പ്രവാസി പെന്‍ഷന്‍ സുസ്ഥിരമാകണമെങ്കില്‍...
DISCOURSE
പ്രവാസി പെന്‍ഷന്‍ സുസ്ഥിരമാകണമെങ്കില്‍...
ആര്‍.മുരളീധരന്‍
Tuesday, 3rd February 2026, 11:10 am
സാമ്പത്തികപ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ബോര്‍ഡിന്റെ തലയില്‍ ചാരുന്നതും യഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം ആയിരിക്കില്ല. പ്രവാസി പെന്‍ഷന്‍ പദ്ധതി ഒരു സ്വയംഭരണ സേവിങ്സ് പദ്ധതി അല്ല; ഇത് ഒരു സാമൂഹിക സുരക്ഷാ പ്രതിബദ്ധതയാണ് | ആര്‍ മുരളീധരന്‍ ഡൂള്‍ന്യൂസില്‍ എഴുതുന്നു

ദശകങ്ങളോളം മണലാരണ്യത്തില്‍ പണിയെടുത്ത് ജീവിതത്തിന്റെ അവസാനകാലത്ത് നാട്ടിലേക്ക് മടങ്ങിവരുന്ന ഒരു സാധാരണ പ്രവാസിമലയാളിക്ക് പെന്‍ഷന്‍ എന്നത് കേവലം ആഡംബരമല്ല, ഒരു ജീവന്‍ രക്ഷാ ഔഷധം തന്നെയാണ്.

2008ല്‍ കേരള നിയമസഭ പാസ്സാക്കിയ പ്രവാസി ക്ഷേമ നിയമത്തിന്റെയും 2009ലെ പ്രവാസിക്ഷേമ പദ്ധതിയുടെയും അടിസ്ഥാനത്തില്‍ നിലവില്‍ വന്ന പ്രവാസി ക്ഷേമ ബോര്‍ഡ് (KNRKWB) നടപ്പാക്കിവരുന്ന ഈ പദ്ധതി പ്രവാസി സമൂഹത്തോടുള്ള ഈ നാടിന്റെ സ്‌നേഹവായ്പ്പിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പ്രതീകം കൂടിയാണ്.

പ്രവാസി ക്ഷേമ ബോര്‍ഡ്

എന്നാല്‍ സമീപകാല സാമ്പത്തിക വെളിപ്പെടുത്തലുകളും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റ് നിര്‍ദേശങ്ങളും പ്രവാസി ക്ഷേമ ബോര്‍ഡിന്റെ തന്നെ ചില ഭരണനടപടികളും ഈ സംവിധാനം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്നതില്‍ ഗൗരവമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു.

സര്‍ക്കാരില്‍ നിന്നും പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നുമുള്ള അടുത്തകാലത്തെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ കാണിക്കുന്നത് പ്രവാസി പെന്‍ഷന്‍ സംവിധാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്നതാണ്.

2025 സെപ്റ്റംബര്‍ 29ന് ബോര്‍ഡ് പുറത്തിറക്കിയ അറിയിപ്പുപ്രകാരം, ക്ഷേമബോര്‍ഡിന്റെ പ്രതിമാസവരുമാനം വെറും 12-16 കോടി രൂപ മാത്രമാണെങ്കില്‍, ചെലവ് ഏകദേശം 28 കോടിയാണ്. വരവിലുണ്ടാകുന്ന ഈ കുറവ് നികത്തുന്നത് ബോര്‍ഡിന്റെ സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിച്ചുകൊണ്ടാണ്.

മൂലധനനിക്ഷേപങ്ങള്‍ പിന്‍വലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം നടത്തുന്നത് മരത്തിന്റെ ശിഖരത്തിലിരുന്നുകൊണ്ട് അടിത്തറയില്‍ കത്തിവയ്ക്കുന്നതിന് സമാനമാണ്. ഒരിക്കല്‍ ഈ സ്ഥിരനിക്ഷേപം അവസാനിച്ചുകഴിഞ്ഞാല്‍ പെന്‍ഷന്‍ വിതരണം സമ്പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയിലെത്തും.

2024 ജൂലൈയില്‍ ബോര്‍ഡിനുവേണ്ടി മുംബയിലെ Radgo & Company പുറത്തിറങ്ങിയ ആക്ച്വറിയല്‍ (Actuarial) മൂല്യനിര്‍ണയ റിപ്പോര്‍ട്ട് ബോര്‍ഡിന്റെ ദുര്‍ബലമായ ധനസ്ഥിതി പുറത്തുകൊണ്ടുവരുന്നുണ്ട്.

പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും, അവരുടെ ശരാശരി ആയുസ്സ് കൂടുന്നതും, ധനസ്രോതസ്സായി അംഗങ്ങളുടെ അംശാദായങ്ങളില്‍ അമിതമായി ആശ്രയിക്കുന്നതുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കാലക്രമേണ ഫണ്ടിന്റെ നിക്ഷേപശേഖരം മുഴുവന്‍ ക്ഷയിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു.

