സ്പിന്‍ കളിക്കുന്ന ലോകത്തിലെ ഏറ്റവും മോശം ടീമാണ് ഇന്ത്യ; രൂക്ഷ വിമര്‍ശനവുമായി അശ്വിന്‍
ഒരു ബാറ്റിങ് യുണിറ്റ് എന്ന നിലയില്‍ നിലവില്‍ സ്പിന്‍ കളിക്കുന്ന ഏറ്റവും മോശം ടീമാണ് ഇന്ത്യയെന്ന് ഇതിഹാസം ആര്‍. അശ്വിന്‍. വളരെ മോശം വിക്കറ്റുകള്‍ ഒരുങ്ങുന്നത് തടയുക എന്നതാണ് ക്യൂറേറ്റര്‍മാരുടെ ചെയ്യേണ്ടതെന്നും എന്നാല്‍ വിക്കറ്റ് സീം ബൗളിങ്ങിന് സഹായകരമാണെങ്കിലും സ്പിന്‍-ബാറ്റിങ് കഴിവുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇക്കാലത്ത് ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ സ്പിന്‍ കളിക്കുന്ന ലോകത്തിലെ ഏറ്റവും മോശം ടീമുകളിലൊന്നാണ് നമ്മള്‍. ഇതിന് ഒരു കാരണമുണ്ട്. നമ്മള്‍ ഇതിനെക്കുറിച്ച് നേരത്തെ സംസാരിച്ചതാണ്.
നമ്മുടെ ആഭ്യന്തര ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നിഷ്പക്ഷ ക്യൂറേറ്റര്‍മാരാണ്.
വളരെ മോശം വിക്കറ്റുകള്‍ ഒരുങ്ങുന്നത് തടയുക എന്നതാണ് ക്യൂറേറ്റര്‍മാരുടെ ചെയ്യേണ്ടത്. പക്ഷെ അത് ഇന്ത്യയ്ക്ക് സീം ബൗളിങ് മികച്ച രീതിയില്‍ കളിക്കാന്‍ സഹായിക്കുന്നതിന് പുറമേ, സ്പിന്‍-ബാറ്റിങ് കഴിവുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ഉദ്ദേശം നല്ലതായിരുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ വിദേശത്ത് നന്നായി കളിക്കുന്നത്.
സ്പിന്‍ കളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ സ്വീപ്പ് ചെയ്യാനും റിവേഴ്സ് സ്വീപ്പ് ചെയ്യാനും തുടങ്ങുന്നതല്ല. നിങ്ങളുടെ കളി ശക്തമായ പ്രതിരോധത്തെ ചുറ്റിപ്പറ്റിയാണ് കെട്ടിപ്പടുക്കുന്നത്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യൻ ടീമും സൗത്ത് ആഫ്രിക്കൻ ടീമും
Photo: ബി.സി.സി.ഐ എക്സ്, പ്രോട്ടിയാസ് മെൻ എക്സ്
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റും ആധിഥേയര്‍ പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തില്‍ 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയും ഇന്ത്യ വഴങ്ങിയിരുന്നു. 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 140 റണ്‍സിന് പുറത്താകുകയായിരുന്നു.
മത്സരത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തോല്‍വിയെ ന്യായീകരിച്ച് സംസാരിച്ചിരുന്നു. ഇതോടെ പല മുന്‍ താരങ്ങളും ഗംഭീറിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. എന്നിരുന്നാലും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2027 വരെയാണ് ഗംഭീറിന്റെ കരാറെന്നും അതില്‍ മാറ്റമില്ലെന്നും ബി.സി.സി.ഐ പറഞ്ഞതായി എക്പ്രസ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 30ന് റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.
Content Highlight: R. Ashwin Say’s India is currently the worst spin team as a batting unit