സ്ത്രീകളോടാണ് 'ബോൾഡ് ക്യാരക്‌ടർ' ചെയ്തോ എന്ന് ചോദിക്കുക, പക്ഷേ സ്പായിൽ പുരുഷന്മാരോടാണ് അത് ചോദിക്കേണ്ടത്: രാധിക രാധാകൃഷ്ണൻ
Malayalam Cinema
സ്ത്രീകളോടാണ് 'ബോൾഡ് ക്യാരക്‌ടർ' ചെയ്തോ എന്ന് ചോദിക്കുക, പക്ഷേ സ്പായിൽ പുരുഷന്മാരോടാണ് അത് ചോദിക്കേണ്ടത്: രാധിക രാധാകൃഷ്ണൻ
നന്ദന എം.സി
Monday, 8th June 2026, 6:00 pm

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്‌പാ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സമൂഹം തുറന്ന് സംസാരിക്കാൻ മടിക്കുന്ന വിഷയങ്ങളും അഡൾട്ട് കോമഡിയും കൈകാര്യം ചെയ്ത ചിത്രത്തിലെ ചില രംഗങ്ങളാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

സ്‌പാ, Photo: YouTube/ Screengrab

ചിത്രത്തിലെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി രാധിക രാധാകൃഷ്ണൻ. ഒരു സ്‌പായും അവിടെ ‘ഹാപ്പി എൻഡിങ്’ നൽകുന്ന ചില തെറാപ്പിസ്റ്റുകളുമാണ് കഥയുടെ പശ്ചാത്തലമെന്ന് ആദ്യം കേട്ടപ്പോൾ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. എന്നാൽ സംവിധായകൻ എബ്രിഡ് ഷൈനിന് മേലുള്ള വിശ്വാസമാണ് സിനിമയുടെ ഭാഗമാകാൻ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

‘ഷൂട്ടിങ് തുടങ്ങിയതിന് ശേഷം ഭയങ്കര രസമായിരുന്നു. ഒരുപാട് പെൺകുട്ടികൾ ഒരുമിച്ചുള്ള സെറ്റായിരുന്നു അത്. കാരവാനിൽ പോയിരിക്കുകയാണെങ്കിൽ പോലും എല്ലാവരും ഒരുമിച്ചായിരുന്നു. ഒരു കോളജ് ഹോസ്റ്റലിൽ സുഹൃത്തുക്കൾ ഒന്നിച്ച് ഇരിക്കുന്ന ഒരു ഫീലാണ് ആ സെറ്റിൽ ഉണ്ടായിരുന്നത്,’ രാധിക പറഞ്ഞു.

മസാജ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താരങ്ങൾക്ക് പരമാവധി സ്വകാര്യത ഉറപ്പാക്കിയിരുന്നുവെന്നും അവർ വ്യക്തമാക്കി. ‘ഷൈൻ സാർ ആവശ്യമില്ലാത്ത ഒറ്റ മനുഷ്യനെ പോലും ആ റൂമിൽ നിർത്തില്ലായിരുന്നു. ബാക്കി ടെക്നീഷ്യൻസ് കൂടുതലും പുരുഷന്മാരായതിനാൽ ഒരു സ്ത്രീ ഒറ്റയ്ക്ക് അഭിനയിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാതിരിക്കാൻ അസോസിയേറ്റ് ഡയറക്ടറായ ആനന്ദിനി ബാല മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു,’ താരം പറഞ്ഞു.

സ്‌പാ, Photo: YouTube/ Screengrab

ചിത്രത്തിലെ ബോൾഡ് രംഗങ്ങൾ വൾഗാരിറ്റിയിലേക്ക് വഴുതിപ്പോകാതെ അവതരിപ്പിക്കാൻ ക്യാമറാമാൻ സ്വരൂപ് ഫിലിപ്പും സംവിധായകനും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും രാധിക പറഞ്ഞു. ‘ക്യാമറാമാൻ സ്വരൂപ് ഫിലിപ്പും സാറും ചേർന്നാണ് ഒട്ടും വൾഗാരിറ്റി ഇല്ലാതെ കാഴ്ചയ്ക്ക് മനോഹരമായി ആ സീനുകൾ ചെയ്തത്,’ അവർ പറഞ്ഞു.

സാധാരണയായി ‘ബോൾഡ് കഥാപാത്രം ചെയ്തോ’ എന്ന ചോദ്യം സ്ത്രീകളോടാണ് ചോദിക്കാറുള്ളതെന്നും എന്നാൽ സ്‌പായുടെ കാര്യത്തിൽ അത് പുരുഷ താരങ്ങളോടാണ് ചോദിക്കേണ്ടതെന്നും രാധിക അഭിപ്രായപ്പെട്ടു. ‘അവരെല്ലാം വളരെ നന്നായി അഭിനയിച്ചു. പ്രശാന്തേട്ടന്റെ കൂടെയുള്ള രംഗമൊക്കെ വെറും ഒന്നര മണിക്കൂറിനുള്ളിൽ സാർ ഡയലോഗ് എഴുതി പെട്ടെന്ന് എടുത്തതാണ്,’ താരം പറഞ്ഞു.

സ്‌പാ, Photo: YouTube/ Screengrab

ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ ഘടകമായിരുന്നു വിനീത് അവതരിപ്പിച്ച കഥാപാത്രവും അതിനൊപ്പമുള്ള ഫ്ലാഷ്ബാക്ക് ഗാനവും. ‘വിനീതേട്ടന്റെ പെർഫോമൻസും അതിനോടൊപ്പമുള്ള ആ ഫ്ലാഷ്ബാക്ക് പാട്ടും ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. യഥാർഥത്തിൽ ആ പാട്ട് ആദ്യം സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. വിനീതിന്റെ മികച്ച പ്രകടനം കണ്ടതിന് ശേഷം സാർ പിന്നീട് ചേർത്തതാണ്,’ രാധിക കൂട്ടിച്ചേർത്തു.

Content Highlight: Radhika Radhakrishanan talk about the movie SPA

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.