രണ്ട് വര്‍ഷം മുമ്പത്തെ ആ ഡെലിവറിയാണ് ഹര്‍ഷിത് റാണയുടെ തുടര്‍ച്ചയായ സെലക്ഷന് കാരണം: അശ്വിന്‍
Sports News
രണ്ട് വര്‍ഷം മുമ്പത്തെ ആ ഡെലിവറിയാണ് ഹര്‍ഷിത് റാണയുടെ തുടര്‍ച്ചയായ സെലക്ഷന് കാരണം: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th October 2025, 10:40 pm

കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ് ഹര്‍ഷിത് റാണ. ഈ അടുത്ത് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടി – 20 ടീമിലും ഏകദിന ടീമിലും താരം ഉള്‍പ്പെട്ടിരുന്നു. വലിയ പ്രകടനങ്ങള്‍ കാഴ്ച വെക്കാതിരുന്നിട്ടും താരം വീണ്ടും വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ഹര്‍ഷിത് റാണയെ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന്റെ യുക്തി തനിക്ക് മനസിലാവുന്നില്ലെന്നും താരത്തെ സെലക്ടര്‍മാര്‍ ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായാവും ടീമില്‍ എടുത്തിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നിതീഷ് കുമാര്‍ റെഡ്ഡിയെ പുറത്താക്കാന്‍ എറിഞ്ഞ ഡെലിവറിയാണ് അവനെ വീണ്ടും ടീമിലെത്തിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

The Indian player should have got the player of the tournament award; Ashwin said openly

‘ഓസ്ട്രേലിയയില്‍ നമുക്ക് ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരത്തെ ആവശ്യമുണ്ട്. ചിലപ്പോള്‍ സെലക്ടര്‍മാര്‍ ഹര്‍ഷിത് റാണയെ ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായാവും പരിഗണിച്ചിരിക്കുന്നത്. പക്ഷേ, അവന്റെ ബാറ്റിങ്ങില്‍ എനിക്ക് ഉറപ്പില്ല.

ഒരു രണ്ട് വര്‍ഷം മുമ്പ് അവന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ പുറത്താക്കാന്‍ ഒരു മികച്ച പന്തെറിഞ്ഞിരുന്നു. ഇതാണ് അവനെ ടീമിലെടുക്കുന്നതിന് കാരണമെന്നാണ് ഞാന്‍ കരുതുന്നത്,’ അശ്വിന്‍ പറഞ്ഞു.

എന്നാല്‍, ഹര്‍ഷിത് റാണയ്ക്ക് ബൗളിങ്ങില്‍ കഴിവുണ്ടെന്നും മറിച്ച് ആരെങ്കിലും പറഞ്ഞാല്‍ താന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍, മാനേജ്‌മെന്റ് കളിക്കാരില്‍ പ്രത്യേകത കാണുകയും അവരുടെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനാലാണ് ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്.

രവീന്ദ്ര ജഡേജയെ എല്ലാവരും ഇപ്പോള്‍ പ്രശംസിക്കുണ്ടെങ്കിലും തുടക്കത്തില്‍ ഇതിന് താരത്തെ ടീമിലെടുക്കുന്നത് എന്തിനെന്ന് ചോദിക്കാറുണ്ടായിരുന്നു. ഞാന്‍ 540 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ടീമിലെടുത്തുവെന്ന് പലരും ചോദിച്ചിട്ടുണ്ട്.

പലരും ദൂരെ നിന്നാണ് താരങ്ങളെ വിലയിരുത്തുന്നത്. ഒരാളെ ഫീല്‍ഡില്‍ നിന്ന് നേരിട്ടാലോ അവരുടെ യഥാര്‍ത്ഥ കഴിവ് മനസിലാവുക. ഹര്‍ഷിത് റാണയുടെയും സ്ഥിതി അങ്ങനെ തന്നെ. അവന്റെ പന്തുകള്‍ നേരിടുമ്പോള്‍ ഒരു എക്‌സ് ഫാക്ടറുണ്ടെന്ന് മനസിലാവും. ഇപ്പോള്‍ അവനെ ടീമിലെടുക്കുന്നത് സംശയാസ്പദമാണെങ്കിലും റാണയ്ക്ക് കഴിവുണ്ടെന്ന കാര്യം മറക്കരുതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: R Ashwin says that Harshit Rana’s IPL delivery to dismiss Nitish Kumar may be reason for his continuous selection