സൂര്യയുടേതായി ഇനി റിലീസാകനുള്ള ചിത്രമാണ് കറുപ്പ്. മൂക്കുത്തി അമ്മന് ശേഷം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് നീണ്ടുപോയി. അടുത്തിടെയാണ് കറുപ്പിന്റെ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയായത്.

ആര്‍.ജെ ബാലാജി Photo: Screen grab/ Cineulagam

ചിത്രത്തെക്കുറിച്ച് കഴിഞ്ഞദിവസം ആര്‍.ജെ ബാലാജി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചെന്നൈയില്‍ സ്വകാര്യ കോളേജില്‍ വെച്ച് നടന്ന ചടങ്ങിലാണ് സംവിധായകന്‍ കറുപ്പിനെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിന്റെ ഫൈനല്‍ കട്ട് നിര്‍മാതാക്കളടക്കം എല്ലാ അണിയറപ്രവര്‍ത്തകരും കണ്ടെന്നും എല്ലാവര്‍ക്കും സന്തോഷമായെന്നും ബാലാജി പറഞ്ഞു.

‘ഈ സിനിമയുടെ ഫൈനല്‍ ഔട്ടിനെക്കുറിച്ച് ആദ്യം സംസാരിച്ചത് സായ് അഭ്യങ്കറാണ്. അവന് ഈ സിനിമയില്‍ വലിയ പ്രതീക്ഷയാണ്. ഈ സിനിമയിലേക്ക് സായ് വന്നത് തന്നെ രസകരമാണ്. ആദ്യം കറുപ്പില്‍ മ്യൂസിക് ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് റഹ്‌മാന്‍ സാറിനെയായിരുന്നു. അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ റഹ്‌മാന്‍ സാറിന്റെ പേരുണ്ടായിരുന്നു. പക്ഷേ, ബാക്കി വര്‍ക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം പിന്മാറി. എനിക്കത് വലിയ വിഷമമുണ്ടാക്കിയിരുന്നു.

പക്ഷേ, ഷോ മസ്റ്റ് ഗോ ഓണ്‍ എന്നാണല്ലോ. റഹ്‌മാന്‍ സാറിന് പകരം ആര് എന്ന ചോദ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പ്രൊഡ്യൂസറായ സന്തോഷ് സാറിനോട് ഞാനാണ് സായ്‌യുടെ പേര് പറഞ്ഞത്. അന്ന് സായ് ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങള്‍ മാത്രമേ ചെയ്യുന്നുണ്ടായിരുന്നുള്ളൂ. അവനെ ആദ്യമായി സിനിമയിലേക്കെടുത്തത് ഞങ്ങളാണ്. അവന്റെ വളര്‍ച്ച കാണുമ്പോള്‍ എനിക്ക് ജാവാ സുന്ദരേശന്‍ എന്ന കഥാപാത്രത്തെ ഓര്‍മവരും. ഇപ്പോള്‍ കൈനിറയെ സിനിമയാണ് അവന്,’ ബാലാജി പറയുന്നു.

കറുപ്പ് സൂര്യക്ക് വേണ്ടി മാത്രം എഴുതിയ കഥയാണെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. ഈ കഥ വിജയ്ക്ക് വേണ്ടിയാണ് ആദ്യം എഴുതിയതെന്ന് ചിലര്‍ പറയുന്നത് കണ്ടെന്നും എന്നാല്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഥ പറയാന്‍ സൂര്യയുടെ അടുത്ത് എത്തിയപ്പോള്‍ ആദ്യ നറേഷനില്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞെന്നും ബാലാജി പറയുന്നു.

‘ഈ സിനിമയുടെ കഥയെക്കുറിച്ച് ഒരുപാട് മീമുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പകല്‍ അഡ്വക്കേറ്റായും രാത്രി കറുപ്പ് സാമിയായും മാറുന്ന കഥാപാത്രമാണ് സൂര്യ സാറിന്റേതെന്നാണ് ചില മീമുകള്‍. പക്ഷേ, അതൊക്കെ തെറ്റാണ്. സിനിമയുടെ കഥ എന്താണെന്നും എങ്ങനെ എടുത്ത് വെച്ചിട്ടുണ്ടെന്നും അറിയാന്‍ ഏപ്രില്‍ വരെ കാത്തിരിക്കണം,’ ആര്‍.ജെ ബാലാജി പറഞ്ഞു.

Content Highlight: R J Balaji saying Sai Abhyankar is highly talented

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