വിജിലന്‍സിന്റെ ശുപാര്‍ശ; അടിവസ്ത്ര കേസ് ബാലന്‍സ് ചെയ്യാനുള്ള ശ്രമം: വി.ഡി. സതീശന്‍
Kerala
വിജിലന്‍സിന്റെ ശുപാര്‍ശ; അടിവസ്ത്ര കേസ് ബാലന്‍സ് ചെയ്യാനുള്ള ശ്രമം: വി.ഡി. സതീശന്‍
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 3:14 pm
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്‍കിയവരോട് പറഞ്ഞേക്ക്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ വേറെയും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പാണ് പ്രശ്‌നമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ആരും അറിയാത്ത എന്തെങ്കിലും കണ്ടെത്തല്‍ ഉണ്ടെങ്കില്‍ സി.ബി.ഐക്ക് വിടട്ടെ. വേറെ ഏത് കേസ് വിട്ടില്ലെങ്കിലും ഈ കേസ് സി.ബി.ഐക്ക് വിടണമെന്നും വി.ഡി. സതീശൻ

ബത്തേരി: പുനര്‍ജ്ജനി കേസ് വിജിലന്‍സ് സി.ബി.ഐക്ക് ശുപാര്‍ശ ചെയ്തെന്ന വാര്‍ത്ത ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അങ്ങനെയൊരു ശുപാര്‍ശ നല്‍കാനാകില്ലെന്നും ഒരു വര്‍ഷം മുന്‍പുള്ള കാര്യം ഇപ്പോള്‍ വന്നത് തെരഞ്ഞെടുപ്പായത് കൊണ്ടാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സിന്റെ ശുപാര്‍ശ ഒരു കാരണവശാലും നിലനില്‍ക്കില്ല. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പ് ആദ്യം പരാതി തള്ളിക്കളഞ്ഞതാണ്. രണ്ടാമത് വീണ്ടും പരാതി എഴുതി വാങ്ങി വീണ്ടും അന്വേഷണം നടത്തി. ആ അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ ഒരു ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ആരും അറിയാത്ത എന്തെങ്കിലും കണ്ടെത്തല്‍ ഉണ്ടെങ്കില്‍ സി.ബി.ഐക്ക് വിടട്ടെ. ഇതൊക്കെ കണ്ടിട്ട് താന്‍ പേടിച്ച് പോയെന്ന് പറഞ്ഞേക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഏത് രീതിയില്‍ അന്വേഷിച്ചാലും കേസ് നിയമപരമായി നിലനില്‍ക്കില്ല. സി.ബി.ഐ അന്വേഷിച്ചാലും കുഴപ്പമില്ല. നിയമസഭയിലും പുറത്തും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 2018ന് ശേഷമാണ് ഇത്തരമൊരു ആക്ഷേപം വന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ജനുവരിയില്‍ തനിക്കെതിരെ ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണെങ്കില്‍ അത് നടക്കട്ടെ. രാഷ്ട്രീയമായും നിയമപരമായും നേരിടും. ഉമ്മന്‍ ചാണ്ടി സാറിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ സി.ബി.ഐ കേസ് കൊണ്ടുവന്നത് പോലെയാണെങ്കില്‍ അതുപോലെ ഇതിനെയും നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദേശത്ത് പോയി പണം പിരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് അന്വേഷണം സി.ബി.ഐക്ക് വിടുകയാണ് വേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ട് എം.വി. ഗോവിന്ദന്‍ ഒന്ന് വായിച്ച് നോക്കട്ടെ. ഉമ്മന്‍ ചാണ്ടിയുടെ കേസ് വിട്ടതുപോലെ ഇതും സി.ബി.ഐക്ക് വിടട്ടെ. വേറെ ഒരു കേസും വിട്ടില്ലെങ്കിലും ഈ കേസ് സി.ബി.ഐക്ക് വിടണം. താന്‍ പേടിച്ചിരിക്കുകയാണെന്ന് ഈ വാര്‍ത്ത ചാനലുകളില്‍ എത്തിച്ചവരോട് പറഞ്ഞാല്‍ മതിയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പാണ് പ്രശ്നമെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാം. ഒരേ കാര്യത്തില്‍ രണ്ടുതവണ അന്വേഷണം നടത്തി ഒന്നുമില്ലെന്ന് മനസിലാക്കിയിട്ടും സി.ബി.ഐ അന്വേഷിക്കേണ്ട കേസാണെന്ന പ്രഖ്യാപനം നടത്തിയാല്‍ അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിനുണ്ട്. അവര്‍ തന്നെ ഇങ്ങനെ സഹായിക്കുമെന്ന് കരുതിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തന്നെ പല രീതിയില്‍ സഹായിക്കാന്‍ തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയാനാകില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാല്‍ പ്രതിപക്ഷ നേതാവിനെ സഹായിക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും ചോദ്യമുണ്ട്.

അങ്ങനെ ഒരു റിപ്പോര്‍ട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കട്ടെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ 60 ദിവസം പോലും ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ സി.ബി.ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ അതിനെ വ്യക്തിപരമായി നേരിട്ടോളാം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇതിനൊക്കെ ആരാണ് മറുപടി പറഞ്ഞ് വിഷമിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ നിരവധി റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ അഭിമാനത്തോടെയാണ് താന്‍ ഇപ്പോഴും മനസില്‍ സൂക്ഷിച്ച് വച്ചിരിക്കുന്നത്. കേസ് സി.ബി.ഐക്ക് വിടരുതെന്നോ മുഖ്യമന്ത്രി സഹായിക്കണമെന്നോ താന്‍ ആവശ്യപ്പെടില്ല. ഇന്നലത്തെ അടിവസ്ത്ര കേസ് ബാലന്‍സ് ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഷഡ്ഡി കേസിന്റെ വാര്‍ത്ത പത്രങ്ങളുടെ അകത്തെ പേജിലേക്ക് ആക്കാനാണ് ശ്രമമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: Punarjani Vigilance’s recommendation; An attempt to balance the underwear case: V.D. Satheesan

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.