ബുംറയുമല്ല ഗില്ലുമല്ല രാഹുലുമല്ല, ഇന്ത്യയുടെ നായകന്‍ ഈ താരമാകട്ടെ; സര്‍പ്രൈസ് പേരുമായി അശ്വിന്‍
Sports News
ബുംറയുമല്ല ഗില്ലുമല്ല രാഹുലുമല്ല, ഇന്ത്യയുടെ നായകന്‍ ഈ താരമാകട്ടെ; സര്‍പ്രൈസ് പേരുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 8:40 am

രോഹിത് ശര്‍മയുടെ വിരമിക്കലോടെ ആരംഭിച്ച ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇപ്പോഴും ആരാകണം ഇന്ത്യയെ നയിക്കാന്‍ എത്തേണ്ടത് എന്ന ചര്‍ച്ചയുമായി സീനിയര്‍ താരങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോള്‍ ഈ ചര്‍ച്ചയുടെ ഭാഗമാവുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ജസ്പ്രീത് ബുംറ, ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവരുടെ പേരുകളായിരുന്നു ഇതുവരെ പലരും ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. ഇതിലേക്ക് മറ്റൊരു പേര് കൂട്ടി ചേര്‍ക്കുകയാണ് അശ്വിന്‍.

The Indian player should have got the player of the tournament award; Ashwin said openly

വ്യക്തമായ തെരഞ്ഞെടുപ്പുകള്‍ ഉണ്ടെങ്കിലും താന്‍ രവീന്ദ്ര ജഡേജയെ കൂടി നിര്‍ദേശിക്കുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. ഒരു ക്യാപ്റ്റനായി നിര്‍ദേശിക്കുന്ന ആളുടെ പേര് ആദ്യം ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം യാന്ത്രികമായി തിരഞ്ഞെടുക്കപ്പെടുന്ന ആളായിരിക്കണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘വ്യക്തമായ തെരഞ്ഞെടുപ്പുകള്‍ ഉണ്ട്, പക്ഷേ മറ്റൊരു പേര് കൂടി ഞാന്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു – രവീന്ദ്ര ജഡേജ. ആരെയാണ് ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കേണ്ടതെന്ന് എപ്പോഴും വാര്‍ത്തകളുണ്ട്.

പക്ഷേ ആദ്യം അവരുടെ പേര് ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരിക്കണം. അദ്ദേഹം യാന്ത്രികമായി തിരഞ്ഞെടുക്കപ്പെടുന്ന ആളായിരിക്കണം,’ അശ്വിന്‍ പറഞ്ഞു.

ജസ്പ്രീത് ബുംറ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തില്ലെന്ന വാര്‍ത്തകളെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യയുടെ നായകസ്ഥാനം ലഭിക്കാത്തതില്‍ താന്‍ വളരെയധികം അസ്വസ്ഥനും നിരാശനുമാണെന്നും അദ്ദേഹം ഒരു നാഷണല്‍ ട്രഷറാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.

‘ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യയുടെ നായകസ്ഥാനം ലഭിക്കാത്തതില്‍ ഞാന്‍ വളരെയധികം അസ്വസ്ഥനും നിരാശനുമാണ്. അദ്ദേഹം ഒരു നാഷണല്‍ ട്രഷറാണെന്ന് ഞാന്‍ കരുതുന്നു. ബുംറ ക്യാപ്റ്റനായപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു. പക്ഷേ ഇപ്പോള്‍ അത് സാധ്യമല്ലെന്ന് ഞാന്‍ കരുതുന്നു,’ അശ്വിന്‍ പറഞ്ഞു.

രോഹിത്തിന്റെ അഭാവത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ താരത്തിന് കീഴില്‍ വിജയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനായി കൂടുതല്‍ സാധ്യത ശുഭ്മന്‍ ഗില്ലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടയ്ക്കിടെയുള്ള പരിക്ക് കാരണം ബുംറയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlight: R Ashwin suggests Ravindra Jadeja as Indian test captain and says he is disappointed that Jasprit Bumrah is not the new captain