ശബരിമലയിലേത് കുട്ടിച്ചാത്തന്‍ ; ഇപ്പോള്‍ നടക്കുന്നതെല്ലാം ആചാര ലംഘനം; ആര്‍ രാമാനന്ദ് സംസാരിക്കുന്നു
അശ്വിന്‍ രാജ്

അധസ്ഥിത വിഭാഗങ്ങളുടെ കവര്‍ന്ന് എടുത്ത ദൈവങ്ങളെയും ആചാരങ്ങളെയും തിരികെ തരണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുന്ന അതേ സഹചര്യത്തില്‍ തന്നെയാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി തര്‍ക്കങ്ങള്‍ ഉയരുന്നത്. ഈ അവസരത്തില്‍ ശബരിമലയില്‍ ഉള്ള പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അടിസ്ഥാന ദേവതയായ കുട്ടിചാത്തന്റെതാണ് എന്ന വാദം ഉയരുന്നത്. ഈ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ കുട്ടിചാത്തന്‍ എന്ന പുസ്തകം രചിച്ച ഗവേഷകനായ ആര്‍ രാമാനന്ദ് ശബരിമലയിലെ കുട്ടിചാത്തനെ കുറിച്ചും ഈ വാദത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഡൂള്‍ന്യൂസുമായി പങ്കുവെയ്ക്കുന്നു

  • എന്തുകൊണ്ടാണ് ശബരിമലയില്‍ ഉള്ളത് കുട്ടിച്ചാത്തനാണെന്ന് പറയുന്നത്? എങ്ങിനെയാണ് താങ്കള്‍ ഇത്തരമൊരു പുസ്തകാശയത്തിലേക്ക് എത്തിയത്?

ശബരിമലയില്‍ കുട്ടിച്ചാത്തനാണെന്ന് പറയുന്ന സമയത്ത് ഈ വിഷയം നമ്മള്‍ ഒരുപാട് കാലമായി സംസാരിക്കുന്ന ഒന്നാണ്. അതായത് ശബരിമലയിലെ അടിസ്ഥാന ദേവതയാരാണ് എന്ന് പറയുമ്പോള്‍ ശാസ്താവ് ആണെന്ന് പറയാറുണ്ട്. ശാസ്താവ് എന്ന് പറയുമ്പോള്‍ കേരളത്തിലോ സൗത്ത് ഇന്ത്യയിലോ അല്ലാതെ മറ്റ് ഇടങ്ങളില്‍ പ്രാധാന്യം ഇല്ല. പ്രത്യേകിച്ച് ശാസ്താ ക്ഷേത്രങ്ങള്‍ക്ക് കേരളത്തില്‍ അല്ലാതെ മറ്റെവിടെയും ഒരു പ്രാമാണ്യം കിട്ടിയതായി കാണുന്നില്ല.

അപ്പോള്‍ ഒരു കേരള ദൈവമാണ് ശാസ്താവ്. അതില്‍ തന്നെ ശാസ്താവ് എന്ന പേര്  അന്ന് ഉണ്ടാവാന്‍ സാധ്യതയില്ല. അപ്പോള്‍ അത് ആരാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നു. അങ്ങനെ അന്ന് അത് കുട്ടിച്ചാത്തന്‍ ആണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അത് ഒരു നിഗമനം മാത്രമായിരുന്നു. അതൊരു രണ്ട് വര്‍ഷമൊക്കെ മുമ്പായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു പതിനെട്ടോളം പോസ്റ്റുകള്‍ ശബരിമലയില്‍ കുട്ടിച്ചാത്തന്‍ എന്ന പേരില്‍ എഴുതിയിരുന്നു. അത് ഒരു താത്വികമായ അടിസ്ഥാനത്തിലായിരുന്നു എഴുതിയത്. ചരിത്രം വളരെ കുറച്ചേയുണ്ടായിരുന്നുള്ളു അതില്‍.

ഇപ്പോള്‍ ശബരിമലയില്‍ കുട്ടിച്ചാത്തനാണ് എന്ന് പറയുമ്പോള്‍ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. അന്ന് താത്വികമായിട്ടായിരുന്നു പറഞ്ഞതെങ്കില്‍ ഇന്ന് അത് പൂര്‍ണ്ണമായും ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കുട്ടിച്ചാത്തനാണെന്ന് പറയാം.

  • ഇത്തരമൊരു വാദത്തിന്റെ ചരിത്രപരമായ വസ്തുതകള്‍ എന്താണ് ?

ആ കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ കേരളത്തിന് സ്വന്തമായിട്ടുള്ള ഒരു ചരിത്രമില്ല. കേരളോല്‍പ്പത്തിയിലും മറ്റും പറയുന്ന ചരിത്രത്തില്‍ വളരെയധികം അതിഭാവുകത്വം നിറഞ്ഞ കഥകളൊക്കെ കൂട്ടിചേര്‍ത്തതാണ്. മലബാര്‍ മാനുവല്‍ എഴുതിയ വില്ല്യം ലോഗന്‍ പറയുന്നത് ഫാരാഗോ ഓഫ് ലെജന്ററി നോണ്‍സെന്‍സ് എന്നാണ്. പരശുരാമ കഥയുള്‍പ്പടെ ചില പ്രത്യേകലക്ഷ്യങ്ങളോടെ എഴുതിയതാണെന്ന് കാണാം. ഇത് മാറ്റിവെച്ച് കേരളത്തിന്റെ ചരിത്രം നോക്കുമ്പോള്‍ കേരളത്തിന് സ്വന്തമായി ചരിത്രമില്ലെന്നും വിശാലമായ തമിഴകത്തിന്റെ ചരിത്രം കൂടിയാണ് കേരളത്തിന്റെ ചരിത്രം എന്നും മനസിലാകും.

