എന്നെ വിരമിക്കലിലേക്ക് നയിച്ചത് ഇത്; തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍
Cricket
എന്നെ വിരമിക്കലിലേക്ക് നയിച്ചത് ഇത്; തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd August 2025, 1:00 pm

കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ വിദേശ പര്യടനങ്ങളില്‍ ടീമിന് പുറത്തിരിക്കേണ്ടി വന്നതാണ് തന്നെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. കൂടാതെ, തന്റെ പ്രായവും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനുള്ള ആഗ്രഹവും ഈ തീരുമാനത്തില്‍ പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ രാഹുല്‍ ദ്രാവിഡുമായുള്ള ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘എനിക്ക് പ്രായമായിരുന്നു, അത് ഞാന്‍ സമ്മതിക്കണം. പക്ഷേ, വിദേശ പര്യടനങ്ങളില്‍ പോകുന്നതും ടീമിന് പുറത്തിരിക്കേണ്ടി വന്നതും എന്നെ വല്ലാതെ ബാധിച്ചു. ടീമിനായി സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നല്ല.

പക്ഷേ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ഞാന്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്നും എന്നോട് തന്നെ ചോദിക്കാന്‍ തുടങ്ങി.

അപ്പോള്‍ എനിക്ക് കുഴപ്പമില്ലെന്ന് തോന്നി. ഞാന്‍ ഇപ്പോഴും 34 -35 വയസാകുമ്പോള്‍ വിരമിക്കണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, അതിനിടയില്‍ എനിക്ക് അധികം കളിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത,’ ആര്‍. അശ്വിന്‍ പറഞ്ഞു.

2024 -25 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പരമ്പരയില്‍ ഗാബ ടെസ്റ്റിന് ശേഷമായിരുന്നു താരം അപ്രതീക്ഷിതമായി പടിയിറക്കം പ്രഖ്യാപിച്ചത്. അന്ന് താരത്തിന് പരമ്പരയില്‍ അധികം കളിപ്പിക്കാത്തതാണ് വിരമിക്കലിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമത്തെ താരമാണ് അശ്വിന്‍. 287 മത്സരങ്ങളില്‍ നിന്ന് താരം 765 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 25.80 ശരാശരിയില്‍ പന്തെറിഞ്ഞ താരം കരിയറില്‍ 37 ഫൈഫറും എട്ട് ടെന്‍ഫറും സ്വന്തം പേരില്‍ ചേര്‍ത്തിയിട്ടുണ്ട്.

Content Highlight: R. Ashwin reveals that frequently sitting out in overseas series eventually led him to retirement