തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ജഡേജയെ കുറിച്ച് സംസാരിച്ചത്.
‘എപ്പോഴെല്ലാം നമ്മള്‍ പരാജയപ്പെടുന്നുവോ, അപ്പോള്‍ എല്ലാവരും വില്ലന്‍മാരായി മാറുന്നു. അവനാണ് ജോ റൂട്ടിനെ പുറത്താക്കിയത്. ജഡേജ എല്ലായ്‌പ്പോഴും റഡാറിലൂടെ കടന്നുപോവുകയാണ്.
അവനൊരു ജാക്ക്‌പോട്ട് ജാങ്കോയും കളിക്കളത്തില്‍ അവന്‍ +10 ആണ്. അവന്‍ മികച്ച രീതിയില്‍ പന്തെറിയുകയും സമ്മര്‍ദ സാഹചര്യത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നവനുമാണ്. അവന് അര്‍ഹിച്ച ക്രെഡിറ്റ് നമ്മള്‍ നല്‍കിയിട്ടില്ല,’ അശ്വിന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ ഒമ്പത് ഓവര്‍ പന്തെറിഞ്ഞ ജഡേജ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ താരം ജോ റൂട്ടിന് പുറമെ ജേകബ് ബേഥല്‍, ആദില്‍ റഷീദ് എന്നിവരെയാണ് ജഡ്ഡു മടക്കിയത്.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 വിക്കറ്റ് പൂര്‍ത്തിയാക്കാനും ജഡേജക്കായി.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ജഡേജയെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 6,000 റണ്‍സും 600 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടമാണ് ജഡ്ഡു സ്വന്തമാക്കിയത്.
ഇതിഹാസ താരം കപില്‍ ദേവ് മാത്രമാണ് ഇതിന് മുമ്പ് ഈ ഐക്കോണിക് ഡബിള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം.
ഇതിനൊപ്പം ഇന്ത്യന്‍ സ്‌ക്വാഡില്‍ തന്റെ ആവശ്യമെന്തെന്ന് ആവര്‍ത്തിച്ച് ചോദിച്ച മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രിനാഥ് അടക്കമുള്ള താരങ്ങള്‍ക്ക് മറുപടി നല്‍കാനും ജഡേജക്കായി.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഒഡീഷയിലെ ബരാബതി സ്റ്റേഡിയമാണ് വേദി.
Content highlight: R Ashwin praises Ravindra Jadeja