ടി-20 ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കിയാണ് സൗത്ത് ആഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കുതിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും സമ്പൂര്‍ണ ആധിപത്യത്തോടെ വിജയിച്ച പ്രോട്ടിയാസ് ഇന്ന് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ചിനൊരുങ്ങുകയാണ്.
ഇരു ടീമിന്റെയും ബാറ്റര്‍മാര്‍ കളം നിറഞ്ഞാടിയ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.
വിന്‍ഡീസ് ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജലക്ഷ്യം 15 പന്ത് ശേഷിക്കെ പ്രോട്ടിയാസ് മറികടക്കുകയായിരുന്നു. 49 പന്തില്‍ 115 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെയും 36 പന്തില്‍ പുറത്താകാതെ 77 റണ്‍സടിച്ച റിയാന്‍ റിക്കല്‍ടണിന്റെയും കരുത്തിലാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20 കരിയറില്‍ തന്റെ രണ്ടാം സെഞ്ച്വറിയാണ് ഡി കോക്ക് വിന്‍ഡീസിനെതിരെ പൂര്‍ത്തിയാക്കിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഡി കോക്ക് തന്റെ പേരില്‍ കുറിച്ചു. അന്താരാഷ്ട്ര ടി-20യില്‍ തന്റെ നൂറാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് ഡി കോക്ക് സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 17 താരങ്ങളും ഏകദിനത്തില്‍ 12 താരങ്ങളും തങ്ങളുടെ നൂറാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ടി-20യില്‍ നൂറില്‍ നൂറടിച്ച ഏക താരം ക്യു.ഡി.കെയാണ്.
രോഹിത് ശര്‍മയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ആരോണ്‍ ഫിഞ്ചുമടക്കം പല താരങ്ങളും ഇതിനോടകം തന്നെ നൂറ് ഇന്നിങ്‌സുകള്‍ കളത്തിലിറങ്ങുകയും ടി-20ഐ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ നൂറാം ഇന്നിങ്‌സില്‍ നൂറടിക്കാന്‍ സാധിച്ചിട്ടില്ല.
ക്വിന്റണ്‍ ഡി കോക്ക്. Photo: ICC/x.com
ശനിയാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം ലോകകപ്പ് ആവേശത്തിലേക്കാണ് സൗത്ത് ആഫ്രിക്ക കാലെടുത്ത് വെക്കുന്നത്. അതിന് മുമ്പ് ഫെബ്രുവരി നാലിന് ഇന്ത്യയ്‌ക്കെതിരെ നവി മുംബൈയില്‍ സന്നാഹ മത്സരവും സൗത്ത് ആഫ്രിക്ക കളിക്കും.
ലോകകപ്പില്‍ ഗ്രൂപ്പ് ഡി-യിലാണ് സൗത്ത് ആഫ്രിക്ക. ഫെബ്രുവരി ഒമ്പതിന് കാനഡയ്‌ക്കെതിരെയാണ് കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളുടെ ആദ്യ മത്സരം. അഹമ്മദാബാദാണ് വേദി. അഫ്ഗാനിസ്ഥാന്‍, ന്യൂസിലാന്‍ഡ്, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക
കഴിഞ്ഞ ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെടുത്തിയ വിജയമധുരം നുണയാന്‍ ഉറച്ചുതന്നെയാണ് പ്രോട്ടിയാസ് ഇത്തവണ ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.
Content Highlight: Quinton de Kock becomes first batter to score century in 100tj innings