ഇത്രയധികം സ്പിന്നര്‍മാരെ എന്തിനാണ് ദുബായിലേക്ക് കൊണ്ടുപോകുന്നത്: ചോദ്യം ചെയ്ത് ആര്‍. അശ്വിന്‍
Sports News
ഇത്രയധികം സ്പിന്നര്‍മാരെ എന്തിനാണ് ദുബായിലേക്ക് കൊണ്ടുപോകുന്നത്: ചോദ്യം ചെയ്ത് ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th February 2025, 10:06 am

2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക.  എല്ലാ ടൂമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.

ഒട്ടേറെ സൂപ്പര്‍ താരങ്ങളാണ് എല്ലാ ടീമുകളിലും നിന്ന് പരിക്ക് കാരണം പുറത്തായത്. ഇന്ത്യയ്ക്ക് സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ നഷ്ടമായത് ഏറെ നിരാശാജനകമാണ്. പകരമായി സ്‌ക്വാഡില്‍ ഇടം നേടിയത് യുവ പേസര്‍ ഹര്‍ഷിത് റാണയാണ്.

എന്നാല്‍ അഞ്ച് സ്പിന്നര്‍മാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യ സ്പിന്നര്‍. ദുബായിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുമെന്ന ഇന്ത്യയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ് അശ്വിന്‍. സാധാരണയായി ഒരു ടൂറില്‍ മൂന്നോ നാലോ സ്പിന്നര്‍മാരെ കൊണ്ടുപോകുമെന്നും എന്നാല്‍ ഇത്രയധികം സ്പിന്നര്‍മാര്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമാണ് അശ്വിന്‍ പറഞ്ഞത്. ടീമിന്റെ ചീഫ് സെലക്ടര്‍ അജിത് അഗാക്കറും പരിശീലകന്‍ ഗൗതം ഗംഭീറും അടങ്ങുന്ന സംഘമാണ് സ്‌ക്വാഡ് തെരഞ്ഞെടുക്കുന്നത്.

R. Ashwin

‘എന്തുകൊണ്ടാണ് നമ്മള്‍ ഇത്രയധികം സ്പിന്നര്‍മാരെ ദുബായിലേക്ക് കൊണ്ടുപോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അഞ്ച് സ്പിന്നര്‍മാരെയാണ് ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, യശസ്വി ജയ്സ്വാളിനെ ഞങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സാധാരണയായി, ഒരു ടൂറില്‍ മൂന്നോ നാലോ സ്പിന്നര്‍മാരെ ഞങ്ങള്‍ എടുക്കാറുണ്ട്, പക്ഷേ ദുബായ്ക്ക് അഞ്ച് സ്പിന്നര്‍മാര്‍ അമിതമായി തോന്നുന്നു,’ അശ്വിന്‍ പറഞ്ഞു.

അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് സ്‌ക്വാഡിലെ സ്പിന്നര്‍മാര്‍. എന്നാല്‍ ഓപ്പണറായ യശസ്വി ജെയ്‌സ്വാളും പേസര്‍ മുഹമ്മദ് സിറാജും ശിവം ദുബെയും യാത്ര ചെയ്യാത്ത പകരക്കാരായിട്ടാണ് ഇടം നേടിയത്. ആവശ്യമുള്ളപ്പോഴെല്ലാം ഈ മൂന്ന് കളിക്കാരും ദുബായിലേക്ക് പോകും.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

യാത്ര ചെയ്യാത്ത പകരക്കാര്‍

യശസ്വി ജെയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ. ആവശ്യമുള്ളപ്പോഴെല്ലാം ഈ മൂന്ന് കളിക്കാരും ദുബായിലേക്ക് പോകും

Content Highlight: R. Ashwin Criticize Indian Squad For Champions Trophy