തമിഴകത്തിന്റെ ചരിത്രം നോക്കുമ്പോള്‍ സംഘകാല കൃതികള്‍ നോക്കണം. സംഘകാലകൃതികള്‍ നോക്കുമ്പോള്‍ ബി.സി 3 മുതല്‍ എ.ഡി 3ാം നൂറ്റാണ്ട് വരെയാണ് എന്ന് മനസിലാക്കാം. ഇതിലൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പല ചരിത്രകാരന്മാര്‍ പല അഭിപ്രായങ്ങളും പറയാറുണ്ട്.

സംഘകാലത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട് എന്നാണ്. മുതല്‍ ചങ്കം, (മുതല്‍ ചങ്കം, സംഘം എന്നത് കൂറച്ച് കൂടി സംസ്‌കൃതവല്‍ക്കരിച്ചതാണ്. ചങ്കമാണ് ശരിക്കും.) ഇടൈ ചങ്കം.  കടൈ ചങ്കം എന്നിങ്ങനെ മൂന്ന് ചങ്കമാണിത്.

സംഘം എന്ന് പറഞ്ഞാല്‍ പണ്ഡിതന്മാരുടെ കൂട്ടായ്മയാണ്. നമ്മള്‍ ഇപ്പോള്‍ പുലയര്‍ എന്ന് പറയുന്നവരായിരുന്നു സംഘത്തിലെ പണ്ഡിതന്മാര്‍. അവര്‍ കൃതികളെ അവരുടെ സമകാലികമായത്, അവര്‍ക്ക് മുമ്പുള്ളത് എന്നിങ്ങനെ പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു എഡിറ്റോറിയല്‍ കമ്മിറ്റിയായിരുന്നു ഇവര്‍ ഇതാണ്  സംഘങ്ങള്‍.

ഇതില്‍ മുതല്‍ സംഘം എന്നുള്ളത് വളരെ പഴയ കാലഘട്ടമാണ്. തമിഴ് ഭാഷ പണ്ഡിതന്‍മാര്‍ പറയുന്നത് മുതല്‍ സംഘം തുടങ്ങിയിട്ട് പതിനായിരം വര്‍ഷമായി എന്നാണ്. അതില്‍ വലിയ കാര്യമില്ല. അപ്പോള്‍ മുതല്‍ സംഘം എന്നത് ഒരു ഭാവനയാവാനാണ് സാധ്യത. പക്ഷേ ഇടൈ സംഘം കടൈ സംഘം എന്നിവ ഉള്ളതായിട്ട് പറയുന്നുണ്ട്.

ശബരിമലയിലെ കുട്ടിച്ചാത്തന്‍ (കരിനീലിയും മകനും )

ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ പറയുന്നത് ഇടൈ ചങ്കവും മുതല്‍ ചങ്കവും ഇല്ല കടൈ ചങ്കം മാത്രമേയുള്ളൂവെന്നാണ്. പക്ഷേ പൊതുവില്‍ ചരിത്രകാരന്മാര്‍ ഇടൈ ചങ്കത്തിനെയും കടൈ ചങ്കത്തിനെയും അംഗീകരിച്ചിട്ടുണ്ട്.

ഈ സംഘകാലകൃതികളില്‍ കേരളത്തിന്റെ ചരിത്രം നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ നമ്മുടെ താല്പ്പര്യം കേരളത്തിലെ ആരാധന പാരമ്പര്യത്തെ നോക്കുക എന്നതാണ്. അപ്പോള്‍ കേരളത്തിന്റെ ആരാധന പാരമ്പര്യം എന്താണ് എന്ന് നോക്കുന്ന സമയത്ത് സംഘകാലത്തെ ഭൂമിശാസ്ത്രവും ഭൂഘടനയും ,അവിടെയുള്ള ജനങ്ങളുടെയും ജീവിതരീതിയും, അവര്‍ ആരാധിച്ച ദേവതയും എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ കാണാന്‍ കഴിയും.

അതായത് തൊഴില്‍, താമസിച്ച സ്ഥലം, പിന്നെ തൊഴിലിനും താമസിച്ച സ്ഥലത്തിനും അനുസരിച്ചുള്ള ദേവത. ഈ മൂന്ന് കാര്യങ്ങള്‍ മനസ്സിലാക്കാം. അതിന്റെയടിസ്ഥാനത്തില്‍ കേരളത്തിനെ അഞ്ച് തിണകളായി തിരിച്ചതായി കാണാം.

മലനാട് എന്ന് നമ്മള്‍ പറയുന്ന കുറിഞ്ചി, കുറിഞ്ചിയിലെ ദേവതയെന്ന് പറയുന്നത് ചേയോന്‍ എന്ന ദൈവമാണ്. ചേയോന്‍ എന്ന് പറയുന്നത് ചുവന്ന ദൈവമാണ്. ഈ ചേയോന്‍ കൊട്രെവെ എന്ന അമ്മ ദൈവത്തിന്റെ മകനാണ്. ചേയോനെയാണ് മുരുകന്‍ എന്നും വിളിക്കുന്നത്. മുരുകനും പാര്‍വതിയുടെ മകനാണ്. അപ്പോള്‍ ഈ ചേയോന്‍ കുറിഞ്ചിയുടെ ദൈവമാണ്. കുറിഞ്ചി എന്ന് പറയാന്‍ കാരണം അവിടെ കുറിഞ്ചി പൂക്കുന്നത് കൊണ്ടാണ്.

