ഷെഫാലിയും ദീപ്തിയുമല്ല, ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത് ഈ യുവതാരം: ആര്‍. അശ്വിന്‍
Sports News
ഷെഫാലിയും ദീപ്തിയുമല്ല, ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത് ഈ യുവതാരം: ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd November 2025, 7:55 pm

ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന് പുതിയ അവകാശികളായി ഇന്ത്യന്‍ സംഘം ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീതും കൂട്ടരും കിരീടമുയര്‍ത്തിയത്. 52 റണ്‍സിനായിരുന്നു കലാശപ്പോരിലെ ടീമിന്റെ വിജയം.

ഇപ്പോള്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ താരത്തെ കുറിച്ച് സംസാരിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ ഷെഫാലി വര്‍മയേയും ദീപ്തി ശര്മയെയുമല്ല താരം തെരഞ്ഞെടുത്തത്. പകരം യുവതാരം നല്ലപുരെഡ്ഡി ശ്രീ ചരണിയുടെ പേരാണ് അശ്വിന്‍ പറഞ്ഞത്.

ഇന്ത്യയുടെ ഈ ലോകകപ്പ് വിജയത്തിന്റെ പ്രധാന കാരണം ശ്രീ ചരണിയാണെന്ന് അദ്ദേഹം പറഞ്ഞു. താരം ഭാവിയില്‍ സൂപ്പര്‍ സ്റ്റാറാവുമെന്നും സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘ശ്രീ ചരണിയുടെ ബൗളിങ് സാങ്കേതികമായി മികച്ചതാണ്. പന്തിന്റെ വേഗതയും സ്പിന്നും കൃതമായി അവര്‍ ഉപയോഗിക്കുന്നുണ്ട്. മുന്‍നിര സ്പിന്നര്‍മായ സോഫി എക്ലെസ്റ്റോണ്‍, ജെസ് ജോനാസെന്‍, സോഫി മോളിനക്‌സ് തുടങ്ങിയവരുമായി താരതമ്യപ്പെടുത്താന്‍ സാധിക്കുന്ന താരമാണ് ചരണി.

ലോകകപ്പില്‍ അവര്‍ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യ കിരീടം നേടുന്നതിന് ഏറ്റവും വലിയ കാരണം ചരണിയാണ്. ഭാവിയില്‍ അവര്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ബൗളറാകും,’ അശ്വിന്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഫൈനലില്‍ ശ്രീ ചരണി മികച്ച പ്രകടനമാണ് നടത്തിയത്. താരം മത്സരത്തില്‍ ഒമ്പത് ഓവര്‍ ഒരു വിക്കറ്റെടുത്തിരുന്നു. പ്രോട്ടിയാസിനെതിരെ 5.33 എക്കോണമിയില്‍ പന്തെറിഞ്ഞ താരം 48 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

ഫൈനലില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം 21കാരി മികച്ച പ്രകടനമാണ് നടത്തിയത്. ചരണി ലോകകപ്പിന്റെ വിക്കറ്റ് വേട്ടക്കാരില്‍ നാലാമതുണ്ട്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ഈ ലിസ്റ്റില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്.

 

Content Highlight: R. Ashwin says that Nallapureddy Charani is the biggest reason for Indian Women’s Cricket  Team lifting ICC Women’s ODI World Cup