ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് മുന്‍ സി.എസ്.കെ സൂപ്പര്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് താരം നിതീഷ് റാണയെയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യരിനെയോ സ്വന്തമാക്കാന്‍ ശ്രമിക്കണമെന്നാണ് അശ്വിന്‍ പറയുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്രേഡിങ്ങില്‍ സഞ്ജു സാംസണെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അശ്വിന്‍ ഈ നിര്‍ദേശം മുമ്പോട്ട് വെക്കുന്നത്. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
‘സൂപ്പര്‍ കിങ്‌സിന് തീര്‍ച്ചയായും അവരുടെ ടീം ശക്തിപ്പെടുത്താന്‍ സാധിക്കും. സാം കറനും രവീന്ദ്ര ജഡേജയും ടീം വിടുന്നതോടെ നിതീഷ് റാണ ലേലത്തിലേക്ക് വരുന്നത് ഞാന്‍ കാണുന്നു. അങ്ങനെയെങ്കില്‍ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും നൂറ് ശതമാനം സൂപ്പര്‍ കിങ്‌സിന്റെ റഡാറിലുണ്ടായിരിക്കും,’ തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.
ഇരുവരുടെയും കളിശൈലിക്ക് ചെപ്പോക് ഇണങ്ങുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
‘അതെ, ആയുഷ് മാഹ്‌ത്രെ ഇതിനോടകം തന്നെ സ്വയം തെളിയിച്ച താരമാണ്. പക്ഷേ, പ്രത്യേകിച്ചും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് വളരെ പെട്ടെന്ന് തന്നെ സ്ലോ ആകുന്നത് കാണാനാകും. വെങ്കിടേഷ് അയ്യര്‍ ചെപ്പോക്കില്‍ ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. അവന് മികച്ച രീതിയില്‍ സ്വീപ് ചെയ്യാനും റിവേഴ്‌സ് സ്വീപ് ചെയ്യാനും സാധിക്കും.
നിതീഷ് റാണയെ പോലെ അല്‍പം ഉയരം കുറഞ്ഞ താരത്തിന് ബൗണ്‍സ് കൃത്യമായി ഉപയോഗിക്കാനും സ്‌ക്വയര്‍ ബൗണ്ടറിയിലൂടെ റണ്‍സ് കണ്ടെത്താനും സാധിക്കും. ഇത് തീര്‍ത്തും ആകര്‍ഷകമായ ഒരു ഓപ്ഷന്‍ തന്നെയാണ്. അവന്‍ സി.എസ്.കെയിലേക്ക് വരാനുള്ള സാധ്യതകളും വലുതാണ്.
സഞ്ജുവും ഗെയ്ക്വാദുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ അത് തീര്‍ച്ചയായും ഏറെ മികച്ചതായിരിക്കും. മൂന്നാം നമ്പറില്‍ നിതീഷ് റാണയെയോ വെങ്കിടേഷ് അയ്യരിനെയോ കളിപ്പിക്കാം.
ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബെയും നാല്, അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും. ആറാം നമ്പറില്‍ കാമറൂണ്‍ ഗ്രീനിനെ കളിപ്പിക്കാനാകും സി.എസ്.കെ ശ്രമിക്കുക. സമീപകാലത്ത് ഓസ്‌ട്രേലിയക്കായി മധ്യനിരയില്‍ മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
രവീന്ദ്ര ജഡേജ രാജസ്ഥാനിലേക്ക് പോകുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അശ്വിന്‍ നേരത്തെ പറഞ്ഞിരുന്നു.
‘കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സിനായി എന്താണ് ചെയ്തിരുന്നത്? തീര്‍ച്ചയായും, അവന്‍ ഒരു ലോകകപ്പ് വിന്നറാണ്. ഐ.പി.എല്‍ 2023ല്‍ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ അവന്‍ തന്റെ ടീമിന് കിരീടം നേടിക്കൊടുത്തു.
നമ്മള്‍ അവന്റെ സ്റ്റാറ്റ്സ് പരിശോധിക്കാം. മധ്യനിരയില്‍ മത്സരം മുമ്പോട്ട് കൊണ്ടുപോകാന്‍ സൂപ്പര്‍ കിങ്സിന് എല്ലായ്പ്പോളും ഒരു ഫിംഗര്‍ സ്പിന്നര്‍ ഉണ്ടായിട്ടുണ്ട്, അത് ജഡേജയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 44 മത്സരത്തില്‍ നിന്നും 7.9 എക്കോണമിയില്‍ അവന്‍ 38 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
അവന്റെ ബാറ്റിങ് പരിശോധിക്കുമ്പോള്‍, അവന്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. പേസ് ബൗളര്‍മാര്‍ക്കെതിരെ 150ലധികമാണ് അവന്റെ സ്ട്രൈക് റേറ്റ്. ഫിനിഷര്‍ എന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്.
ഇതെല്ലാം മനസില്‍ വെക്കുമ്പോള്‍ ഈ ട്രേഡ് രാജസ്ഥാനെ സംബന്ധിച്ച് വളരെ മികച്ചതായിരിക്കും. ഇടം കയ്യന്‍ ഫിനിഷര്‍ എന്ന നിലയില്‍ ജഡേജ രാജസ്ഥാന് ഏറെ നിര്‍ണായകമാകും. ലാറ്ററല്‍ മൂവ്മെന്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ജയ്പൂര്‍ അവന് തീര്‍ച്ചയായും ഇണങ്ങും.
ജഡേജ ഒരിക്കലും സി.എസ്.കെയിലെ ചെറിയ താരമല്ല. സി.എസ്.കെ മുമ്പൊന്നും ഇതുപോലെയൊന്ന് ചെയ്തിട്ടില്ല. അതേസമയം, ഇത് ജഡേജയെ സംബന്ധിച്ച് ഒരു മികച്ച ഓപ്ഷനാണ്. അവന് ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച അതേ ടീമില്‍ തന്നെ അവന് കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കും,’ അശ്വിന്‍ പറഞ്ഞു.
Content Highlight: R Ashwin says Chennai Super Kings should try to bring Nitish Rana and Venkatesh Iyer