സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന രജിനി- കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് പവര്‍ഹൗസ് പെര്‍ഫോര്‍മേഴ്‌സ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറക്ക് മുന്നില്‍ ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് ലഭിച്ചത്. ഗ്ലിംപ്‌സിന്റെ എ.ഐ വേര്‍ഷനുകളും വൈറലായി.
ഗ്ലിംപ്‌സിന്റെ അതേ ടെംപ്ലേറ്റില്‍ മമ്മൂട്ടി- മോഹന്‍ലാല്‍, അജിത്- വിജയ്, സൂര്യ- വിക്രം എന്നിങ്ങനെ നിരവധി താരങ്ങളെ അണിനിരത്തിക്കൊണ്ട് എ.ഐ വീഡിയോകള്‍ പലരും പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനെക്കാളേറെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് മറ്റൊരു വേര്‍ഷനാണ്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയെയും രമണനെയും അണിനിരത്തിക്കൊണ്ടുള്ള എ.ഐ വീഡിയോ വൈറലായി.
ഹാര്‍ബറില്‍ ബോട്ടുമായെത്തുന്ന രമണനും അയാളെ കാത്തുനില്‍ക്കുന്ന ഗംഗാധരന്‍ മുതലാളിയുമാണ് വീഡിയോയിലുള്ളത്. പ്രായമായതിനാല്‍ ഇരുവരുടെയും താടിയും മീശയുമെല്ലാം നരച്ചിട്ടുമുണ്ട്. കടലില്‍ നിന്ന് കിട്ടിയ സ്രാവിനെയും തോളില്‍ വെച്ചാണ് രമണ്‍ ഗംഗാധരന്റെ പിറകേ നടക്കുന്നത്. രജിനി- കമല്‍ റീയൂണിയന്‍ ബി.ജി.എമ്മാണ് റീലില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒറിജിനല്‍ വീഡിയോയില്‍ ഗാരേജിലെ പെണ്‍കുട്ടികള്‍ രജിനിയെയും കമല്‍ ഹാസനെയും നോക്കുന്നതുപോലെ ഈ റീലില്‍ഇരുവരെയും അത്ഭുതത്തോടെ നോക്കുന്ന സ്ത്രീകളുണ്ട്. അതിലൊരാള്‍ മോളി കണ്ണമാലിയാണ്. പഞ്ചാബി ഹൗസില്‍ രമണനെ തെറ്റിദ്ധരിപ്പിച്ച സോണിയയാണ് രണ്ടാമത്തെ സ്ത്രീ. ഫിഷ് മാര്‍ക്കറ്റിലൂടെ മാസായി നടക്കുന്ന രമണനും ഗംഗാധരനും സ്രാവിനെ വിറ്റ് പൈസ വാങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
വൈല്‍ഡ് സ്‌പെല്‍ സ്റ്റുഡിയോ എന്ന പേജാണ് വീഡിയോ പങ്കുവെച്ചത്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. നിരവധി കമന്റുകളും ലൈക്കുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. ആരും ചിന്തിക്കാത്ത തരത്തില്‍ വീഡിയോ ഒരുക്കിയ ആളെ പലരും അഭിനന്ദിക്കുകയാണ്.