| Tuesday, 31st December 2024, 2:17 pm

കാതല്‍ എന്ന സിനിമ ചര്‍ച്ചയായതിനെക്കാള്‍ എന്നെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു: ആര്‍.ജെ. ബാലാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ബാലാജിയാണ്.

കഴിഞ്ഞ വര്‍ഷം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട കാതല്‍ ദി കോറിനെപ്പറ്റി സംസാരിക്കുകയാണ് ആര്‍.ജെ. ബാലാജി. അടുത്തിടെ താന്‍ ഒരു റൗണ്ട് ടേബിള്‍ വീഡിയോ കണ്ടിരുന്നെന്നും അതില്‍ ഒരുപാട് മികച്ച സംവിധായകര്‍ പങ്കെടുത്തിരുന്നെന്നും ബാലാജി പറഞ്ഞു. ആ ചര്‍ച്ചയില്‍ ഒരു മുന്‍നിര സംവിധായകന്‍ തന്റെ സിനിമയില്‍ വലിയൊരു സ്റ്റാറിനെ വെച്ച് ഇതുവരെ ചെയ്യാത്ത കാര്യം കഷ്ടപ്പെട്ട് ചെയ്യിച്ച കാര്യം പങ്കുവെച്ചെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റ് കീഴടക്കിയതുപോലെ കഷ്ടമായിരുന്നു അതെന്ന് ആ സംവിധായകന്റെ സംസാരത്തില്‍ നിന്ന് മനസിലായെന്ന് ബാലാജി പറഞ്ഞു. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ആ സമയത്ത് ജിയോ ബേബി മിണ്ടാതെ ഇരുന്നതാണെന്നും അയാള്‍ ചെയ്ത സിനിമ ഒരുപാട് ചര്‍ച്ചയായെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. കാതല്‍ പോലെ ഒരു സിനിമ സംവിധാനം ചെയ്ത ജിയോ ബേബി താന്‍ ചെയ്തത് വലിയ കാര്യമാണെന്ന് ഒരിടത്തും പറഞ്ഞ് നടന്നില്ലെന്നും ബാലാജി പറഞ്ഞു.

മമ്മൂട്ടിയെപ്പോലെ ഒരു ഇന്‍ഡസ്ട്രിയുടെ സൂപ്പര്‍സ്റ്റാറിനെ ഹോമോസെക്ഷ്വലായി അവതരിപ്പിക്കുകയും അത് ഒരുപാട് ചര്‍ച്ചയാവുകയും ചെയ്തത് വലിയ കാര്യമാണെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. ആ സിനിമ കൊമേഴ്‌സ്യലി സക്‌സസ് ആവുകയും ചെയ്തു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ബാലാജി പറഞ്ഞു. ഗലാട്ടാ തമഴിനോട് സംസാരിക്കുകയായിരുന്നു ആര്‍.ജെ ബാലാജി.

‘ഈയടുത്ത് ഞാന്‍ ഒരു റൗണ്ട് ടേബിള്‍ വീഡിയോ കണ്ടിരുന്നു. ഇന്ത്യയിലെ മികച്ച സംവിധായകരായിരുന്നു ആ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു സംവിധായകന്‍ തന്റെ കഴിഞ്ഞ ചിത്രത്തില്‍ ഒരു മുന്‍നിര നടനെവെച്ച് കുറച്ച് ചാലഞ്ചിങ്ങായിട്ടുള്ള സീന്‍ ചെയ്തതിനെപ്പറ്റി സംസാരിച്ചു. അയാള്‍ എന്തോ എവറസ്റ്റ് കീഴടക്കിയ സംതൃപ്തിയിലാണ് അത് പറഞ്ഞത്. ഇതെല്ലാം കേട്ടുകൊണ്ട് മലയാളത്തിലെ സംവിധായകന്‍ ജിയോ ബേബി അയാളുടെ അടുത്ത് ഇരിപ്പുണ്ടായിരുന്നു.

കാതല്‍ പോലെ ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമയെടുത്ത ആളാണ് ജിയോ ബേബി. അതും മമ്മൂട്ടിയെപ്പോലെ ഒരു ഇന്‍ഡസ്ട്രിയുടെ സൂപ്പര്‍സ്റ്റാറിനെ ഹോമോസെക്ഷ്വലായി അവതരിപ്പിക്കുക എന്ന വലിയ ടാസ്‌കാണ് അയാള്‍ ചെയ്തത്. എന്നിട്ടും താന്‍ ചെയ്തത് എന്തോ വലിയ കാര്യമാണ് എന്ന് പറഞ്ഞ് നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുമാത്രമല്ല, കാതല്‍ എന്ന സിനിമ കൊമേഴ്‌സ്യലി സക്‌സസ് ആവുകകൂടി ചെയ്തിട്ടുണ്ട്. അതൊക്കെയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.’ ബാലാജി പറയുന്നു.

Content Highlight: R J Balaji about Kaathal movie and Jeo Baby

We use cookies to give you the best possible experience. Learn more