| Monday, 11th May 2026, 10:11 pm

ഇന്ത്യയിൽ മൂന്നാമത്, ലോകത്തിൽ നാലാമത്; ചരിത്രം തിരുത്തിക്കുറിച്ച് പഞ്ചാബ് കിങ്‌സ്

Sudev A

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സ് വിജയലക്ഷ്യം. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 210 റണ്‍സ് അടിച്ചെടുത്തത്.

ഈ മത്സരത്തില്‍ കൂടി ടീം ടോട്ടല്‍ 200 കടത്തിയതോടെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന നാലാമത്തെ ടീമായി പഞ്ചാബ് മാറി. 40 തവണയാണ് പഞ്ചാബ് കുട്ടി ക്രിക്കറ്റില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയത്. നിലവില്‍ ഈ റെക്കോഡില്‍ ഇംഗ്ലണ്ട് കൗണ്ടി ടീം സോമര്‍സെറ്റിനൊപ്പമാണ് പഞ്ചാബ്.

ഐ.പി.എല്ലില്‍ 39 തവണയാണ് പഞ്ചാബ് സ്‌കോര്‍ 200 കടന്നത്. ഐ.പി.എല്ലില്‍ ഈ പട്ടികയില്‍ മൂന്നാമതാണ് പഞ്ചാബിന്റെ സ്ഥാനം. ഐ.പി.എല്ലിൽ 39 തവണ 200+ റൺസ് നേടിയ പഞ്ചാബ് ഒരു തവണ ചാമ്പ്യൻസ് ലീഗിലാണ് ടീം സ്കോർ 200 കടത്തിയത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന ടീമുകള്‍, 200+ റണ്‍സുകളുടെ എണ്ണം

ഇന്ത്യ-50

ചെന്നൈ സൂപ്പര്‍ കിങ്‌സ്-43

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-43

പഞ്ചാബ് കിങ്സ്-40

സോമര്‍സെറ്റ്-40

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന ടീമുകള്‍, 200+ റണ്‍സുകളുടെ എണ്ണം

ചെന്നൈ സൂപ്പര്‍ കിങ്‌സ്-40

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-40

പഞ്ചാബ് കിങ്സ്-39

മുംബൈ ഇന്ത്യന്‍സ്-35

സണ്‍റൈസേഴ്സ് ഹൈദരാബാദ്-34

മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പ്രിയാന്‍ഷ് ആര്യയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 36 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്സ്.

പ്രിയാന്‍ഷ് 33 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളുമാണ് ആര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. കൂപ്പര്‍ കനോലി 38 റണ്‍സും സൂര്യാന്‍ഷ് ഷെഡ്‌ജെ 21 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ദല്‍ഹി ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാധവ് തിവാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Punjab Kings Become the fourth team to score most 200+ runs in t20 cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more