കഴിഞ്ഞ വർഷം മലയാള സിനിമ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രങ്ങളിൽ പ്രധാന സ്ഥാനമാണ് കളങ്കാവലിന്റേത് . മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകൻ നായക വേഷത്തിലും എത്തിയതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്രഖ്യാപന ഘട്ടം മുതൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കണ്ടത്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ തിയേറ്റർ റിലീസിന് പിന്നാലെ തന്നെ നിരവധി ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിയൊരുക്കിയിരുന്നു. മമ്മൂട്ടിയെ പോലൊരു മഹാനടൻ ഇത്തരമൊരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം തിരഞ്ഞെടുത്തത് തന്നെയായിരുന്നു പ്രധാന ചർച്ചാവിഷയം. ഓരോ കഥാപാത്രത്തിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന താരം കളങ്കാവലിലും തന്റെ അഭിനയ മികവ് പൂർണ്ണമായി തെളിയിച്ചിരുന്നു. സ്റ്റാൻലി ദാസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ശക്തമായ ഒരു പ്രതിനായക ഇമേജ് സൃഷ്ടിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു എന്നതിൽ സംശയമില്ല.
എന്നാൽ ചിത്രം മുന്നോട്ട് പോകുന്തോറും ചില ചോദ്യങ്ങൾ പ്രേക്ഷക മനസ്സിൽ ഉയർന്നു തുടങ്ങി. തുടക്കത്തിൽ സ്റ്റാൻലി കൊലപ്പെടുത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങൾ പിന്നീട് എന്ത് ചെയ്യുന്നു എന്നത് സിനിമ വ്യക്തമായി കാണിക്കുന്നില്ല. ആ ശവങ്ങൾ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമോ, അതോ അവരുടെ മരണവിവരം പോലും അറിയാതെ കുടുംബങ്ങൾ ഇപ്പോഴും അവരെ തേടിക്കൊണ്ടിരിക്കുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
അതുപോലെ തന്നെ രജിഷ വിജയൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പൊലീസ് സ്കെച്ച് തയ്യാറാക്കാൻ സഹായിക്കണമെന്ന് പറയുന്ന രംഗവും ചർച്ചയായി. ആ സമയത്ത് കൊലയാളി നേരിട്ട് അവിടെ എത്തുന്നുണ്ടെങ്കിലും അവളെ ഒന്നും ചെയ്യാതെ വിട്ടത് എന്തുകൊണ്ടാണെന്നതാണ് പ്രധാന ചോദ്യം. എങ്ങനെയോ രക്ഷപ്പെട്ടുപോയ ഒരു ഇരയായിരുന്നിട്ടും സ്റ്റാൻലി അവളെ കൊല്ലാതെ വിട്ടത് എന്തുകൊണ്ടെന്നതിന് സിനിമ വ്യക്തമായ ഉത്തരമൊന്നും നൽകുന്നില്ല.
അവസാനഘട്ടത്തിൽ കൊലയാളിയെ തിരിച്ചറിഞ്ഞതിന് ശേഷം പൊലീസ് സ്റ്റാൻലിയുടെ താമസസ്ഥലത്ത് പരിശോധന നടത്തുന്നു. അവിടെ നിന്നാണ് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വരച്ച ബുക്ക് കണ്ടെത്തുന്നത്. എന്നാൽ പോലീസ് എങ്ങനെ ആ സ്ഥലത്തെത്തിയെന്ന വിശദീകരണവും സിനിമ നൽകുന്നില്ല എന്നതും മറ്റൊരു ചോദ്യമായി പ്രേക്ഷകർ ഉന്നയിക്കുന്നു.
സ്റ്റാൻലി ദാസ് വരച്ച ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസവും പ്രേക്ഷകർ ശ്രദ്ധിക്കുന്ന മറ്റൊരു ഘടകമാണ്. ചില ചിത്രങ്ങൾ ചുവപ്പ് നിറത്തിലും, ചിലത് പച്ചയും നീലയും കലർന്ന നിറത്തിലും, മറ്റൊന്ന് കറുപ്പ് നിറത്തിലുമാണ് വരച്ചിരിക്കുന്നത്. ഇതിന് പിന്നിലെ അർത്ഥം പ്രേക്ഷകർ സ്വയം കണ്ടെത്താൻ ശ്രമിക്കുകയാണ്. സ്റ്റാൻലി ആസ്വദിച്ചുകൊണ്ട് കൊലപ്പെടുത്തിയ ഇരകളുടെ ചിത്രങ്ങളാണ് ചുവപ്പ് നിറത്തിൽ വരച്ചതെന്നും, സാഹചര്യം മൂലം കൊല്ലേണ്ടിവന്ന മണി എന്ന കഥാപാത്രത്തിന്റെ ചിത്രം കറുപ്പ് നിറത്തിലാണെന്നും ഒരു വിഭാഗം പ്രേക്ഷകർ കണ്ടെത്തുന്നു.
കളങ്കാവൽ , Photo: SonyLIV/ Screengrab
അതേസമയം, ഭാവിയിൽ കൊല്ലാനിടയുള്ളവരുടേയും സ്റ്റാൻലി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവരുടേയും ചിത്രങ്ങളാണ് പച്ച നിറത്തിൽ വരച്ചതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ടെക്സ്റ്റൈൽസിൽ വെച്ച് സ്റ്റാൻലിയുടെ വലയിൽ വീഴാതെ രക്ഷപ്പെട്ട സ്ത്രീയുടെയും വിനായകന്റെ കഥാപാത്രത്തിന്റെയും ചിത്രങ്ങൾ അതിൽ ഉൾപ്പെടുന്നു.
ഇത്തരം ചോദ്യങ്ങളും ചർച്ചകളുമാണിപ്പോൾ പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ഒ.ടി.ടി റിലീസിന് ശേഷവും കളങ്കാവൽ പുതിയ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് സ്വയം ചിന്തിക്കാനുള്ള ധാരാളം ഇടങ്ങൾ സിനിമയിൽ തുറന്നുവെച്ചത് തന്നെയാണ് കളങ്കാവലിന്റെ ഏറ്റവും വലിയ പ്രത്യേകത.
Content Highlight: Questions and discussions again surrounding the movie Kalamkaaval
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.