നിങ്ങളെക്കാള്‍ മികച്ചവന്‍ എന്തായാലും ഉണ്ടാകുമെന്ന കാര്യം അംഗീകരിക്ക്; ഹര്‍ഭജനെതിരെ അശ്വിന്റെ ഒളിയമ്പ്
Sports News
നിങ്ങളെക്കാള്‍ മികച്ചവന്‍ എന്തായാലും ഉണ്ടാകുമെന്ന കാര്യം അംഗീകരിക്ക്; ഹര്‍ഭജനെതിരെ അശ്വിന്റെ ഒളിയമ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th March 2023, 10:26 pm

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിങ്ങിനെ വിമര്‍ശിച്ച് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഹര്‍ഭജന്റെ പേരെടുത്ത് പറയാതെയാണ് അശ്വിന്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

പല താരങ്ങളും തങ്ങളാണ് മികച്ചവന്‍ എന്നാണ് എപ്പോഴും ധരിക്കുന്നതെന്നും അടുത്ത ജനറേഷനിലെ ഏതെങ്കിലും ഒരാള്‍ അയാളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ആ വസ്തുത അംഗീകരിക്കണമെന്നും അശ്വിന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

വീഡിയോയില്‍ ഒരിക്കല്‍ പോലും അശ്വിന്‍ ഹര്‍ഭജന്റെ പേര് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ പലപ്പോഴായി അശ്വിന്റെ നേട്ടത്തെ വിലകുറച്ചു കണ്ട ഹര്‍ഭജനെ കുറിച്ച് തന്നെയാണ് താരം പറയുന്നത് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്നാണ് ആരാധകരുടെ വാദം.

 

‘സ്വയം മികച്ചതാണെന്നാണ് നമ്മള്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നത്. പെട്ടെന്ന്, അടുത്ത ജനറേഷനിലുള്ള ഒരാള്‍ വന്ന് ‘അല്‍പം കാത്തിരിക്കൂ, അത് എങ്ങനെ ചെയ്യണമെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം’ എന്ന് പറയുന്നു. അപ്പോള്‍ നമ്മളേക്കാള്‍ മികച്ചവര്‍ പലരും ഉണ്ട് എന്ന വസ്തുത അംഗീകരിക്കണം.

അങ്ങനെയെങ്കില്‍ മാത്രമേ യാഥാര്‍ത്ഥ്യവുമായി ഒത്തുപോകാനും സന്തോഷപൂര്‍ണമായ ജീവിതം നയിക്കാനും സാധിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ മാത്രമേ ‘അന്ന് ഞങ്ങളുടെ കാലത്ത്’ എന്ന് പറയുന്നത് അവസാനിപ്പിക്കാനും സാധിക്കുകയുള്ളൂ,’ അശ്വിന്‍ പറഞ്ഞു.

‘അക്കാലത്ത് ഈ ബൗളര്‍ ഒരേ ഏരിയയില്‍ തന്നെയായിരുന്നു പന്തെറിഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ ആ ബൗളറുടെ പേര് പറയില്ല. അയാള്‍ പന്ത് കയ്യിലെടുത്താല്‍ ഒരേ സ്ഥലത്ത് തന്നെ കാലാകാലം എറിഞ്ഞുകൊണ്ടേയിരിക്കും. ഞാനും അതേ കാര്യം തന്നെയാണ് ചെയ്യുന്നത്. അടുത്ത ജനറേഷനിലെ താരവും അതുതന്നെ ചെയ്യും.

എന്നാല്‍ നമ്മളേക്കാള്‍ മികച്ച ബൗളര്‍ ഉണ്ടാകുമെന്ന തിരിച്ചറിവ് നമ്മള്‍ക്കുണ്ടാകണം. ടോഡ് മര്‍ഫി അതിനൊരു ഉദാഹരണമാണ്,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

2023 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ടോഡ് മര്‍ഫി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ നിരയിലെ ഏറ്റവും മികച്ച താരമാകാനും മര്‍ഫിക്കായി.

 

പരമ്പരയില്‍ അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ടെസ്റ്റില്‍ നിന്നുമായി 25 വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഈ പരമ്പരയില്‍ ഓസീസിനായി കളത്തിലിങ്ങിയ 15 താരങ്ങളെയും ഒരിക്കലെങ്കിലും പുറത്താക്കാനും അശ്വിന് സാധിച്ചു. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അശ്വിനെ തേടിയെത്തിയിരുന്നു.

 

Content Highlight: R.  Ashwin takes a dig on Harbhajan Singh