ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ സൂപ്പര്‍ താരം മുഹമ്മദ് സിറാജ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് മുന്‍ താരവും ഇന്ത്യന്‍ ലെജന്‍ഡുമായ ആര്‍. അശ്വിന്‍. ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സിറാജ് തന്നെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇംഗ്ലണ്ടിന്റെ വെറ്ററന്‍ സൂപ്പര്‍ പേസര്‍ ക്രിസ് വോക്‌സ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാകുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ തന്റെ അഭിപ്രായം പറഞ്ഞത്.
‘ക്രിസ് വോക്‌സ് പരമ്പരയിലെ അഞ്ച് മത്സരങ്ങളും കളിക്കുകയാണെങ്കില്‍, അവന്‍ പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാകുമെന്ന് പറയേണ്ടി വരും, അല്ലെങ്കില്‍ ഒരുപക്ഷേ ഷോയ്ബ് ബഷീര്‍. ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍, ബുംറ അഞ്ച് മത്സരങ്ങളിലും കളിക്കാത്തതിനാല്‍ എനിക്ക് തോന്നുന്നത് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുമെന്നാണ്.
മുഹമ്മദ് സിറാജ് | ക്രിസ് വോക്സ്
റണ്‍വേട്ടക്കാരെ കണക്കിലെടുക്കുമ്പോള്‍ ഞാന്‍ കെ.എല്‍. രാഹുലിനെ തെരഞ്ഞെടുക്കാനാണ് താത്പര്യപ്പെടുന്നത്. പക്ഷേ അവന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിനാല്‍ ഒരുപക്ഷേ ആദ്യത്തെ കുറച്ച് ഇന്നിങ്‌സുകളില്‍ അവന്‍ പ്രതിരോധത്തിലായേക്കാം. ഇക്കാരണംകൊണ്ടു തന്നെ ഞാന്‍ റിഷബ് പന്തിനെ തെരഞ്ഞെടുക്കും. റിഷബിന് മാത്രമേ അവനെ പുറത്താക്കാന്‍ സാധിക്കുകയുള്ളൂ.
ഇംഗ്ലണ്ടിന്റെ കാര്യമെടുക്കുമ്പോള്‍ ജോ റൂട്ടിനെ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കില്ല. അതേസമയം, ബെന്‍ ഡക്കറ്റും മികച്ച ഫോമിലാണ്,’ അശ്വിന്‍ പറഞ്ഞു.
ഇതിനൊപ്പം ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെയും അശ്വിന്‍ തെരഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും മൂന്ന് പേസര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും അടങ്ങുന്നതാണ് അശ്വിന്റെ പ്ലെയിങ് ഇലവന്‍.
ടീമിലെ ആറാമത് ബാറ്ററായി സ്ഥാനം കണ്ടെത്താന്‍ യഥാര്‍ത്ഥ മത്സരം നടക്കുന്നുണ്ടെന്നും ധ്രുവ് ജുറെലും കരുണ്‍ നായരുമാണ് മത്സരിക്കുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.