സിറാജല്ല, മുഹമ്മദ് ഷമിയുടെ പിന്‍ഗാമി അവന്‍, അവനാണ് ജൂനിയര്‍ ഷമി: അശ്വിന്‍
Sports News
സിറാജല്ല, മുഹമ്മദ് ഷമിയുടെ പിന്‍ഗാമി അവന്‍, അവനാണ് ജൂനിയര്‍ ഷമി: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 6:20 pm

സൂപ്പര്‍ താരം മുകേഷ് കുമാറിനെ മുഹമ്മദ് ഷമിയുടെ പിന്‍ഗാമിയായി വിശേഷിപ്പിച്ച് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍. മുഹമ്മദ് ഷമിയെ പോലെ ഒരു ബൗളറാകാനുള്ള എല്ലാ പൊട്ടെന്‍ഷ്യലുമുള്ള താരമാണ് മുകേഷ് കുമാര്‍ എന്നും അശ്വിന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘മുഹമ്മദ് സിറാജായിരിക്കും മുഹമ്മദ് ഷമിയുടെ പിന്‍ഗാമി അഥവാ ജൂനിയര്‍ ഷമിയായി മാറുക എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷനായ മുകേഷ് കുമാറാണ് ഷമിയുടെ പിന്‍ഗാമിയാവുക എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

 

 

ഷമിയെ ടീമിലെ എല്ലാവരും ലാല എന്നാണ് വിളിക്കുക. പക്ഷേ ഞാന്‍ ലാലേട്ടാ എന്നാണ് വിളിക്കാറുള്ളത്. നമ്മുടെ മലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹലാലിന്റെ പേരായ ലാലേട്ടാ എന്നാണ് ഞാന്‍ വിളിക്കുക.

എനിക്ക് തോന്നുന്നത് ജൂനിയര്‍ ലാലേട്ടന്‍ മുകേഷ് കുമാറാണ്. സിറാജ് ജൂനിയര്‍ ലാലേട്ടന്‍ എന്ന പേര് എടുക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മുകേഷ് കുമാര്‍ ആ പേര് കൈക്കലാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഷമിയുടേത് പോലുള്ള ശരീര പ്രകൃതി, ഷമിയുടെ അതേ ഉയരം, അതേ റിസ്റ്റ് പൊസിഷന്‍. പെര്‍ഫെക്ട് സീം പൊസിഷനിലാണ് അവന്റെ ഓരോ പന്തും ലാന്‍ഡ് ചെയ്യാറുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മുകേഷ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ തിരക്കിലാണ് മുകേഷ് കുമാര്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് മുകേഷ് കുമാര്‍ കാഴ്ചവെച്ചത്.

 

വിശാഖപട്ടണത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ടി-20യില്‍ മുകേഷ് കുമാറിനെതിരെ മാത്രമാണ് ഓസീസ് സൂപ്പര്‍ താരങ്ങള്‍ക്ക് റണ്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത്.

വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ലെങ്കിലും റണ്ണൊഴുകിയ പിച്ചില്‍ നാല് ഓവര്‍ പന്തെറിഞ്ഞ മുകേഷ് കുമാര്‍ 29 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

നവംബര്‍ 26നാണ് പരമ്പരയിലെ രണ്ടാം മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

 

Content highlight: R Ashwin believes Mukesh Kumar is the  successor of Mohammed Shami