അതായത് ഈ മലമ്പ്രദേശം അവിടെയുള്ള മലപണ്ടാരങ്ങള്‍, ഊരാളിമാര്‍, ഉള്ളാടന്മാര്‍ പിന്നെ തമിഴിലേക്ക് പോകുകയാണെങ്കില്‍ അവിടെയുള്ള ചില വിഭാഗങ്ങള്‍ ഇങ്ങിനെയാണ്. വേട്ടയാടലാണ് ഇവരുടെ പ്രധാന തൊഴില്‍. ദേവതയുടെ സ്വഭാവവും വേട്ടയാടലാണ്. വേല്‍ ആയുധമാക്കിയുള്ള മുരുകന് വേലന്‍ എന്ന് പേര് വരാന്‍ കാരണം ഇതുകൊണ്ടാണ്. അപ്പോള്‍ വേല സമുദായത്തിന്റെ പ്രധാന ദൈവം കൂടിയാണ് മുരുകന്‍. അപ്പോള്‍ ഈ മുരുകന്റെ വേല്‍ യുദ്ധ പ്രതീകമായിട്ടുള്ള ഒന്നാണ്. ഈ മുരുകനെയാണ് നമ്മള്‍ ചേയോന്‍ എന്ന് പറയുന്നത്.

ശബരിമലയിലെ കുട്ടിച്ചാത്തന്‍ ഗ്രന്ഥം

പിന്നെയുള്ളത് മുല്ലൈയാണ്. ഇവിടെ ഇടയരാണ് ജീവിച്ച് വരുന്നത്. ഇവിടുത്തെ ദൈവമാണ് മായോന്‍. ഈ മായോന്‍ ആണ് പിന്നീട് വൈദീകവല്‍ക്കരിച്ച് വിഷണുവായി മാറുന്നത്. വേലനെ കാര്‍ത്തികേയന്‍ ആക്കുന്നത് പോലെ. ഇവരുടെ പ്രധാന തൊഴില്‍ വനവിഭവം ശേഖരിക്കുക. മാട് മേയ്ക്കുക എന്നിവയാണ്. അപ്പോള്‍ കൃഷ്ണനും മാട് മേയ്ക്കലുമായിട്ടുള്ള ബന്ധമെല്ലാം ഇവിടെ കാണാനാവും.

മൂന്നാമത്തെ വിഭാഗം എന്ന് പറയുന്നത് പാലൈയാണ്. ഇത് ഒരു ഊഷരഭൂമിയാണ്. കൊള്ളയാണ് ഈ പ്രദേശത്തെ തൊഴില്‍. ഇവിടുത്തെ ദൈവം എന്ന് പറയുന്നത് ആദി ദൈവ സങ്കല്പമായ കൊട്രെവെയാണ്. ഐരമലയില്‍ കൊട്രെവെ എന്നാണ് പിന്നീട് ചേരന്‍മാര്‍ വിളിച്ചത്.

അടുത്തത് നെയ്തലാണ്. ഇത് തീരപ്രദേശമാണ്. ഇവിടുത്തെ ദൈവം കടലോന്‍ ആണ്. വരുണന്‍ എന്നും പറയും ഇത് വൈദിക സമൂഹവും ദ്രാവിഡ സമൂഹവും ഒന്നിച്ച് ഇടപഴകുമ്പോള്‍ സംഭവിച്ചതാകാം.

മറ്റൊന്ന് മരുതമാണ് ഇത് ഒരു പുഷ്ടി പ്രദേശമാണ് ഇവിടുത്തെ ദേവത വേന്തനാണ്. ഇതാണ് പിന്നീട് ദേവേന്ദ്രനായി മാറുന്നത്. പുഷ്ടി പ്രദേശത്ത് കൃഷിയാണ് തൊഴില്‍. അപ്പോള്‍ കൃഷിക്ക് വെള്ളം വേണം അങ്ങിനെയാണ് മഴയുടെ ദേവനായ വേന്തനെ ആരാധിക്കുന്നത്.

ശബരിമല വര്‍ഷങ്ങള്‍ക്ക് മുമ്പ്

ഇത്തരത്തില്‍ തമിഴ് ചരിത്രം നോക്കുമ്പോള്‍ ഐന്തിണകളില്‍ ഒരോ തിണയ്ക്കും അവര്‍ ആരാധിച്ചിരുന്ന ദേവതകള്‍ അവരുടെ തൊഴിലിന് അനുസരിച്ചുള്ള ദേവതകളാണെന്ന് മനസിലാവും. ഇതൊക്കെ വൈദികവല്‍ക്കരണത്തിന്റെ ഭാഗമായി സ്വാംശീകരിക്കപ്പെട്ട് അല്ലെങ്കില്‍ അവരുടെതാക്കി മാറ്റുന്നതായി കാണാന്‍ പറ്റും.

 

ഇതില്‍ ചേയോന്‍ എന്ന കുറിഞ്ചിയുടെ ദേവത തമിഴ്‌നാട് ഭാഗത്താണ് കാണാന്‍ സാധിക്കുക. ചേയോന്‍ എന്ന് പറയുന്നത് മുരുകനാണ്. മുരുകന്റെ കൊടിയടയാളം കോഴിയാണ്. വാഹനം മയിലാണ്. അതേ ദേവത നമ്മള്‍ കേരളത്തില്‍ കാണുമ്പോള്‍ ചേയോന് പകരം ചാത്തനാണ്. ചാത്തന്‍ ശാസ്താവാണ്. ശാസ്താവിന്റെ കൊടിയടയാളം കോഴിയാണ്. അത് കൊണ്ട് കോഴി കൊടിയോന്‍ എന്നൊരു പേര് ശാസ്താവിനുണ്ട്.

ശബരിമലയില്‍ ഇപ്പോള്‍ ഈ കൊടി ഉയര്‍ത്തുന്നുണ്ടോ എന്ന് അറിയില്ല. എന്തായാലും ശാസ്താവിന്റെ കൊടിയടയാളം കോഴിയാണ്. അത് വി.വി.കെ വാലത്ത് സ്ഥലനാമ ചരിത്രം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. മാത്രമല്ല വലിയൊരു ദേവത സങ്കല്പം കൂടിയുണ്ട് ഇതില്‍. അതുകൊണ്ട് രാജക്കന്മാര്‍ക്ക് കോയി, അല്ലെങ്കില്‍ കോഴി എന്നൊരു പേര് വരുന്നത് തന്നെ ഒരു അഭിമാനമാണ്.

