ഐ.പി.എൽ 2025ൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരാളാണ് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ ഇന്ത്യൻ താരം പഞ്ചാബിനെ ഫൈനലിൽ എത്തിച്ചിരുന്നു. 11 വർഷങ്ങൾക്ക് ശേഷമായിരുന്നു പഞ്ചാബ് ഒരു ഐ.പി.എല്ലിൽ കലാശപ്പോരിന് യോഗ്യത നേടിയിരുന്നത്.
കഴിഞ്ഞ സീസണിൽ ശ്രേയസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ടൂർണമെന്റിൽ കിരീടവും ചൂടിച്ചിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കൊപ്പവും താരം മികവ് തെളിയിച്ചിരുന്നു. ഈ സീസണിൽ പഞ്ചാബിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ താരത്തിന്റെ ക്യാപ്റ്റൻസിയെ വലിയ രീതിയിൽ ക്രിക്കറ്റ് ലോകം പ്രശംസിച്ചിരുന്നു.
ഇപ്പോൾ താരമെടുത്ത തീരുമാനങ്ങൾ എങ്ങനെയാണ് ടീമിനെ വിജയങ്ങളിലേക്ക് നയിച്ചതെന്ന് തുറന്ന് പറയുകയാണ് പഞ്ചാബ് കിങ്‌സ് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അഹമ്മദാബാദിൽ എല്ലാവരും ആദ്യം ബാറ്റ് ചെയ്യുന്നത് അനുകൂലിച്ചപ്പോൾ ശ്രേയസ് അയ്യരാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അക്കാര്യത്തിൽ ശ്രേയസിന് അധികം ക്രെഡിറ്റ് ലഭിച്ചില്ലെന്നും ഇന്ത്യൻ ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോൾ താരത്തെ പരിഗണിക്കണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദി ഗ്രേഡ് ക്രിക്കറ്റർ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ബ്രാഡ് ഹാഡിൻ.
‘മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അഹമ്മദാബാദിൽ എല്ലാവരും ആദ്യം ബാറ്റ് ചെയ്യാനാണ് പറഞ്ഞിരുന്നത്. ഞങ്ങൾ ശ്രേയസിനോടും ആദ്യം ബാറ്റ് ചെയ്യുമെന്ന് പറഞ്ഞു. പക്ഷേ നമ്മുക്ക് ബൗൾ ചെയ്യാമെന്നാണ് അവൻ പറഞ്ഞത്. എല്ലാവരും ആദ്യം ബാറ്റിങ്ങിനെ തുണച്ചപ്പോൾ ഞങ്ങൾ ബൗൾ ചെയ്തു.
സെക്കന്റ് ഇന്നിങ്സിൽ ക്യാപ്റ്റനിറങ്ങി ഐ.പി.എല്ലിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നടത്തി. ഞങ്ങളെ ഫൈനലിലുമെത്തിച്ചു. ഇവിടെയാണ് ഞങ്ങളുടെ ക്യാപ്റ്റന് അധികം ക്രെഡിറ്റ് ലഭിക്കാതെ പോയത്. ഇന്ത്യൻ ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോൾ അവർ അയ്യരെ പരിഗണിക്കണം. അവൻ ടൂർണമെന്റിലൂടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്,’ ഹാഡിൻ പറഞ്ഞു.