ഭയപ്പെടുന്നതെന്തിനാണ്; പുനർജനിയിൽ നടന്നത് ശബരിമലയിലേതുപോലുള്ള കൊള്ള: വി. ശിവൻകുട്ടി
Kerala
ഭയപ്പെടുന്നതെന്തിനാണ്; പുനർജനിയിൽ നടന്നത് ശബരിമലയിലേതുപോലുള്ള കൊള്ള: വി. ശിവൻകുട്ടി
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 10:39 am

തിരുവനന്തപുരം: പുനർജനി പദ്ധതിക്ക് ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശബരിമലയിൽ നടന്നതിന് തുല്യമായ കൊള്ളയാണ് പുനർജനി വിഷയത്തിലും നടന്നതെന്ന് ശിവൻ കുട്ടി പറഞ്ഞു.

ഭയപ്പെടുന്നതെന്തിനാണെന്നും താൻ പേടിച്ചുപോയെന്ന് പറഞ്ഞ് ഇതിനെ ലളിതവത്കരിക്കേണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഒരു പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് ഒരു അന്വേഷണം സംസ്ഥാനത്തിന്റെ വിജിലൻസ് ഡിപ്പാർട്മെന്റ് നടത്തുമ്പോൾ അത് രാഷ്ട്രീയം വച്ചുകൊണ്ടാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

‘തെരഞ്ഞെടുപ്പിനെ ലാക്കാക്കികൊണ്ട് സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിനു നേരെ കരിതേച്ച് കാണിച്ചുകൊണ്ട് ഒരു റിപ്പോർട്ട് എഴുതി കാണിച്ചാൽ അതിനു മറുപടി പറയാതെ പോകാൻ കഴിയില്ലല്ലോ. മറുപടി പറയണം 19 കോടിയുടെ ആക്ഷേപമാണ് നടന്നത്,’ ശിവൻകുട്ടി പറഞ്ഞു.

രാജ്യം കടന്നുള്ള സംഭവമായതുകൊണ്ട് സി.ബി.ഐ അന്വേഷിക്കണമെന്നാണ് അതിൽ നിർദേശിച്ചിരിക്കുന്നത് അതുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട കാര്യമെന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘കേരളം പോലുള്ളൊരു സംസ്ഥാനത്തിന്റെ പ്രതിപക്ഷം എന്ന് പറയുന്നത്, പ്രോട്ടോകോൾ പ്രകാരം കേരളത്തിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇരിക്കുന്നതുപോലുള്ള സ്ഥാനത്ത് തന്നെയാണ് പ്രതിപക്ഷനേതാവും ഉള്ളത്,’ ശിവൻകുട്ടി പറഞ്ഞു.

പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വി.ഡി. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാധ്യമങ്ങള്‍ പുറത്തുവിട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിദേശ സന്ദര്‍ശത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ വി.ഡി. സതീശന്‍ പുനർജനി ഫണ്ട് ഉപയോഗിച്ച് വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശനെതിരെ സി.ബി.എ അന്വേഷണം വേണമെന്ന് നേരത്തെ വിജിലൻസ് ശുപാർശ നൽകിയിരുന്നു.

Content Highlight: Punarjani project; Education Minister V Sivankutty against VD Satheesan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.