സ്പിൻ മാന്ത്രികനെ തിരിഞ്ഞ് നോക്കാതെ ടീമുകൾ; പിന്നാലെ ലേലത്തിൽ നിന്ന് പിന്മാറി അശ്വിൻ
Sports News
സ്പിൻ മാന്ത്രികനെ തിരിഞ്ഞ് നോക്കാതെ ടീമുകൾ; പിന്നാലെ ലേലത്തിൽ നിന്ന് പിന്മാറി അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd October 2025, 1:49 pm

യു.എ.ഇ ലീഗായ ഇന്റര്‍നാഷണല്‍ ടി – 20യില്‍ (ഐ.എല്‍ ടി – 20) അണ്‍സോള്‍ഡായി ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍. കഴിഞ്ഞ ദിവസത്തെ ലേലത്തിലാണ് താരത്തെ ഒരു ടീമും വിളിച്ചെടുക്കാതിരുന്നത്. ടൂര്‍ണമെന്റില്‍ സ്പിന്നര്‍ 12000 യു.എസ് ഡോളറിന്റെ അടിസ്ഥാന വിലക്കാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഐ.പി.എല്‍ ടീമുകളുടെ കൗണ്ടര്‍പാര്‍ട്ടുകളും സിസ്റ്റര്‍ ഫ്രാഞ്ചൈസികളുമാണ് ഐ.എല്‍ ടി – 20 കളിക്കുന്നത്. എന്നാല്‍, ഒരു ടീമും താരത്തെ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ വിളിച്ചെടുത്തില്ല. പിന്നാലെ അശ്വിന്‍ ലേലത്തില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഐ.എല്‍.ടി – 20യുടെ ലേലത്തിലെ കമന്റേറ്ററായ മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൂളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ആര്‍. അശ്വിന്‍ ലേലത്തില്‍ നിന്ന് പിന്മാറിയെന്ന് കേള്‍ക്കുന്നു. ഇതൊരു സര്‍പ്രൈസാണ്. അദ്ദേഹം സാഹചര്യം മനസിലാക്കാതെയാണ് പിന്മാറിയത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും ടീമുകള്‍ക്ക് എത്ര പണം ബാക്കിയുണ്ടെന്നും മനസിലാക്കണം. അദ്ദേഹം സ്വയം പുറത്ത് പോയാല്‍ സാഹചര്യം മനസിലാക്കിയിട്ടില്ലെന്നാണ് അതിന് അര്‍ത്ഥം,’ സൈമണ്‍ ഡൂള്‍ പറഞ്ഞു.

വിദേശ ലീഗുകളില്‍ കളിക്കുന്നതിനായി ഐ.പി.എല്ലില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് അശ്വിന്‍ ഓഗസ്റ്റിലാണ് അറിയിച്ചത്. 16 വര്‍ഷത്തെ അത്യുജ്ജല കരിയറിന് വിരാമമിട്ടായിരുന്നു അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് പടിയിറങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് താരം ഐ.പി.എല്‍ കരിയറിന് അന്ത്യം കുറിച്ചത്.

പിന്നാലെ ഓഗസ്റ്റ് മാസം അവസാനത്തോടെ അശ്വിന്‍ ഐ.എല്‍ ടി-20യില്‍ കളിക്കാന്‍ ഒരുങ്ങുന്നുവെന്നും ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചിരുന്നു. ഏതെങ്കിലും ഒരു ടീം തന്നെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഐ.പി.എല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഐ.പി.എല്ലിലെ ടീമുകളുടെ കൗണ്ടര്‍പാര്‍ട്ടുകളും സിസ്റ്റര്‍ ഫ്രാഞ്ചൈസികളുമാണുള്ളത്. അബുദാബി നൈറ്റ് റൈഡേഴ്സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്), എം.ഐ എമിറേറ്റ്സ് (മുംബൈ ഇന്ത്യന്‍സ്), ദുബായ് ക്യാപ്പിറ്റല്‍സ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്), ഗള്‍ഫ് ജയന്റ്സ്, ഷാര്‍ജ വാറിയേഴ്സ്, ഡെസേര്‍ട്ട് വൈപ്പേഴ്സ് എന്നിവരാണ് ടൂര്‍ണമെന്റിലെ ടീമുകള്‍.

എന്നാല്‍, ഈ ടീമുകളൊന്നും താരത്തെ ടീമില്‍ എടുക്കാന്‍ തയ്യാറായില്ല. ഇന്ത്യന്‍ ബന്ധമുള്ള ഫ്രാഞ്ചൈസികളില്‍ ഒരാളും തന്നെ തെരഞ്ഞെടുക്കാത്തതിലുള്ള നിരാശയാകാം ലേലത്തില്‍ നിന്ന് താരം പിന്മാറാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ഐ.എല്‍ ടി – 20യ്ക്ക് പുറമെ ഓസ്ട്രേലിയന്‍ ലീഗായ ബിഗ് ബാഷ് ലീഗിലും അശ്വിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെയും ഐ.എല്‍ ടി – 20യിലെയും മത്സരങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍ സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ സ്പിന്നര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതെന്നാണ് നിഗമനങ്ങള്‍.

ഡിസംബര്‍ 2 മുതല്‍ ജനുവരി 4 വരെയാണ് ഐ.എല്‍ ടി- 20 നടക്കുക. ഡിസംബര്‍ 14 മുതല്‍ ജനുവരി 25 വരെയാണ് ബിഗ് ബാഷ് ലീഗ് നടക്കാറുള്ളത്.

Content Highlight: R Ashwin goes unsold in ILT20 and he pull out from auction