ആക്ച്വറിയല്‍ വിലയിരുത്തലുകള്‍ ധനസ്ഥിതിയെക്കുറിച്ചുള്ള കേവല അനുമാനങ്ങള്‍ അല്ല; നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണത്തിന്റെയും വരുമാന സ്രോതസ്സുകളുടെ അവസ്ഥയുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന സാങ്കേതിക പ്രവചനങ്ങളാണ്.

പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാതെ അവയെ അവഗണിക്കുന്നത് അധികം അകലെയല്ലാതെ സംഭവിക്കാനിടയുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.

2008ലെ നിയമത്തില്‍ തന്നെ ഘടനാപരമായ വലിയൊരു പിശകുണ്ട്. പെന്‍ഷന്‍ ഫണ്ടിലേക്ക് രണ്ട് ശതമാനമാണ് സര്‍ക്കാരിന്റെ വിഹിതമായി നിര്‍ദേശിച്ചിരിക്കുന്നത്. അതായത് 300 രൂപ അംശാദായമായി ഒരു പ്രവാസി പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കുമ്പോള്‍ സര്‍ക്കാര്‍ കൊടുക്കേണ്ടത് കേവലം 6 രൂപ മാത്രമാണ്.

ഒന്നാമതായി ഈ തുക സര്‍ക്കാര്‍ ബോര്‍ഡിന് കൊടുക്കുന്നോ എന്ന കാര്യത്തില്‍പോലും സുതാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇനി അഥവാ ഈ തുക കൊടുക്കുന്നുണ്ടെങ്കില്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ തീരെ അപര്യാപ്തമാണ്.

2008ല്‍ ഈ നിയമം നിര്‍മിക്കുമ്പോള്‍ മടങ്ങിവന്ന പ്രവാസികള്‍ ഒരു സാമൂഹ്യശക്തിയായി മാറിയിട്ടുണ്ടായിരുന്നില്ല. പെന്‍ഷന്‍ പദ്ധതിയില്‍ ആദ്യത്തെ അര ദശാബ്ദക്കാലത്ത് അംഗത്വമെടുത്തവരുടെ എണ്ണവും കുറവായിരുന്നു, ബോര്‍ഡിന്റെ ചെലവും കുറവായിരുന്നു. എന്നാല്‍ ഇന്ന് 8 ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ട്; പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 80,000 വരും.

എണ്ണം മാസാമാസം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. അംഗങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന അംശാദായവും പഴയ സ്ഥിരനിക്ഷേപവും കൊണ്ട് തത്കാലം പിടിച്ചുനില്‍ക്കാമെങ്കിലും സ്ഥിരനിക്ഷേപം തീരുന്നതോടെ ബോര്‍ഡ് വന്‍ പ്രതിസന്ധിയിലേക്ക് പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇത് കാലേക്കൂട്ടി മനസ്സിലാക്കി പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനുപകരം യുക്തിരഹിതമായ ന്യായീകരണങ്ങള്‍ വഴി ബോര്‍ഡിനെ വെള്ളപൂശിക്കൊണ്ടിരിക്കുകയാണ് അതിന്റെ ചെയര്‍മാനും അംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും. ചെറിയ ചെറിയ പിശകുകള്‍ കണ്ടെത്തി പ്രവാസികള്‍ക്ക് പെന്‍ഷന്‍ കൊടുക്കാതെ എങ്ങനെ അവരെ ഒഴിവാക്കാം എന്നതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണവര്‍.

പ്രവാസിക്ഷേമനിയമം ഒരു ‘ക്ഷേമനിയമം’ ആണെന്നും അത് ഉദാരമായാണ് വ്യാഖ്യാനിക്കേണ്ടതെന്നും ബോര്‍ഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പലപ്പോഴും മറന്നുപോകുന്നുണ്ട്.

ഇതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. ഈ നടപടികള്‍ പ്രവാസികളില്‍ രോഷവും നിരാശയും മാത്രമല്ല, ക്ഷേമബോര്‍ഡിനോടുള്ള വിശ്വാസനഷ്ടവും സൃഷ്ടിക്കുന്നുണ്ട്. വിശ്വാസമാണ് ഏതൊരു ക്ഷേമപദ്ധതിയുടെയും അടിസ്ഥാനം.

അംശാദായം അടച്ചാല്‍ പോലും സംരക്ഷണം ഉറപ്പില്ലെന്ന ധാരണ രൂപപ്പെടുമ്പോള്‍, ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരും. ബോര്‍ഡിന്റെ ഈ സമീപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും, അംശാദായ അടിത്തറ ചുരുക്കുകയും, ബോര്‍ഡിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും.

സുസ്ഥിരത ഉറപ്പാക്കേണ്ട ഭരണനടപടികള്‍ തന്നെ അസ്ഥിരത വര്‍ധിപ്പിക്കുന്ന അവസ്ഥയാണ് നിലവില്‍ രൂപപ്പെടുന്നത്. പെന്‍ഷന് പുറമേ, ചികിത്സാ സഹായം, വിവാഹ സഹായം മരണാനന്തര സഹായം തുടങ്ങി നിരവധി ക്ഷേമപരിപാടികള്‍ പ്രവാസി ക്ഷേമനിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം അതൊന്നും ഇപ്പോള്‍ ബോര്‍ഡ് ചെയ്യുന്നില്ല.

ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നിയമത്തിലെ സെക്ഷന്‍ 8 അനുസരിച്ചുള്ള ഫണ്ട് പ്രയോജനപ്പെടുത്താമെന്ന വ്യവസ്ഥ നിയമത്തില്‍ ഉണ്ടെങ്കിലും അത്തരമൊരു ഫണ്ട് രൂപീകരിക്കാന്‍ ബോര്‍ഡിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.

അപ്രകാരമൊരു ഫണ്ട് രൂപീകരിച്ചിരുന്നെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കമ്പനികളുടെ CSR വിഹിതത്തില്‍ നിന്നും ഒക്കെ ധനസമാഹരണം നടത്താന്‍ ബോര്‍ഡിന് കഴിയുമായിരുന്നു. ഈ വിഷയത്തിലുള്ള ബോര്‍ഡിന്റെ അനാസ്ഥയാണിത് കാണിക്കുന്നത്.

അതേസമയം സാമ്പത്തികപ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ബോര്‍ഡിന്റെ തലയില്‍ ചാരുന്നതും യഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം ആയിരിക്കില്ല. പ്രവാസി പെന്‍ഷന്‍ പദ്ധതി ഒരു സ്വയംഭരണ സേവിങ്സ് പദ്ധതി അല്ല; ഇത് ഒരു സാമൂഹിക സുരക്ഷാ പ്രതിബദ്ധതയാണ്.

സര്‍ക്കാര്‍ ഭാഗത്തുനിന്ന് സ്ഥിരമായതും ബഡ്ജറ്റില്‍ ഉള്‍പ്പെടുന്നതുമായ ധനപിന്തുണ (ഇപ്പോഴത്തെ 2 ശതമാനത്തില്‍ നിന്നും ഗണ്യമായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്), ആക്ച്വറിയല്‍ കണക്കുകളോട് ഒത്തുനില്‍ക്കുന്ന സംഭാവന വര്‍ദ്ധന, സ്‌പെഷ്യല്‍ എയ്ഡ് ഫണ്ട് പോലുള്ള സംവിധാനങ്ങളുടെ രൂപീകരണം ഇവ ഇല്ലാതെ പദ്ധതി രക്ഷപ്പെടില്ല.

കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി (2023-24 മുതല്‍ 2026-27 വരെ) കേരള സംസ്ഥാന ബജറ്റുകള്‍ പരിശോധിക്കുമ്പോള്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും, പ്രത്യേകിച്ച് പെന്‍ഷന്‍ പദ്ധതിയുടെ സാമ്പത്തിക സ്ഥിരതയ്ക്കുമായി നല്‍കുന്ന നേരിട്ടുള്ള ബജറ്റ് സഹായം വര്‍ഷം തോറും കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്.

ഇതില്‍നിന്നും ദീര്‍ഘകാല പെന്‍ഷന്‍ ബാധ്യതകളുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ബോധപൂവം പിന്നോട്ട് പോകുന്നതായാണ് മനസ്സിലാകുന്നത്.

അതുപോലെതന്നെ വകുപ്പിനാവശ്യമുള്ള മതിയായ വിഹിതം ധനകാര്യവകുപ്പില്‍ നിന്നും ചോദിച്ചുവാങ്ങാന്‍ നോര്‍ക്ക വകുപ്പിന് കഴിയാത്തതോ അതിനുള്ള പ്രൊപ്പോസലുകള്‍ സമയാസമയങ്ങളില്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതോ കാരണങ്ങളാകാം.

പ്രവാസി ക്ഷേമനിധിയും അതിന്റെ പെന്‍ഷന്‍ പദ്ധതിയും സാമ്പത്തികമായും ഭരണപരമായും വിശ്വാസപരമായും ഒരു നിര്‍ണായക വഴിത്തിരിവിലാണ് നില്‍ക്കുന്നത്. സര്‍ക്കാരിന്റെയും ക്ഷേമബോര്‍ഡിന്റെയും സമയോചിതമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍, പ്രവാസികള്‍ക്ക് നല്‍കുന്ന സാമൂഹികസുരക്ഷയെന്ന വാഗ്ദാനം ക്രമേണ ദുര്‍ബലപ്പെടാനുള്ള സാധ്യതയുണ്ട്.

അതിനാല്‍, ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങളും, സുതാര്യവും നീതിയുക്തവുമായ ഭരണനടപടികളും, സര്‍ക്കാരിന്റെ ശക്തമായ ധനപിന്തുണയും അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്.

കേരളത്തിന്റെ സമ്പദ്ഘടന വികസിപ്പിക്കുന്നതില്‍ നിര്‍ലോഭമായ സംഭാവനകള്‍ നല്‍കിയ പ്രവാസി സമൂഹത്തിന്റെ വാര്‍ധക്യകാല സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

 

Content Highlight: R Muraleedharan writes about expatriate welfare

 

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു