2025 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇ ആണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും എതിരാളികള്‍. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ യു.എ.ഇയെ നേരിടാനൊരുങ്ങുന്നത്.
എന്നാല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമിലെത്തിയതോടെ നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്നു. പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയൊരു സര്‍പ്രൈസാകും ഒരുക്കിവെച്ചതെന്ന് ഉറപ്പാണ്.
എന്നാല്‍ ഇന്ത്യയ്ക്ക് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ശുഭ്മന്‍ ഗില്ലിന്റെതും അഭിഷേക് ശര്‍മയുടേതുമാകുമെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വന്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു ഭാഗത്തുണ്ടെങ്കിലും ശുഭ്മന്‍ ഗില്ലും അഭിഷേകും ഓപ്പണിങ് കോമ്പിനേഷന്‍ ഇറങ്ങിയാല്‍ ആളുകള്‍ ഭയപ്പെടുമെന്നാണ് അശ്വിന്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞതില്‍ തനിക്ക് തന്റേതായ കാരണങ്ങളുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇങ്ങനെ പറയാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അവന്റെ ബാറ്റിങ് സ്ഥാനത്തെക്കുറിച്ചുള്ള ചില സംസാരങ്ങള്‍ ഉണ്ടാകുമെന്ന് അവനറിയാം. സംസാരം ആകാം, പക്ഷേ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍യുമുള്ള ഓപ്പണിങ് കോമ്പിനേഷന്‍ കണ്ട് ആളുകള്‍ ഭയപ്പെടും,’ അശ്വിന്‍ പറഞ്ഞു.