കളിക്കളത്തിൽ അവൻ റിങ്കുവിനെ പോലെയാണ്; വെളിപ്പെടുത്തലുമായി അശ്വിൻ
Cricket
കളിക്കളത്തിൽ അവൻ റിങ്കുവിനെ പോലെയാണ്; വെളിപ്പെടുത്തലുമായി അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th February 2024, 11:37 am

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ നായകന്‍ ഉദയ് സാഹറനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍.

അണ്ടര്‍ 19 ലോകകപ്പിലെ സാഹറന്റെ മികച്ച പ്രകടനങ്ങളെ പ്രശംസിക്കുകയും ഇന്ത്യന്‍ നായകനെ റിങ്കു സിങ്ങുമായി താരതമ്യം ചെയ്യുകയും ആയിരുന്നു അശ്വിന്‍. തന്റെ യൂട്യൂബ് ചാനലില്‍ നടന്ന ഒരു ചര്‍ച്ചയിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍.

‘ഈ ലോകകപ്പില്‍ ഉദയ് സഹാറന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കണ്ടെത്തലാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിന്റെ ഏറ്റവും മികച്ച റണ്‍സ് സ്‌കോററും അദ്ദേഹമാണ്. അവന്‍ റണ്‍സ് നേടുന്നത് മാത്രമല്ല മത്സരം ജയിക്കുന്നതിനുള്ള അവന്റെ കഴിവും മത്സരത്തില്‍ അവന്‍ കാണിക്കുന്ന ശാന്തമായ സ്വഭാവമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

അവന്‍ കളിക്കളത്തില്‍ റിങ്കു സിങ്ങിനെ അനുസ്മരിപ്പിക്കുന്നു. ഈ ഗുണം പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്ത ഒന്നാണ്. കളിക്കളത്തില്‍ അവന്റെ ശാന്തമായ പെരുമാറ്റവും ആത്മവിശ്വാസമുള്ള സ്വഭാവവും അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതാണ്,’ അശ്വിന്‍ പറഞ്ഞു.


ഈ ലോകകപ്പില്‍ ആറു മത്സരങ്ങളില്‍ നിന്ന് 389 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയിട്ടുള്ളത്. സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച പ്രകടനം ഉദയ് നടത്തിയിരുന്നു.

32 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ സച്ചിന്‍ ദാസും സാഹറനും ചേര്‍ന്നാണ് ഇന്ത്യന്‍ ടീമിനെ വിജയത്തില്‍ എത്തിച്ചത്. ജയത്തോടെ ഇന്ത്യ തുടര്‍ച്ചയായി അഞ്ചാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

അണ്ടര്‍ ലോകകപ്പ് ഫൈനലില്‍ കിരീട പോരാട്ടം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. സാഹറന്റെ കീഴില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: R. Ashwin praises Uday Saharan like Rinku singh