ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശമനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. ക്യാപ്റ്റന്‍സിയില്‍ മികച്ച നില്‍ക്കുന്ന സൂര്യ തന്റെ പഴയ ബാറ്റിങ് ശൈലി വീണ്ടെടുക്കണമെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു.
ക്യാപ്റ്റന്‍സിയുടെ അധിക ചുമതല ഏറ്റെടുത്തതോടെ ബാറ്റിങ്ങില്‍ സൂര്യയുടെ പഴയ ഡോമിനേഷന്‍ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. ഒടുവില്‍ കളിച്ച 13 ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യയ്ക്ക് അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചത്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ അവസാന മത്സരത്തിലാണ് സ്‌കൈ ഒടുവില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെപ്പോലെ സൂര്യകുമാറും ഇംഗ്ലണ്ട് ഒരുക്കിയ കെണിയില്‍ വീണാണ് പുറത്തായത്. സൂര്യകുമാറിന്റെ പ്രധാന പ്രശ്‌നം ബാറ്റിങ്ങിലാണെന്നും ക്യാപ്റ്റന്‍സിയിലല്ലെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രശ്‌നം സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങിലാണ്. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി വളരെയധികം മികച്ചുനിന്നിരുന്നു. അതില്‍ ഒരു തര്‍ക്കവുമില്ല. ഈ പരമ്പരയില്‍ മാത്രമല്ല, മികച്ച രീതിയില്‍ തന്നെയാണ് അവന്‍ ഇന്ത്യയെ നയിക്കുന്നത്.
എന്നാല്‍ ബാറ്റിങ്ങില്‍ ആവശ്യമായ ബ്രീത്തിങ് സ്‌പേസ് കണ്ടെത്താന്‍ അവന്‍ ശ്രദ്ധിക്കണം. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ഒരേ പന്തില്‍, ഒരേ ഫീല്‍ഡിങ് സെറ്റപ്പില്‍, ഒരേ ഷോട്ട് കളിച്ച്, ഒരേ തെറ്റ് തന്നെ വീണ്ടും ആവര്‍ത്തിച്ച്, ഒരേ രീതിയില്‍ തന്നെയാണ് പുറത്താകുന്നത്.
ഒന്നോ രണ്ടോ മത്സരത്തില്‍ ഇത്തരത്തില്‍ പുറത്താകുന്നത് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ ഇത് സാധാരണമായിരിക്കുന്നു. താരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കണം. എന്നാല്‍ നമ്മുടെ ബാറ്റര്‍മാര്‍ക്ക് ഒരേ ചോദ്യത്തിന് കൂടുതല്‍ മികച്ച ഉത്തരങ്ങള്‍ നല്‍കാന്‍ പറ്റണം,’ അശ്വിന്‍ പറഞ്ഞു.
പരമ്പരയില്‍ അഞ്ച് മത്സരത്തില്‍ നിന്നും ആകെ 24 പന്ത് മാത്രം നേരിട്ട സൂര്യകുമാര്‍ 28 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് കളിയില്‍ മാത്രം ഇരട്ടയക്കം കണ്ട സൂര്യ രണ്ട് മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. 5.6 മാത്രമാണ് സൂര്യയുടെ ബാറ്റിങ് ശരാശരി.
ഇതിന് പിന്നാലെ പല മോശം റെക്കോഡുകളും സൂര്യയെ തേടിയെത്തി. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയില്‍ ഏറ്റവും കുറവ് സ്‌കോര്‍ നേടുന്ന ക്യാപ്റ്റനായും താരമായും സൂര്യയുടെ പേര് അടയാളപ്പെടുത്തപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണും ഈ പട്ടികയുടെ ഭാഗമാണ്.