റമദാന്‍ മാസത്തില്‍ ഭക്ഷണക്രമീകരണം ആവശ്യപ്പെട്ടതില്‍ അധിക്ഷേപം; പഞ്ചാബിലെ സി.ടി സര്‍വകലാശാല വി.സിയെ പുറത്താക്കി
India
റമദാന്‍ മാസത്തില്‍ ഭക്ഷണക്രമീകരണം ആവശ്യപ്പെട്ടതില്‍ അധിക്ഷേപം; പഞ്ചാബിലെ സി.ടി സര്‍വകലാശാല വി.സിയെ പുറത്താക്കി
നിഷാന. വി.വി
Wednesday, 25th February 2026, 8:58 am

ലുധിയാന: കശ്മീരി വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ സി.ടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിതിന്‍ ടണ്ടനെ പുറത്താക്കി ചാന്‍സലര്‍ ചരണ്‍ജിത് സിങ് ചന്നി.

വിഷയത്തില്‍ പൊലീസും സര്‍വകലാശാലയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റമദാന്‍ മാസത്തില്‍ യൂണിവേഴ്‌സിറ്റി മെസ്സില്‍ അത്താഴത്തിനും നോമ്പ് തുറയ്ക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്നാല്‍ അദ്ദേഹം തങ്ങള്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കുകയും കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

‘കഴിഞ്ഞ അഞ്ച് ദിവസമായി, ഞങ്ങള്‍ക്ക് ഭക്ഷണം ക്രമീകരിക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച വൈകുന്നേരവും ഇഫ്താറിന് ശരിയായ ഭക്ഷണം ലഭിച്ചില്ല.

പ്രതിഷേധിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മെസ് പൂട്ടി. വി.സി നിതിന്‍ ടണ്ടന്‍ എത്തി, ഞങ്ങള്‍ അദ്ദേഹത്തോട് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവെച്ചു, പക്ഷേ അദ്ദേഹം ഞങ്ങളെ അസഭ്യം പറയുകയും കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

ടണ്ടന്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ വരെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം നടത്തുകയും വി.സിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിഷയത്തില്‍ ഇടപെടണമെന്നാവാശ്യപ്പെട്ട് കൊണ്ട് ജമ്മുകശ്മീര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

പതിവായി ഫീസ് അടയ്ക്കുന്ന വിദ്യാര്‍ത്ഥികളാണെന്നും റമദാന്‍ മാസത്തില്‍ ഭക്ഷണ ക്രമീകരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പറഞ്ഞു.

സ്വന്തം വിശ്വാസം പിന്തുടരിന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ശത്രുത നേരിടേണ്ടി വരരുതെന്നും സര്‍വകലാശാലകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായ ഇടങ്ങളാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ പി.ഡി.പി നേതാവ് ഇന്‍തിജ മുഫ്തിയും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

‘പ്രിയ ഭഗവന്ത് മന്‍ ജി, റമദാന്‍ മുതല്‍ ഇഫ്താറിനും അത്താഴത്തിനും ഭക്ഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ മാത്രം സി.ടി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കശ്മീരി മുസ്‌ലിം വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? പഞ്ചാബ് പോലുള്ള ഒരു സംസ്ഥാനത്ത് പോലും കശ്മീരികളെ ആക്രമിക്കുന്നത് സാധാരണമാണെന്ന് കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. വൈസ് ചാന്‍സലര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ ഇന്‍തിജ പറഞ്ഞു.

Content Highlight: Punjab’s CT University VC sacked for demanding food arrangements during Ramadan

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.