ന്യൂദൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഈ മാസം മൂന്നിന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
മാതൃകാ ചോദ്യപേപ്പറിലെ 410 ൽ 135 ചോദ്യങ്ങളും ആവർത്തിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഉൾപ്പെട്ടതായി അന്വേഷണം നടത്തിയ രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എ.ഡി.ജി.പി വിശാൽ ബൻസാൽ അറിയിച്ചതിനെ തുടർന്നാണ് നാഷണൽ ടെസ്റ്റിങ് ഏജസി പരീക്ഷ റദ്ദാക്കിയത്.
വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ചോദ്യപേപ്പർ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 180 ചോദ്യങ്ങളുള്ള പരീക്ഷയിൽ 135 ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിലേതുതന്നെയായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും രാജസ്ഥാനിലെ സീക്കർ, ജയ്പുർ, കോട്ട എന്നിവിടങ്ങളിൽനിന്നും ആകെ 12 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സീക്കറിലെ എൻട്രൻസ് പരിശീലനസ്ഥാപനം വിദ്യാർഥികൾക്ക് നൽകിയ മാതൃകാ പരീക്ഷാപേപ്പറിലെ ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിൽ ആവർത്തിച്ചത്. ഇത് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള 23 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനെതിരെ എസ്.എഫ്.ഐ, എൻ.എസ്.യു.ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് നെറ്റ് പരീക്ഷയും സമാനമായ സാഹചര്യത്തിൽ റദ്ദാക്കിയിരുന്നു.
Content Highlight: Question paper leak; NEET UG exam cancelled