വിദേശ പിച്ചുകളിൽ അവൻ പരാജയമാവും: ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് അശ്വിൻ
Cricket
വിദേശ പിച്ചുകളിൽ അവൻ പരാജയമാവും: ഇന്ത്യൻ സൂപ്പർ താരത്തെക്കുറിച്ച് അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2024, 4:21 pm

വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ യുവ താരം യശ്വസി ജെയ്സ്വാളിന്റെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ജെയ്സ്വാള്‍ വലിയ വെല്ലുവിളികള്‍ നേരിടുമെന്നാണ് അശ്വിന്‍ പറഞ്ഞത്.

‘ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചാല്‍ മാത്രമേ ജെയ്സ്വാള്‍ ഒരു മികച്ച താരമായി വാഴ്ത്തപ്പെടു എന്ന് പല ആളുകളും പറയുമ്പോള്‍ എനിക്ക് അതൊരു പരിഹാസമായി തോന്നുന്നു. എന്താണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം ഹോം ഗ്രൗണ്ടില്‍ അവന്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ തീര്‍ച്ചയായും ജെയ്‌സ്വാള്‍ ഒരു ക്ലാസ് പ്ലെയറാണ്.

ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ അവന്‍ വെല്ലുവിളികള്‍ നേരിടും. മത്സരങ്ങളില്‍ പരാജയപ്പെടുമ്പോള്‍ അവന്‍ അത് എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ശ്രദ്ധിക്കേണ്ടത്. ഓരോ പരാജയങ്ങളും നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കാരണമാക്കും. ഓരോ പരാജയങ്ങളും ഒരു പാഠമായ ഉള്‍ക്കൊള്ളുകൊണ്ട് കളി മെച്ചപ്പെടുത്തിയാല്‍ അവന്‍ നിലവില്‍ കളിക്കുന്ന താരങ്ങളെക്കാള്‍ മികച്ച താരമാവും ഓസ്‌ട്രേലിയയില്‍ കളിക്കാനുള്ള എല്ലാ ടെക്‌നിക്കുകളും അവന്റെ കൈകളിലുണ്ട്,’ അശ്വിന്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 700ലധികം റണ്‍സാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്.

അതേസമയം നിലവില്‍ അശ്വിനും ജെയ്‌സ്വാളും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ്. നിലവില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടിലും വിജയിച്ചുകൊണ്ട് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.

ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: R. Ashwin talks about yashasvi jaiswal