ഇന്ത്യയിലെ ചില കോടതികള്‍ അടുത്തിടെ പുറപ്പെടുവിച്ച വിധികള്‍ പലരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സമത്വവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കേണ്ട നീതിന്യായ വ്യവസ്ഥയില്‍ ചില ന്യായാധിപന്മാര്‍ സമൂഹത്തെ പിന്നോട്ട് നടത്തിക്കുന്ന നിരീക്ഷണങ്ങളാണ് നടത്താറുള്ളത്. പീഡനക്കേസുകളില്‍ അതിജീവിതമാരെ കുറ്റപ്പെടുത്തുന്ന വാര്‍ത്തകള്‍ അടുത്തിടെയായി സ്ഥിരം കാഴ്ചയാണ്.
വലതുപക്ഷ, സംഘപരിവാര്‍ അനുഭാവമുള്ള ജഡ്ജിമാരാണ് ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നത്. സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോഴെല്ലാം തനിക്ക് പ്രൊമോഷന്‍ ലഭിക്കാറുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം വൈറലായിരുന്നു. ഇത്തരം ന്യായാധിപന്മാരെ തന്നാലാകും വിധം പരിഹസിക്കുകയാണ് തമിഴ് സംവിധായകന്‍ ആര്‍.ജെ ബാലാജി കറുപ്പ് എന്ന ചിത്രത്തിലൂടെ.
നട്ടി (നടരാജ സുബ്രഹ്‌മണ്യം) Photo: Screen grab/ Think Music India
കുത്തഴിഞ്ഞ് കിടക്കുന്ന, കാശ് കൊടുത്താല്‍ മാത്രം നീതി നടപ്പാകുന്ന കോടതിയാണ് കറുപ്പിന്റെ കഥാപരിസരം. ഒരുകൂട്ടം ഗുണ്ടകളെ വക്കീലന്മാരായി കൊണ്ടുനടക്കുന്ന ബേബി കണ്ണന്‍ എന്ന അഡ്വക്കേറ്റാണ് ഈ കോടതിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ബേബി കണ്ണന്റെ കൈയില്‍ നിന്ന് പണം വാങ്ങി വിധി പുറപ്പെടുവിക്കുന്ന ജഡ്ജായി വേഷമിടുന്നത് നട്ടി (നടരാജ സുബ്രഹ്‌മണ്യം)യാണ്.
സമൂഹം മുന്നോട്ട് കുതിക്കുമ്പോഴും പഴയകാല ചിന്തകളില്‍ ജീവിച്ച് അത് മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നയാളാണ് ജഡ്ജിയെന്ന് ചുരുങ്ങിയ സീനുകള്‍ കൊണ്ട് സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. മുല്ലപ്പൂ ധരിച്ച് അത്യാവശ്യം മേക്കപ്പ് ചെയ്തുവന്ന കീഴുദ്യോഗസ്ഥയോട് ‘ഇവിടെയെന്താ കല്യാണത്തിന് വന്നതാണോ’ എന്നാണ് ഈ കഥാപാത്രം ചോദിക്കുന്നത്.
നട്ടി (നടരാജ സുബ്രഹ്‌മണ്യം), അനഘ Photo: Screen grab/ Think Music India
അനഘ രവി അവതരിപ്പിച്ച ബിനു എന്ന കഥാപാത്രം കോടതിയെ ചോദ്യം ചെയ്യുമ്പോള്‍ ജഡ്ജ് അവളെ കുറ്റപ്പെടുത്തുന്നത് അവളുടെ വസ്ത്രധാരണം കൊണ്ടാണ്. സ്ലീവ്‌ലെസ് ഡ്രസ് ധരിച്ച് കോടതിയില്‍ വരാന്‍ പാടില്ലെന്നും മാന്യമായി വസ്ത്രം ധരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നടക്കില്ലെന്നുമാണ് ജഡ്ജ് പറയുന്നത്. കോടതിയെ വിമര്‍ശിച്ചതിന് ഒരുദിവസത്തെ ജയില്‍വാസവും ഇയാള്‍ വിധിക്കുന്നുണ്ട്.
മറ്റൊരു സീനില്‍ ആര്‍.ജെ ബാലാജി അവതരിപ്പിച്ച ബേബി കണ്ണനോട് സംസാരിക്കുമ്പോള്‍ അയാളുടെ മറ്റൊരു മുഖവും വ്യക്തമാകുന്നുണ്ട്. ബേബി കണ്ണന്‍ എന്ന പേര് കേട്ടിട്ട് അയാള്‍ ‘കണ്‍വേര്‍ട്ടഡ്’ ആണോ എന്നാണ് ചോദിക്കുന്നത്. പേര് കേട്ട് ഒരാളുടെ ജാതിയും മതവും ഏതാണെന്ന് ചോദിക്കുന്ന സംഘപരിവാര്‍ മനസ്സാണ് ഇയാള്‍ക്കെന്നും സംവിധായകന്‍ പറയാതെ പറയുന്നുണ്ട്.
സംഘപരിവാര്‍ ആശയങ്ങളെ വിമര്‍ശിക്കുന്ന സീനുകളെല്ലാം ഒഴിവാക്കാന്‍ സെന്‍സില്ലാത്ത സെന്‍സര്‍ ബോര്‍ഡ് കിണഞ്ഞ് പരിശ്രമിക്കുന്ന കാലത്ത് ഇത്തരം ഇന്‍ഡയറക്ട് ട്രോളുകള്‍ കൊണ്ടുവരുന്ന ബാലാജിയെപ്പോലുള്ള സംവിധായകര്‍ നല്ലൊരു പ്രതീക്ഷയാണ് നല്‍കുന്നത്.
Content Highlight: R J Balaji lightly trolled Sangh Parivar supporting Judges in Karuppu movie