ഈ രണ്ട് കണക്ഷന്‍ കാണാന്‍ കഴിയും. അതായത് കൊട്രൈവെയുടെ മകനാണ് ചേയോന്‍. ഈ ചേയോന്‍ കേരളത്തില്‍ എത്തുമ്പോള്‍ ചാത്തനാകും. കൊട്രവെ കേരളത്തില്‍ എത്തുമ്പോള്‍ അത് കരിനീലിയാകും ഈ കരിനീലിയുടെ സങ്കല്‍പം കല്ലടികോടന്‍ ഭാഗത്താണ് കാണുന്നത്. ഈ കരിനീലിയാണ് ശബരിമലയിലെ മാളികപ്പുറത്തമ്മ. ശബരിമലയില്‍ മാളികപുറത്തമ്മയായി കരിനീലിയും മകനായിട്ടുള്ള ചാത്തനുമാണുള്ളത്. ഇത് നമുക്ക് കൃത്യമായി തെളിയിക്കാന്‍ സാധിക്കും.

  • അങ്ങിനെയാണെങ്കില്‍ മാളികപുറത്തമ്മയെ കുറിച്ച് പ്രചരിച്ച് വരുന്ന ചില കഥകളുണ്ട്. ശബരിമലയിലെ മാളികപുറത്തമ്മ അയ്യപ്പന്റെ കാമുകിയായ ഈഴവ സ്ത്രീയാണെന്നുള്ള കഥയും മറ്റും. ഇത്തരമൊരു വാദത്തിന്റെ ആധികാരികത എത്രത്തോളമാണ്. ?

പ്രചുരപ്രചാരമുള്ള കഥയാണ് കന്നി അയ്യപ്പന്മാര്‍ ശബരിമലയില്‍ വരാത്ത ഒരു കാലത്ത് മാളികപുറത്തമ്മ ശബരിമല അയ്യപ്പനെ കല്ല്യാണം കഴിക്കും എന്ന്. അതൊക്കെ ഒരു ഗോസിപ്പ് എന്നെ പറയാന്‍ സാധിക്കൂ.

മാളികപുറം ക്ഷേത്രം

ഇപ്പോള്‍ പന്തളം കൊട്ടാരത്തില്‍ പോകുകയാണെങ്കില്‍ ആരാണ് മാളികപുറത്തമ്മ എന്ന് ചോദിച്ചാല്‍ അവര് പറയും മധുരമീനാക്ഷിയാണെന്നാണ്. അവര് പാണ്ഡ്യരാണ്. പാണ്ഡ്യരുടെ തേവാര മൂര്‍ത്തിയായ മധുരമീനാക്ഷിയാണ് മാളികപുറത്തമ്മ. അതുകൊണ്ടാണ് അയ്യപ്പന്റെ അമ്മയാണ് എന്നാണ് പറയുന്നത്.

കേരളത്തിന്റെ പഴയ ചരിത്രം നോക്കുമ്പോള്‍ കേരളത്തിലെ പഴയ കാവുകളെല്ലാം അയ്യപ്പനും അമ്മയ്ക്കുമാണ്. മധുരമീനാക്ഷിയാണെന്ന് പറയുമ്പോള്‍ അയ്യപ്പനും അമ്മയും എന്ന പഴയ കാവ് സങ്കല്പത്തെ അവിടെ കാണാന്‍ സാധിക്കും. അവര്‍ക്ക് മധുരമീനാക്ഷിയാവാം കാരണം അവരുടെ ദേവതയെ അവര്‍ക്ക് അവിടെ ആരോപിക്കാം.

വാസ്തവത്തില്‍ മാളികപുറത്തമ്മയാരാണ്. നമ്മുടെ കണ്ടെത്തലില്‍ അത് ശാസ്താവിന്റെ അമ്മയായ കരിനീലിയാണെന്നും അല്ലെങ്കില്‍ കൊട്രെവെ എന്ന് അവിടെ വിളിച്ചിരുന്ന ദേവതയാണെന്നും കണ്ടെത്താന്‍ സാധിക്കും. മാളികപുറത്തമ്മ അയ്യപ്പന്റെ കാമുകിയാണെന്നും ചീരപ്പന്‍ചിറ മൂപ്പന്റെ മകളാണെന്നും ഉള്ള ക്ലെയിം ഉണ്ട്. അത് പിന്നീട് വന്ന ക്ലെയിം ആവാനാണ് സാധ്യത. മറ്റ് പല ക്ലെയിമുകളെയും പോലെ.

  • ശബരിമലയില്‍ ചാത്തനാണ് എന്ന് പറയുമ്പോള്‍ മറ്റ് പലവാദങ്ങളും പറയുന്നുണ്ട്. ശബരിമലയിലെത് ബുദ്ധനാണ് എന്ന് പറയുന്നുണ്ട്. സിദ്ധ പാരമ്പര്യം ആരോപിക്കുന്നുണ്ട്. കേസരി ബാലകൃഷ്ണ പിള്ള പറയുന്നത് നീലകണ്ഠ അവലോകതിശ്വരനാണ് എന്നാണ്. ഇതൊന്നുമല്ല അവിടെ ചാത്തനാണ് എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത് ?

ശബരിമല, വിശ്വാസത്തിന്റെ അടരുകളാണ്. ഒരോ കാലഘട്ടത്തിലും വന്ന വിശ്വാസത്തിന്റെ പാളികള്‍ അസ്യുമിലേറ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ വന്ന ഒന്നാണ് ശാസ്താവ് എന്നത്. വൈദികപ്രാമാണ്യമുള്ള ബ്രാഹ്മണ പൂജയേറ്റ് വാങ്ങുന്ന ഒരു ദേവന്‍. ഇതിന്റെ അടിസ്ഥാനത്തിലേക്ക് പോകുമ്പോള്‍ നമുക്ക് ചാത്തന്‍ എന്നത് കാണാം. ഇപ്പോള്‍ കേരളത്തിന്റെ അല്ലെങ്കില്‍ തമിഴകത്തിന്റെ ആദിമ വിശ്വാസങ്ങള്‍ ഒക്കെ നോക്കുന്ന സമയത്ത് ചാത്തനും കൊട്രെവയും അവിടെയെല്ലാം കാണാന്‍ കഴിയും.

