ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. താരത്തിന് അര്‍ഹമായ പരിഗണന നല്‍കാത്തതുകൊണ്ടാണ് പരമ്പരയ്ക്ക് ഇടയില്‍ വിരമിക്കാന്‍ കാരണമെന്ന് പല സീനിയര്‍ താരങ്ങളും പറഞ്ഞിരുന്നു.
മാത്രമല്ല അശ്വിന്റെ അപ്രതീക്ഷിതമായ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതോടെ അശ്വിന്‍ തന്റെ വിരമിക്കലിന് ശേഷമുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയാണ്.
‘നിങ്ങള്‍ക്കറിയാവുന്നതുപോലെ പെട്ടെന്ന് ഉണ്ടായ തീരുമാനമാണിത്. ഒരാള്‍ തന്റെ ജോലി പൂര്‍ത്തിയായെന്ന് ചിന്തിച്ചാല്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ആളുകള്‍ പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും വസ്തുതയല്ല. ആദ്യ ടെസ്റ്റ് ഞാന്‍ കളിച്ചില്ല.
രണ്ടാം ടെസ്റ്റ് കളിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് കളിച്ചില്ല. അടുത്ത ടെസ്റ്റ് ഞാന്‍ കളിക്കാനും കളിക്കാതിരിക്കാനും സാധ്യതയുണ്ടായിരുന്നു. ഞാന്‍ എന്റെ ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നവനാണ്. അത് നഷ്ടപ്പെട്ടപ്പോള്‍ വിരമിച്ചു,’ രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു.
പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് കളത്തിലിറക്കിയത്. പരമ്പരയില്‍ രണ്ടാമത് നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഒരുന്നിങ്‌സില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 106 മത്സരങ്ങളിലെ 200 ഇന്നിങ്സില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 116 മത്സരത്തിലെ 114 ഇന്നിങ്സില്‍ നിന്ന് 156 വിക്കറ്റും ടി-20ഐയില്‍ 65 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടി.