും കിട്ടാനില്ല. എനിക്കും ഞാന്‍ ചെയ്തതില്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന കഥാപാത്രം റസിയ തന്നെയാണ്,’ രാധിക പറയുന്നു.

Content Highlight: Radhika Talks About Classmates Movie And Her Character Raziya

We use cookies to give you the best possible experience. Learn more