തമിഴ് അറിയുന്ന ആരുമില്ലേടാ നമ്മുടെ കൂട്ടത്തില്‍ എന്ന് സ്മിത് പറയേണ്ടി വരുന്ന അവസ്ഥ; ഇന്ത്യയെ എങ്ങനെ നേരിടാമെന്ന് തമിഴില്‍ അശ്വിന്റെ ക്ലാസ്
Sports News
തമിഴ് അറിയുന്ന ആരുമില്ലേടാ നമ്മുടെ കൂട്ടത്തില്‍ എന്ന് സ്മിത് പറയേണ്ടി വരുന്ന അവസ്ഥ; ഇന്ത്യയെ എങ്ങനെ നേരിടാമെന്ന് തമിഴില്‍ അശ്വിന്റെ ക്ലാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 11:18 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനാണ് ഇന്ത്യ കോപ്പുകൂട്ടുന്നത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കൂടി ലക്ഷ്യമിടുന്ന ഇന്ത്യ ഈ മത്സരവും ജയിച്ച് കലാശപ്പോരാട്ടത്തിനുള്ള ബര്‍ത്ത ഉറപ്പിക്കാനാകും ശ്രമിക്കുന്നത്.

ഇന്‍ഡോര്‍ പിച്ചിനെ കുറിച്ച് റിസേര്‍ച്ച് ചെയ്ത് ഇന്ത്യയെ പിടിച്ചുകെട്ടാനുള്ള വഴികളുടെ പിന്നാലെയാണ് ഓസീസ്. മൂന്നാം ടെസ്റ്റ് ധര്‍മശാലയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകളുയര്‍ന്നതിന് പിന്നാലെ തന്നെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന് മികച്ച സ്റ്റാറ്റ്‌സുള്ള ഇന്‍ഡോര്‍ പിച്ച് ഓസീസിന്റെ ശവപ്പറമ്പാകുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയുടെ പിച്ചിന്റെ സ്വഭാവത്തെ പറ്റിയും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എങ്ങനെ സ്പിന്നിനെതിരെ കളിക്കണമെന്നും വിവരിക്കുന്ന അശ്വിന്റെ വീഡിയോ ഇതിനിടെയില്‍ വൈറലാവുന്നുണ്ട്.

തന്റെ യൂട്യൂബ് ചാനലില്‍ രണ്ട് ദിവസം മുമ്പ് താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ പിച്ചിന്റെ സ്വഭാവവും സാഹചര്യവുമെല്ലാം ‘സുത്തമാന തമിളില്‍’ അശ്വിന്‍ വിവരിക്കുകയാണ്.

ശ്രീലങ്കയിലെയും പാകിസ്ഥാനിലെയും പിച്ചുകള്‍ എല്ലാം ഏറെക്കുറെ ഒരുപോലെയായിരിക്കുമെന്നും എന്നാല്‍ യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വം പോലെയാണ് ഇവിടെയുള്ള പിച്ചുകളെന്നുമാണ് അശ്വിന്‍ പറയുന്നത്.

നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലെ പിച്ചുകളെ പോലെയല്ല സൗത്ത് ഇന്ത്യയിലെ പിച്ചുകളെന്നും ഇത് രണ്ടിനെയും പോലെയല്ല നോര്‍ത്ത് ഇന്ത്യയിലെ പിച്ചുകളെന്നും അശ്വിന്‍ പറയുന്നു.

ഏറെ രസകരമായിട്ടാണ് താരം ഈ വിഷയം അവതരിപ്പിക്കുന്നത്. അശ്വിന്‍ പറയുന്നത് ഒരക്ഷരം പോലും മനസിലാവുന്നില്ലെങ്കില്‍ കൂടിയും വീഡിയോയുടെ സബ് ടൈറ്റില്‍ കണ്ടാകും ഓസീസ് ഇതിനെതിരെയുള്ള തന്ത്രങ്ങള്‍ ഒരുക്കുക എന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ഒരിക്കലും അശ്വിനെ വിശ്വസിക്കാന്‍ പാടില്ല എന്ന പാഠം ഓസ്‌ട്രേലിയ ഇതിനോടകം തന്നെ പഠിച്ചതാണ്. തങ്ങള്‍ അറിഞ്ഞതല്ല ആര്‍. അശ്വിന്‍ എന്ന കാര്യം അവര്‍ക്ക് ഇതിനോടകം വ്യക്തമായതുമാണ്. പരീക്ഷക്ക് പഠിച്ചുവരുമ്പോള്‍ സിലബസ് തന്നെ മാറ്റുന്ന സൈക്കോ യൂണിവേഴ്‌സിറ്റിയെ പോലെയാണ് അശ്വിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

അശ്വിനെ പഠിക്കാന്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പഴയ മത്സരങ്ങള്‍ മാത്രമല്ല, ടി.എന്‍.പി.എല്ലും കാണേണ്ടി വരും. വലം കയ്യന്‍ ഓഫ് സ്പിന്നറായ അശ്വിന്‍ ഫാസ്റ്റ് ബൗള്‍ എറിയുന്നത് വരെ ടി.എന്‍.പി.എല്ലില്‍ കാണാം.

മാര്‍ച്ച് ഒന്നിനാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം. ഇന്‍ഡോര്‍ ടെസ്റ്റില്‍ അശ്വിനും ജഡേജയും അക്‌സറും അടങ്ങുന്ന സ്പിന്‍ ത്രയം തന്നെയാകും ഇന്ത്യയുടെ അറ്റാക്കിങ്ങിന് നേതൃത്വം നല്‍കുക.

ഇന്ത്യ സ്‌ക്വാഡ്

ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, എസ്. ഭരത്, ജയ്‌ദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

 

Content highlight: R Ashwin’s video about Indian pitch  goes viral