തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. കേരളത്തിലേത് വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണെന്നാണ് അധിക്ഷേപം. സംസ്ഥാനത്തെ മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിറ്റ് കാശുണ്ടാക്കുകയാണെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ എഴുതി.
ഇത്തരം വാര്‍ത്തകള്‍ കാണുന്ന പാവം മലയാളികളില്‍ ചിലരെങ്കിലും അത് വിശ്വസിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. മാപ്രകള്‍ ഇനി എന്തൊക്കെ പറഞ്ഞാലും തനിക്ക് ഒരു അതൃപ്തിയുമില്ലെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മേയറാക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്ന് കരുതിയാണ് മത്സരിച്ചതെന്നും വൈസ് പ്രസിഡന്റ് കൂടിയായതിനാല്‍ 10 സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള ചുമതല ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
മാത്രമല്ല, 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പ്രസ്തുത പരാമര്‍ശം ചര്‍ച്ചയായതോടെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ശ്രീലേഖ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
‘ഇന്ന് എന്നെ ഓഫീസില്‍ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്ന് ചോദ്യം ചോദിച്ച് ഹരാസ് ചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ചിലര്‍ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു,’ എന്നാണ് വിമർശനം.
മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമാണ് ഉള്ളതെന്നും താനൊരു അഭിമാനിയായ പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും ശ്രീലേഖ പറഞ്ഞു.
‘ഞാന്‍ സന്തുഷ്ടയായ ഒരു വാര്‍ഡ് കൗണ്‍സിലറും സമര്‍പ്പിതയായ പൊതുപ്രവര്‍ത്തകയുമാണ്. തെറ്റായ കഥകള്‍ പ്രചരിപ്പിക്കുന്ന മൂന്നാംകിട മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള എന്റെ മറുപടി ഇങ്ങനെയാണ്, പോകൂ… ഏതെങ്കിലും ഒരു മരത്തില്‍ പോയി കയറൂ! മരങ്ങള്‍ ഒരുപാടുണ്ടല്ലോ,’ എന്നും ശ്രീലേഖ എഴുതി.
ഇതിനുമുമ്പും മേയറാകാന്‍ കഴിയാത്തതില്‍ ശ്രീലേഖ അതൃപ്തി അറിയിച്ചിട്ടുണ്ട്. മേയര്‍ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞ അവസാനിക്കും മുമ്പ് വേദിവിട്ടിറങ്ങിയ സംഭവവും ചര്‍ച്ചയായിരുന്നു.
Content Highlight: R.Sreelekha said Iam not dissatisfied with whatever the media, which makes money by selling controversies