| Monday, 6th April 2026, 7:33 pm

കേന്ദ്രമന്ത്രി വോട്ടഭ്യര്‍ത്ഥിച്ചത് രാജീവ് ചന്ദ്രശേഖറിന് വേണ്ടി മാത്രം; ആര്‍. ശ്രീലേഖ പിണങ്ങി വേദി വിട്ടു

അനിത സി

തിരുവനന്തപുരം: എന്‍.ഡി.എ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ പിണങ്ങി വേദി വിട്ട് ആര്‍. ശ്രീലേഖ.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായ ശ്രീലേഖയും നേമത്തെ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറും പങ്കെടുത്ത പരിപാടിക്കിടെ കേന്ദ്രമന്ത്രി വോട്ട് അഭ്യര്‍ത്ഥിച്ചത് രാജീവ് ചന്ദ്രശേഖറിന് വേണ്ടി മാത്രമായിരുന്നു. ഇതോടെയാണ് പ്രകോപിതയായ ആര്‍. ശ്രീലേഖ വേദി വിട്ടിറങ്ങിയത്.

അല്‍പസമയത്തിനകം പിന്നാലെയെത്തിയ ബി.ജെ.പി നേതാക്കള്‍ ആര്‍ ശ്രിലേഖയെ അനുനയിപ്പിച്ച് വേദിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെ അതൃപ്തി അറിയിച്ചതിന് ശേഷമാണ് ശ്രീലേഖ വേദി വിട്ടത്.

തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനോടും ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറിനോടും സംസാരിച്ച ശേഷം പുറത്തിറങ്ങിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. സോമനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു.

അനുനയത്തിന് ശ്രമിക്കുമ്പോഴായിരുന്നു ശ്രീലേഖ കയര്‍ത്തു സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തെത്തിയിട്ടുണ്ട്.

നേരത്തെയും പാര്‍ട്ടി നേതൃത്വത്തിനെതിരെ ശ്രീലേഖ അനിഷ്ടം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം നേടിയതിന്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ വിരുന്നില്‍ പങ്കെടുക്കാതെ ആര്‍. ശ്രീലേഖ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.

മേയര്‍ മുഖമായി അവതരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിട്ടും ഭരണം നേടിയപ്പോള്‍ തഴഞ്ഞതിന്റെ അതൃപ്തിയെ തുടര്‍ന്നാണ് ദല്‍ഹിയില്‍ പോകാത്തതെന്ന പ്രചാരണം ശക്തമായിരുന്നു.

എന്നാല്‍, ആരോഗ്യ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നും ട്രെയിന്‍ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

Content Highlight: Union Minister sought votes for Rajeev Chandrasekhar; R. Sreelekha got angry and left the stage

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more