എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വന്ന ശേഷം കാര്യങ്ങളിത്രയേറെ കൈവിട്ടു പോയത്
FB Notification
എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വന്ന ശേഷം കാര്യങ്ങളിത്രയേറെ കൈവിട്ടു പോയത്
എന്‍.വി ബാലകൃഷ്ണന്‍
Friday, 15th February 2019, 10:15 pm

നമ്മുടെ ഉണര്‍വുകള്‍ക്കു വേണ്ടി
ജീവന്‍ സമര്‍പ്പിച്ച സൈനിക സോദരര്‍ക്ക് പ്രണാമം.
ഈ രക്തസാക്ഷിത്വം
ഭാരതത്തിന്റെ മക്കള്‍ക്ക്
ഒരിക്കലും മറക്കാവതല്ല

ഇത് രാജ്യത്തിനെതിരായ
യുദ്ധപ്രഖ്യാപനം തന്നെയാണ്.
അതിനെ നേരിടേണ്ടതും
ജനത ഒറ്റക്കെട്ടായി തന്നെ
വയനാടെന്ന അയല്‍പ്പക്കത്തെ
സഹോദരന്‍ വസന്തകുമാറിന്റെ
വീരമൃത്യുവില്‍ ശിരസ്സു നമിക്കുന്നു.

ഇത് കേവലവും പൊള്ളയുമായ രാജ്യസ്‌നേഹപ്രകടനങ്ങള്‍ക്കുള്ള
സമയം മാത്രമായി നാം ചുരുക്കരുത്.
നമുക്ക് മുമ്പിലുള്ളത് കത്തുന്ന ഇന്ത്യയാണ്.
വെന്തു നീറുന്ന ആത്മവേദനയാണ് നാം അനുഭവിക്കുന്നത്.
ആരാണിത് നമുക്ക് സമ്മാനിച്ചത്?
നമുക്ക് മുമ്പില്‍ ഒരു പ്രത്യക്ഷ ശത്രുവുണ്ട്. കാശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന
ഇന്ത്യ ശിഥിലമാകണമെന്നാഗ്രഹിക്കുന്ന പാക്കിസ്ഥാന്‍.
അവര്‍ തീവ്രവാദികള്‍ക്ക് ഉപ്പും ചോറും താവളവുമൊരുക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ നമുക്ക് കേവലം
ഒരു ശത്രുരാജ്യം മാത്രമാണോ?
എന്നു മുതലാണ് അവര്‍ നമ്മുടെ ശത്രുവായത്? 1947 ആഗസ്ത് 14ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അവരും നമ്മുടെ സഹോദരരായിരുന്നു.
“എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന പ്രതിജ്ഞക്കകത്ത് അവരുമുണ്ടായിരുന്നു.
വിഭജനത്തിനായി അറക്കവാളിന്റെ രണ്ടറ്റവും പിടിച്ചത് നമ്മുടെ “രാഷ്ട്ര നേതാക്കളാ”യിരുന്നു. നമ്മുടെ രാഷ്ട്രപിതാവ് അവരോടൊപ്പമില്ലായിരുന്നു.
പിളര്‍ന്നു മാറിയ അതിര്‍ത്തി രേഖകള്‍ക്കപ്പുറവും ഇപ്പുറവുമായി ബന്ധുക്കള്‍ പോലും പിളര്‍ന്നു പോയപ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് അലറിക്കരയാന്‍
മാത്രമേ കഴിഞ്ഞുള്ളൂ.