ഇന്ന് കേരളത്തിലെ എല്ലാം ദേവി ക്ഷേത്രങ്ങളിലും പോയാലും ചാത്തനെയും കാണാന്‍ സാധിക്കും. ചാത്തന്‍ എന്ന് പറഞ്ഞാല്‍ ഇന്ന് കാണുന്ന ശാസ്താവ്. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മറ്റൊരു ഭാവത്തിലാണ്. ചാത്തന്റെയും കൊട്രെവെയുടെയും ആലയങ്ങളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്.

108 ചാത്തന്‍ കാവുകളും 108 കൊട്രെവയുടെ ആലയങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അതാണ് പിന്നീട് പരശുരാമ കഥ 108 ദുര്‍ഗാലയങ്ങളും 108 ശാസ്താലയങ്ങളും 108 ശിവാലയങ്ങളുമുണ്ടാക്കി എന്ന് പറയുന്നത്. പരശുരാമന്‍ ഇത് അറിഞ്ഞിട്ടുകൂടിയുണ്ടോ എന്ന് സംശയമാണ്. കാരണം പരശുരാമന്‍ വന്നു എന്നും കേരളം ഉണ്ടാക്കിയെന്നുമുള്ള കഥ വളരെയധികം അതിശയോക്തി നിറഞ്ഞതാണ്. എന്നുമാത്രമല്ല ചട്ടമ്പി സ്വാമികളെ പോലെയുള്ള മഹാമനുഷികള് അത് വെറും ബ്രാഹ്മണവല്ക്കരണത്തിന് വേണ്ടിയുണ്ടാക്കിയ കള്ളക്കഥയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ പാഠപുസ്തകങ്ങളില്‍ പോലും മഴുവെറിഞ്ഞ് കടലുണ്ടാക്കിയെന്ന കഥയുണ്ട്. മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥപോലും അവാസ്തവമാണ്. പതിറ്റിപത്ത് എന്ന കൃതിയില്‍ “കടല്‍പിറകോട്ടിയ വേല്‍കുട്ട്കുഴവന്‍” എന്ന് പറയുന്നുണ്ട്. അതായത് കേരളം എന്തോ എറിഞ്ഞ് നേടിയ ഭൂവിഭാഗമാണെന്ന് കഥ പരശുരാമനും മുമ്പുണ്ട്. വേല്‍കുട്ട്കുഴവന്‍ കുന്തമാണ് എറിഞ്ഞത്. ഇവിടെ ഒറ്റകാര്യമേയുള്ളു വേല്‍കുട്ടുകുഴവന് പകരം പരശുരാമനാക്കി കുന്തത്തിന് പകരം മഴുവാക്കി.

ഇത്തരത്തില്‍ കേരളത്തിലെ പാരമ്പര്യത്തില്‍ ചില അടരുകള്‍ വന്ന് ചേര്‍ന്നതാണ്. കേരളത്തിലെ ചാത്തന്‍ പാരമ്പര്യത്തിലും ഇത്തരത്തില്‍ അടരുകള്‍ വന്നതായി കാണാം. ഇപ്പോള്‍ തമിഴ്നാട്ടിലെ സിദ്ധ പാരമ്പര്യം 18 സിദ്ധമാര്‍ ഉണ്ട്. ഇതില്‍ ഈ പതിനെട്ട് പടികള്‍ പോലും ഈ പാരമ്പര്യത്തില്‍ നിന്നാണോ എന്ന് സംശയമുണ്ട്. മലയരയര്‍ പറയുന്നത് പതിനെട്ട് മലകളാണെന്നാണ്. പക്ഷേ ഈ പതിനെട്ട് എന്ന സംഖ്യ സിദ്ധര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

അതില്‍ അഗസ്ത്യരുടെ ശിഷ്യനായ ഭോഗര്‍ ഭോഗരുടെ ശിഷ്യനായ പുലിപ്പാണിയെ കുറിച്ച് പറയുന്നുണ്ട്. പുലിപ്പാണി പുലിപ്പുറത്താണ് വരുന്നത്. പുലിപ്പാണിക്ക് സിദ്ധവൈദ്യത്തിന്റെ ഒരു ഓഫ് ഷൂട്ട് ഉണ്ട്. അത് പുലിപ്പാണി വൈദ്യം എന്ന് പേരിലാണ് അറിയപ്പെടുന്നത്. ഇന്നും പുലിപ്പാണി പരമ്പരയുണ്ട്. അപ്പോള്‍ ഈ പുലിപ്പാണി വൈദ്യരും അസ്ട്രോളജിസ്റ്റുമാണ്.

ഈ പുലിപ്പാണി പാരമ്പര്യത്തില്‍പ്പെട്ട ഒരു സിദ്ധന്‍ ഈ ഒരു സ്ഥാനത്ത് വന്നിട്ടുണ്ടാകാം. ആ കഥകൂടി ഇതിന്റെ കൂടെ ചേര്‍ന്നിട്ടുണ്ടാകാം. അയ്യപ്പന്‍ പുലിപ്പുറത്ത് പോകുന്ന കഥയൊക്കെ ഒരു പക്ഷേ ഈ പുലിപ്പാണി റഫറന്‍സില്‍ നിന്ന് വരുന്നതായിരിക്കാം. ഇപ്പോള്‍ കെ.എന്‍ ഗണേഷ് എന്ന് പറയുന്ന ചരിത്രകാരന്‍ പറയുന്നുണ്ട് അയ്യപ്പന്‍ പുലിപ്പുറത്ത് പോകുന്ന ഒരു വൈദ്യനായിരുന്നു എന്ന്. അതുകൊണ്ട് സിദ്ധര്‍ വിശ്വസിക്കുന്നത് ഇത് പുലിപ്പാണിയുടെ സമാധിയാണെന്നാണ്.

അതേസമയത്ത് അത് കഴിഞ്ഞിട്ടുള്ള കാലഘട്ടം അതായത് എ.ഡി ഒന്നാം നൂറ്റാണ്ടില്‍, എ.ഡി ഒന്നാം നൂറ്റാണ്ടെന്ന് കൃത്യമായി പറയാന്‍ കാരണം എ.ഡി 78 ല്‍ മഹായാനമെന്നും ഹീനയാനമെന്നും ബുദ്ധമതം രണ്ടായി സ്പ്ലിറ്റായി എന്നാണ് പറയപ്പെടുന്നത് കൊണ്ടാണ്.

ഇതില്‍ ഹീനയാനത്തെ അപേക്ഷിച്ച് മഹായാനം ബുദ്ധനെ ദൈവമായിട്ടാണ് കാണുന്നത്. ബുദ്ധന്‍ മാത്രമല്ല ബോധി സത്വന്മാരും ഉണ്ട് എന്ന് പറയുന്നു. കുറച്ചുകൂടി ഹൈന്ദവ തന്ത്ര പാരമ്പര്യത്തോട് അടുത്ത് നില്‍ക്കുന്ന ഒന്നാണിത്. അത്തരത്തില്‍ നീലകണ്ഠ അവതിശ്വരനാണ് ശബരിമലയില്‍ ഉള്ളതെന്നാണ് ബുദ്ധമതം പറയുന്നത്. അത്തരത്തില്‍ ബുദ്ധനാണെന്ന് പറയുകയാണെങ്കില്‍ അടുത്ത് ഇരിക്കുന്നത് അവര്‍ക്ക് താരയാണ്.

സിദ്ധ പാരമ്പര്യം വരുന്നുണ്ട്, ബൗദ്ധ പാരമ്പര്യം വരുന്നുണ്ട്, അങ്ങിനെ ചാത്തന്‍ എന്ന ആദി പാരമ്പര്യ സങ്കല്പ്പത്തെ ബൗദ്ധവല്‍ക്കരിക്കുകയാണ് ഉണ്ടായത്. ആ ക്ലെയിം ആണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

  • അങ്ങിനെയാണെങ്കില്‍ എപ്പോഴാണ് ഈ ബൗദ്ധ പാരമ്പര്യത്തില്‍ ബ്രാഹ്മണ്യാധിപത്യം കടന്നുവരുന്നതും അതൊരു ഹിന്ദു ക്ഷേത്രമായി മാറുന്നതും ?

ബൗദ്ധ പാരമ്പര്യത്തിന് മേലെ ഈ പറഞ്ഞ അടരുകള്‍ എന്ന് പറഞ്ഞ പോലെ ആദി കാലം മുതല്‍ അവിടെയുള്ള ജനത മല അരയര്‍, ഉള്ളാടര്‍ എന്നിങ്ങനെയാണ്. അവര്‍ക്ക് ചാത്തന്‍ ഒരു പ്രധാനപ്പെട്ട ദേവതയാണ്. മലയരയരുടെ കുല ദൈവം കരികുറ്റിയാന്‍ ആണെന്നാണ് പറയുന്നത്. അദ്ദേഹം അയ്യപ്പന്റെ സഹോദരനാണ്. അദ്ദേഹം കുറച്ച് പ്രശ്നക്കാരനാണെന്നാണ് പറയുന്നത്. കരികുറ്റിയാനെ ആരോ ചതിച്ച് കൊന്നെന്നും അദ്ദേഹത്തിന്റെ പ്രേതം കരിമലയില്‍ പ്രശ്നമുണ്ടാക്കിയെന്നുമാണ് പറയുന്നു. ഈ കരികുറ്റിയാന്‍ നമ്മുടെ ഇതിലേക്ക് വരുമ്പോള്‍ കരിംകുട്ടിയാണെന്ന് കാണാം. അവിടെ ഈ ഫോക്ക് കഥയില്‍ കരികുറ്റിയാന്‍ ആരാണ് എന്നതിന് എന്തോ ഒരു കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നുണ്ട്.

അപ്പോള്‍ അടിസ്ഥാന ജനത പിന്നീട് ബൗദ്ധത്തിലേക്ക് മാറുന്നത് കാണാം. ബൗദ്ധത്തിലേക്ക് മാറുമ്പോള്‍ അവര്‍ക്ക് അത് പ്രശ്നമുള്ളതായി തോന്നില്ല കാരണം. ഇപ്പോള്‍ കാണുന്നത് പോലെ മതസംഘട്ടനത്തിന്റെ പോലെയായിരിക്കില്ല. അപ്പോള്‍ അവര്‍ അതും ആരാധനയുടെ ഭാഗമായി തുടര്‍ന്നിരിക്കണം

അതിന് ശേഷം എ.ഡി 1100ല്‍ ആണ് അയ്യപ്പന്‍ ജനിച്ചതെന്നാണ് മലഅരയര്‍ പറയുന്നത്. പൊന്നമ്പലമേട്ടില്‍ കണ്ടന്‍ എന്ന മലഅരയന്റെയും കറുത്തമ്മ എന്ന മലഅരയ സ്ത്രീയുടെയും മകനായാണ് അയ്യപ്പന്‍ ജനിക്കുന്നത്. കോര്‍മന്‍ എന്ന വെളിച്ചപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം (ഉയര്‍ന്ന ആചാര്യന്‍ എന്നാണ് അവര്‍ പറയുന്നത്) 41 ദിവസത്തെ വ്രതമെടുക്കാന്‍ പറഞ്ഞതിന് പ്രകാരമാണ് അയപ്പന്‍ ജനിച്ചത്. അപ്പോള്‍ ഈ 41 ദിവസത്തെ വൃതം എവിടെ നിന്ന് വന്നു. അയ്യപ്പന് ശേഷമാണ് ശബരിമലയുണ്ടാക്കിയതെങ്കില്‍ ഈ 41 ദിവസം എവിടെ നിന്ന് വന്നു.

