കഴിവുള്ള കളിക്കാരനായിട്ടും സായി സുദര്‍ശനെ ടീമില്‍ എടുക്കാത്തതില്‍ ആശങ്കയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം.
ടീമില്‍ നാല് സ്പിന്നര്‍മാരുടെ ആവശ്യമില്ലെന്നും അശ്വിന്‍ പറഞ്ഞു. മാത്രമല്ല ടീമിലെടുത്തിട്ടും അവര്‍ക്ക് ഓവര്‍ നല്‍കാത്തത് താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് അശ്വിന്‍ കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.
‘സായ് സുദര്‍ശന്‍ ഒരു കഴിവുള്ള കളിക്കാരനായതിനാല്‍ എനിക്ക് അദ്ദേഹത്തെക്കുറിച്ച് ശരിക്കും ആശങ്കയുണ്ട്. പുറത്താക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മനസില്‍ എന്തായിരിക്കും?
വ്യക്തിപരമായി, ടീമില്‍ നാല് സ്പിന്നര്‍മാര്‍ ഉണ്ടാകുന്നത് അമിതമാണെന്ന് ഞാന്‍ കരുതുന്നു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ പോലും പന്തെറിഞ്ഞില്ല. നിങ്ങള്‍ നാല് സ്പിന്നര്‍മാരെ തെരഞ്ഞെടുത്തിട്ടും അവര്‍ക്ക് ഓവര്‍ നല്‍കിയില്ലെങ്കില്‍, തീര്‍ച്ചയായും കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു.
ടി-20യില്‍ ഓള്‍റൗണ്ടര്‍മാരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു, പക്ഷേ ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റുകളാണ് പ്രധാനം. സ്ഥിരത കെട്ടിപ്പടുക്കുന്നതിനും അരക്ഷിതാവസ്ഥ ഒഴിവാക്കുന്നതിനും വ്യക്തമായ റോളുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇവ നിര്‍ണായക പോയിന്റുകളാണ്, ഇന്ത്യ ഫൈനലിലെത്താന്‍ ആഗ്രഹിക്കുന്നു. നേരിട്ടുള്ള പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്ന് ടോസില്‍ ഗില്‍ തന്നെ പരാമര്‍ശിച്ചു,’ ആര്‍. അശ്വിന്‍ പറഞ്ഞു.
Content Highlight: R Ashwin Criticize Indian Cricket Team