ജന്മം കൊണ്ട് ഏറ്റ് വാങ്ങേണ്ടി വന്ന
ഒരു മുള്‍ക്കിരീടമായിരുന്നു അവര്‍ക്ക് മതം.
ആ മതത്തിന്റെ പേരിലാണ്
പാക്കിസ്ഥാനിലകപ്പെട്ട ഹിന്ദുവിന്നേയും ഇന്ത്യയിലകപ്പെട്ട മുസ്ലീമിനേയും കത്തിക്ക് നുറുക്കി,
നാം നമ്മുടെ “ദേശീയത” കള്‍ പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിലെ ബന്ധുവിന്, ഇന്ത്യയിലകപ്പെട്ട മുസ്ലീമായ ബന്ധുവിന്റെ
മാംസം അറുത്തെടുത്ത്  കമനീയമായി പായ്ക്ക് ചെയ്ത് പാര്‍സലയച്ചുകൊടുത്താണ്
നാം സ്വാതന്ത്യം ആഘോഷിച്ചത്. പാക്കിസ്ഥാനിലകപ്പെട്ടവര്‍
തിരിച്ചും ഇതുതന്നെ ചെയ്തു.
മനുഷ്യമാംസത്തിന്റെ ചീഞ്ഞളിഞ്ഞ ഗന്ധം സഹിക്ക വയ്യാതെ
അതിര്‍ത്തി ഗ്രാമങ്ങളിലെ തപാലാപ്പീസുകള്‍, പാര്‍സലുകള്‍ സ്വീകരിക്കുന്നത് അന്ന് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

അങ്ങിനെയാണ് പാക്കിസ്ഥാന്‍
നമ്മുടെ ശത്രുരാജ്യവും
പാവപ്പെട്ട പാക്കിസ്ഥാനികള്‍
നമ്മുടെ ജന്മാന്തര ശത്രുക്കളുമായത്.
നാം എത്രമാത്രം ദേശാഭിമാനിയാണ്
എന്നതിന്റെ അളവുകോല്‍
നാം എത്രമാത്രം മനുഷ്യരുടെ
ചോരയും മാംസവും ചിതറിത്തെറിപ്പിച്ചു എന്നതായിരുന്നു.
അതിന്റെ വക്താക്കളായി വന്നത്,
സ്വാതന്ത്ര്യ സമരത്തെ ദൂരെ നിന്ന്
കൊടി കൊണ്ട് പോലും തൊടാനറച്ച
സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയതയായിരുന്നു.

അന്ന് ഈ “ദേശസ്‌നേഹ”ത്തില്‍ പങ്ക് പറ്റാതെ, ദില്ലിയിലെ അധികാര ലഹരി നുണയാതെ, നവഖാലിയിലും മറ്റു ചേരികളിലും
“പരസ്പരം കൊല്ലരുത് ”
എന്ന് വിലപിച്ചു നടന്ന
മഹാത്മാഗാന്ധിയെ കൊല്ലാനുള്ള പിസ്റ്റള്‍
തേടി നടക്കുകയായിരുന്നു ചിലര്‍.

ഇവിടെ ജയിക്കുന്നത് ദേശീയതയും രാജ്യസ്‌നേവും ഒരു തേങ്ങാപ്പിണ്ണാക്കുമല്ല. അധികാര രാഷ്ട്രീയമാണ്.
പാക്കിസ്ഥാനെ ശത്രുവായി പ്രഖ്യാപിച്ചാലേ ഇന്ത്യയുടെ “യുദ്ധനയതന്ത്രം” ലക്ഷ്യം കാണൂ. പാക്കിസ്ഥാനും വേണ്ടതും ഇത് തന്നെ.

ഇന്ത്യ എല്ലാ കാലത്തേക്കും അവരുടെ ശത്രുരാജ്യമായിരിക്കണം.
പരസ്പരം ഈ ശത്രുത വിറ്റ് വേണം
തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം
വിജയിപ്പിക്കാന്‍.

