രോഹിത് ശര്‍മയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകന്‍ ആരാകുമെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്.
നിലവിലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും റിഷബ് പന്തും ജസ്പ്രീത് ബുംറയുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. മാത്രമല്ല ടീമില്‍ സീനിയര്‍ താരങ്ങളായി ബുംറയും രവീന്ദ്ര ജഡേജയും മാത്രമാണുള്ളത്.
ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോള്‍ പല പേരുകള്‍ മുന്നിലുണ്ടെങ്കിലും എന്തുകൊണ്ട് ജഡേജയെ പരിഗണിച്ചുകൂടാ എന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. എല്ലാവരും ഗില്ലിന് പുറകെ പോകുമ്പോള്‍ ബുംറയും ജഡേജയും മികച്ച ഓപ്ഷനാണെന്നാണ് അശ്വിന്‍ പറഞ്ഞത്.
നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ഗില്ലിന് ഒന്നോ രണ്ടോ വര്‍ഷം ഒരു പരിചയസമ്പന്നനായ സീനിയര്‍ താരത്തിന്റെ കീഴില്‍ കളിച്ചിട്ട് ഫുള്‍ടൈ ക്യാപ്റ്റന്‍സി ഏറ്റെടുക്കാമെന്നും അശ്വിന്‍ പറഞ്ഞു. മുന്‍ തമിഴ്‌നാട് ഓപ്പണര്‍ വിദ്യുത് ശിവരാമകൃഷ്ണനുമായുള്ള യൂട്യൂബ് ചാനലിലെ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘ഒന്നാമതായി എല്ലാവരും പറയുന്നത് ഗില്‍ ആണ് ക്യാപ്റ്റനെന്നാണ്. എല്ലാവരും ആ ദിശയിലേക്കാണ് പോകുന്നത്. ജസ്പ്രീത് ബുംറയും ഒരു മികച്ച ഓപ്ഷനാണ്, എന്നാല്‍ രവീന്ദ്ര ജഡേജയെക്കുറിച്ച് നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു പുതിയ ആളെ ക്യാപ്റ്റനാക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ (ഗില്ലിനെ) രണ്ട് വര്‍ഷത്തേക്ക് ഒരു പരിചയസമ്പന്നനായ വ്യക്തിയുടെ അണ്ടറില്‍ ഉപനായകനായും തുടര്‍ന്ന് മുഴുവന്‍ സമയ ജോലിയും ഏല്‍പ്പിച്ചുകൂടെ എന്ന് ഞാന്‍ പറയും,’ അശ്വിന്‍ പറഞ്ഞു.
2012ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജഡേജക്ക് 118 ഇന്നിങ്‌സില്‍ നിന്നും 3370 റണ്‍സ് നേടാനും 175 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടാനും സാധിച്ചു. 34.7 ആവറേജില്‍ റണ്‍സ് നേടിയ ജഡേജ നാല് സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബൗളിങ്ങില്‍ 150 ഇന്നിങ്‌സില്‍ നിന്നും 729 മെയ്ഡന്‍ അടക്കം 323 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 7/42 എന്ന മികച്ച ബൗളിങ് പ്രകടനവും 2.53 എന്ന മികച്ച എക്കോണമിയുമാണ് താരത്തിനുള്ളത്.
24.1 ആവറേജില്‍ ബോള്‍ ചെയ്ത ജഡേജ 13 തവണ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 15 തവണ അഞ്ച് വിക്കറ്റുകളും ജഡേജ തന്റെ അക്കൗണ്ടില്‍ ആക്കിയിട്ടുണ്ട്.
Content Highlight: R. Ashwin Says Ravindra Jadeja is also fit for the Test captaincy