അപ്പോള്‍ ഈ ചാത്തന്റെ പാരമ്പര്യത്തിലേക്ക് വരുമ്പോള്‍ 41 ദിവസം ചാത്തന്റെ ആരാധനയില്‍ കാണാന്‍ കഴിയും. ചാത്തന്റെ ആരാധനയിലേ കാണാന്‍ കഴിയുകയുള്ളു. 41 വളരെ പ്രാവശ്യം റിപ്പീറ്റ് ചെയ്യുന്നുണ്ട്.

പന്തളം കൊട്ടാരം ഇന്ന് പറയുന്ന പാണ്ഡ്യര്‍ സംഘര്‍ഷത്തിന്റെ ഭാഗമായി വന്നെന്നും അതല്ല മാലിക് ഖാഫറിന്റെ ആക്രമണത്തെ തുടര്‍ന്നു വന്നുമെന്നുള്ള രണ്ട് കഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ആദ്യം വന്ന കഥ വിശ്വസിച്ചാല്‍ അവര്‍ എത്തിയിരിക്കുന്നത് 12ാം നൂറ്റാണ്ടിലാണെന്ന് മനസിലാക്കാന്‍ സാധിക്കും. പക്ഷേ മലയരയര്‍ പറയുന്നത് 11ാം നൂറ്റാണ്ടിലാണ്.

അപ്പോള്‍ അയ്യപ്പന്‍ എന്ന സങ്കല്‍പ്പം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതിന് തെളിവ് തിരുവനന്തപുരത്തെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പന് കൊടുക്കാനുള്ള നിവേദ്യത്തിന്റെ ലിസ്റ്റിന്റെ ചെപ്പേട് ലഭിച്ചിട്ടുണ്ട് എന്നതാണ്. ആ ചെപ്പേടില്‍ അയ്യപ്പന് ഇത്ര ഇടങ്ങഴി കൊടുക്കണം എന്നുണ്ട്. ആ ചെപ്പേടിന്റെ കാലഘട്ടം പാണ്ഡ്യ രാജവംശം എത്തുന്നതിനും മുമ്പാണ്.

പന്തളം മുന്‍ രാജകുടുംബാഗംങ്ങളുടെ കൂടെ

അതായത് പന്തളത്തുകാരുടെ അയ്യപ്പനും മുമ്പേ അയ്യപ്പന്‍ എന്ന സങ്കല്‍പ്പം ഉണ്ട്. ഒരു പക്ഷേ പന്തളം കുടുംബത്തില്‍ അയ്യപ്പന്‍ എന്ന് പേരുള്ള ഒരു കുട്ടി ജനിച്ചിരിക്കാം. പക്ഷേ ഞാന്‍ കരുതുന്നത് മലഅരയ വിഭാഗത്തില്‍ ജനിച്ച മറവപ്പടയെ തോല്പ്പിച്ച് അവരുടെ ഹീറോ ആയ ഒരാളോടുുള്ള വീരാരാധനയുടെ ഭാഗമായി ഒരു പക്ഷേ പാണ്ഡ്യകുടുംബം ഏറ്റെടുത്തതാവാം എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

രണ്ടാമത്തെ കാര്യം വരുന്നത് ശബരിമല, പന്തളം കുടുംബത്തിന്റെ കൈയ്യിലേക്ക് വരുന്നത്. അന്നത്തെ അധികാരത്തിന്റെ ഭാഗമായി വന്ന് ചേരുകയാണ്. അത് എങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് വ്യക്തമല്ല. മെറ്റീറിന്റെ പുസ്തകത്തില്‍ പറയുന്നത് രണ്ടാമത്തെ താളനാനി അരയന്‍ എന്ന് പറയുന്നയാള്‍ കുടുംബത്തോടെ ക്രിസ്തീയവല്‍ക്കരിക്കപ്പെട്ടെന്നും അത് വഴി ഒരു ക്രിസ്ത്യന്‍ മിഷണറിയുടെ കൈവശം ശബരിമല വന്ന് ചേര്‍ന്നെന്നും പറയുന്നുണ്ട്. ഒരു പക്ഷേ അങ്ങിനെയാവാം ട്രാന്‍സ്ഫര്‍ വന്ന് ചേരുന്നത്. അത് എന്ത് തന്നെയായാലും ചരിത്രം നോക്കി വിശകലനം ചെയ്യേണ്ടതാണ്. എങ്ങിനെയാണ് ശബരിമല അധികാരം കൈമാറി വന്നത് എന്ന്.

ഇത്തരത്തില്‍ അധികാരം കൈമാറി വന്നപ്പോള്‍ താഴമണ്‍ കുടുംബത്തിന് അല്ല ശബരിമലയിലെ താന്ത്രിക അവകാശം പന്തളം കൊട്ടാരം കൊടുത്തിരിക്കുന്നത് എന്ന് കാണാം. അതിന് പന്തളം കൊട്ടാരത്തില്‍ രേഖയുണ്ട്. ആ രേഖ കൊട്ടാരം പുറത്തുവിടണം എന്നാണ് എന്റെ അഭിപ്രായം. കുഴികാട്ടില്‍ ഇല്ലത്തിനാണ് അവകാശം. അവിടെ നിന്ന് താഴമണ്‍ കുടുംബത്തിന് ലഭിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാല്‍ പരശുരാമന്‍ കൊണ്ട് വന്ന് സ്ഥാപിച്ചതല്ല എന്ന് അര്‍ത്ഥം. ഇതിന്റെ രേഖ പന്തളം കൊട്ടാരത്തില്‍ ഉണ്ട്.

  • കുട്ടിചാത്തന് പാരമ്പര്യമായി പിന്തുടരുന്ന വിശ്വാസപരമായോ താന്ത്രികപരമായോ ചെയ്യുന്ന ആചാരങ്ങളും പൂജാ വിധികളുമുണ്ട്. സ്വാഭാവികമായി ശബരിമലയില്‍ അടിസ്ഥാന പ്രതിഷ്ഠ കുട്ടിചാത്തനാണെങ്കില്‍ അത്തരത്തില്‍ പൂജാവിധികള്‍ ചെയ്യാതെ പൂജാവിധികളിലെ വ്യത്യാസം താന്ത്രികപരമായി പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടോ ?

വിശ്വാസപരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് എന്ന് പറയേണ്ടി വരും. ഇപ്പോള്‍ കുട്ടിചാത്തനെ ആരാധിക്കുന്നവരെ സംബന്ധിച്ച് അവരുടെ ദേവത ഇതെല്ലാം കഴിക്കുന്നയാളാണ്. ഇപ്പോള്‍ നിങ്ങള്‍ ഒരു സിംഹത്തിനെ വളര്‍ത്തുമ്പോള്‍ സിംഹത്തിന് അവിയല്‍ അല്ലല്ലോ കൊടുക്കുക. മട്ടനും ചിക്കനുമെല്ലാം ആണ്. അത്തരത്തില്‍ ദേവതയ്ക്ക് ഒരു സ്വഭാവം ഉണ്ട്. ഇത്തരം കാര്യങ്ങള്‍ കഴിക്കുന്ന ദേവതയ്ക്ക് മറ്റ് നിവേദ്യങ്ങള്‍ നല്‍കുന്നതില്‍ തൃപ്തനാവുന്നില്ല എന്നുള്ള പരാതി നിലനില്‍ക്കുന്നുണ്ട്.

അങ്ങിനെ ഒരു ക്ലെയിം നിലനില്‍ക്കുന്നുണ്ട്. അത് തെറ്റാണെന്ന് എങ്ങിനെയാണ് പറയുക. നിങ്ങളുടെ ഒരു വിഭാഗം ജനങ്ങള്‍ നോണ്‍വെജിറ്റേറിയന്‍ കഴിക്കുകയും അത് ഭക്ഷണശീലമായി മാറ്റുകയും ചെയ്യുന്നു. ഹിന്ദുക്കളായിട്ടുള്ള ഒരു വിഭാഗം നിലനില്‍ക്കുമ്പോള്‍ അവരുടെ ദേവത അത് കഴിക്കുന്നവരാവും അല്ലെ. അങ്ങിനെ അല്ലെ വേണ്ടത് അല്ലാതെ അവരുമായി ഒരു ബന്ധവുമില്ലത്ത ദേവതയല്ലേല്ലോ വേണ്ടത്. അപ്പോള്‍ അവര് എന്താണ് പറയുക. ഞങ്ങളുടെ ദേവത ഇതെല്ലാം കഴിക്കും. പക്ഷേ നിങ്ങള്‍ എന്താണ് ചെയ്യുന്നത് പായസവും പഞ്ചാമൃതവും ആണ് നല്‍കുന്നത്. അതില്‍ അദ്ദേഹത്തിന് വിയോജിപ്പുണ്ട്. അതുകൊണ്ട് ശബരിമലയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ദേവതക്ക് വേണ്ടത് കൊടുക്കാത്തത് കൊണ്ടാണ് എന്ന് വരും ………. (അഭിമുഖത്തിന്റെ പൂര്‍ണരൂപത്തിനായി വീഡിയോ കാണുക)

  • കുട്ടിചാത്തന്‍ എന്ന ദേവ സങ്കല്‍പ്പത്തിലേക്ക് വരികയാണെങ്കില്‍ ചാത്തന് പല ചരിത്രവും ഉണ്ട് കേരളത്തിലെ പല സമുദായങ്ങളുടെയും കുലദൈവമാണ് ചാത്തന്‍. ഇതേ ചാത്തന്‍ തന്നെ ബ്രാഹ്മണവല്‍ക്കരിച്ച ചരിത്രം ഉണ്ട്. ഇതേ ചാത്തന്‍ നമ്പൂതിരിക്ക് ഉണ്ടായ മകനാണ് എന്ന കഥയുണ്ട്. അപ്പോള്‍ ഈ ചാത്തനെ ആരാധിക്കുന്നതിന് വേണ്ടി അല്ലെങ്കില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നതിനായിട്ടാണോ ഇത്തരം കഥകള്‍. അല്ലെങ്കില്‍ ഇതില്‍ സത്യത്തിന്റെ അംശം ഉണ്ടോ ?

വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗം ഇപ്പോഴും ആരാധിക്കുന്ന അടിസ്ഥാന മൂര്‍ത്തിയാണ് ചാത്തന്‍. നമ്പൂതിരി വിഭാഗം ഉള്‍പ്പെടെ. നമ്പൂതിരിമാരുടെ തേവാര മൂര്‍ത്തിയായി ചാത്തന്‍ എത്രയോ വീടുകളില്‍ ഉണ്ട്. കോഴിക്കോട് ഈ ചാത്തനാട്ട് ഇല്ലം ഉണ്ട്. ചാത്തനെ നമ്പൂതിരിമാരടക്കം എടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ കൊടുക്കുന്ന പൂജവിധങ്ങള്‍ ഈ പറയുന്ന അടിസ്ഥാന വിഭാഗം കൊടുക്കുന്നപോലെ കള്ളോ ഇറച്ചിയോ കൊടുക്കാറില്ല.

ഒരുപാട് പാരമ്പര്യം ഉണ്ട്…… ദേവതകള്‍ക്ക് പോലും ജാതി നിലനില്‍ക്കുന്നുണ്ട് എന്ന് പറയേണ്ടി വരും (അഭിമുഖത്തിന്റെ പൂര്‍ണരൂപത്തിനായി വീഡിയോ കാണുക)

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.