കൊച്ചി: പി.വി. അന്‍വറിനും അസോഷ്യേറ്റ് അംഗത്വം നല്‍കാന്‍ യു.ഡി.എഫ് തീരുമാനം. അൻവറിന് പുറമെ സി.കെ. ജാനുവിന്റെ പാര്‍ട്ടിക്കും വിഷ്ണുപുരം ചന്ദ്രശേഖരനും അംഗത്വം നല്‍കും. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ പി.വി. അന്‍വര്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസും യു.ഡി.എഫിലെ അസോഷ്യേറ്റ് അംഗങ്ങളാകും.
ഇന്ന് (തിങ്കള്‍) നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനം. നിലവില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും കേരള കാമരാജ് കോണ്‍ഗ്രസും എന്‍.ഡി.എയുടെ ഘടകക്ഷികളാണ്.
ഇവര്‍ എന്‍.ഡി.എ വിട്ട് യു.ഡി.എഫില്‍ ചേരാന്‍ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി ഈ തീരുമാനത്തില്‍ എത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും വി.ഡി. സതീശന്‍ അറിയിച്ചു.
ഫെബ്രുവരി ആദ്യവാരം മുതല്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റാലി നടത്താനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായോ എല്‍.ഡി.എഫുമായോ ഒരു നീക്കുപോക്കുകള്‍ക്കും യു.ഡി.എഫും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത് യു.ഡി.എഫ് ഏകോപന സമിതിയുടെ തീരുമാനമാണ്. ഇക്കാര്യം പ്രാദേശിക നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാതെ അസഹിഷ്ണുതയോടെയാണ് സി.പി.ഐ.എം പെരുമാറുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
ആയുധം താഴെവെക്കണമെന്നാണ് സി.പി.ഐ.എമ്മിനോട് യു.ഡി.എഫിന് പറയാനുള്ളത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പ്രവര്‍ത്തകരോട് പറയണം. ധര്‍മടം, പാനൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെല്ലാം സി.പി.ഐ.എം അക്രമം അഴിച്ചുവിടുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Content Highlight: PV Anvar in UDF; will be given associate membership