നമുക്ക് നല്ല അയല്‍പ്പക്ക ബന്ധമുണ്ടായാല്‍ നമ്മുടെ ദേശീയ വരുമാനം നാടിന്റെ പുരോഗതിക്ക് വേണ്ടി ചിലവഴിക്കാം. അതിര്‍ത്തിയിലെ അസ്ഥി മരവിക്കുന്ന
തണുപ്പില്‍ ബാരക്കുകളില്‍
നമ്മുടെ പട്ടാളക്കാരായ സഹോദരന്മാര്‍ തോക്കുമായി കാവല്‍ നില്‍ക്കേണ്ടി വരില്ല.
നമുക്ക് വേണ്ടി ഗീര്‍വാണമടിക്കാന്‍
നമ്മുടെ നേതാക്കള്‍ക്ക് അവസരം
ലഭിച്ചെന്നു വരില്ല. പക്ഷേ ഒന്നുണ്ട്.
റഫാലും വെസ്റ്റ്‌ലാന്റയും ബോഫോഴ്‌സും കളിച്ച് ഓഡിറ്റ് പോലും നടത്താതെ നമ്മുടെ നികുതിപ്പണം
കോടാനുകോടിയായി കട്ടെടുക്കാനാവില്ല.
അതിര്‍ത്തിയില്‍ മരിച്ച പട്ടാളക്കാരന്റെ ശവമടക്കാനുള്ള ശവപ്പെട്ടിയുടെ പേരില്‍പ്പോലും കമ്മീഷനടിക്കാനുള്ള
അധപതനം നാടിനുണ്ടാവില്ല.
മൂലധനവും ലാഭവും കൊള്ളയും കോര്‍പ്പറേറ്റിസവുമാണ് വില്ലന്‍.
ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും
പാവപ്പെട്ട ജനങ്ങളല്ല.

നമുക്ക് വേണ്ടത് പട്ടാളവും തോക്കും ബോംബുമല്ല. ഭക്ഷണമാണ്.
അത് ഉല്പാദിപ്പിക്കുന്നത്
അതിര്‍ത്തിയിലെ മരവിച്ച മഞ്ഞിലല്ല. വയലേലകളിലാണ്.
നമുക്ക് വേണ്ടി അന്നം
വിളയിച്ച കര്‍ഷകനെ തെരുവുതെണ്ടികളാക്കിയവരാണ്;
രാജ്യസ്‌നേഹം വെച്ച് വിളമ്പുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തില്‍
പട്ടിണി കിടന്ന്, കടം പിടിച്ച്,
മൂന്നര ലക്ഷം കൃഷിക്കാരാണ്
ആത്മഹത്യ ചെയ്തത്.
അവര്‍ക്ക് വേണ്ടി രാജ്യസ്‌നേഹം വിളമ്പാനാളില്ല.
ആര്‍ക്കും ദുഖം അണപൊട്ടിയൊഴുകുന്നില്ല. അവരുടെ വോട്ട് നക്കാപ്പിച്ച കൊടുത്ത്
വീണ്ടും തട്ടിയെടുക്കാന്‍ കഴിയുമോ
എന്ന് മാത്രമാണ് രാജ്യം ഭരിക്കുന്നവര്‍ അന്വേഷിക്കുന്നത്.

ഒരു ദളിത് സ്ത്രീ ശബരിമലയില്‍ കയറിയതിന് രാജ്യമാകെ കലാപമഴിച്ചുവിട്ടവര്‍
ആരെങ്കിലും ഈ കൃഷിക്കാരെക്കുറിച്ച് അന്വേഷിക്കുമോ?
എന്ത് കൊണ്ടാണ്
ഉദാത്തമായ സ്‌നേഹവും കരുതലുമൊക്കെപ്പറയുന്ന മതങ്ങള്‍ തീവ്രവാദികളുടെ കയ്യിലെ ഉപകരണമാകുന്നത്? ഉത്തരം ലളിതമാണ്.
രാഷ്ട്രീയ അധികാരം പിടിക്കാനും നിലനിര്‍ത്താനും മൂലധനം കൊള്ളചെയ്യാനും മതത്തെ ഉപയോഗിക്കുകയാണവര്‍.
ചാവേറാകാന്‍ തയാറായാല്‍ അവന് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നു.
കുടുംബത്തിന് കോടികള്‍ നല്‍കുന്നു.
ഇങ്ങനെ മതമുതലാളിമാര്‍
ഇവരെ ഉപയോഗിക്കുന്നു.
ഇസ്ലാമിക തീവ്രവാദികള്‍ മാത്രമല്ല,
വിശ്വാസത്തിന്റെ ലേബലൊട്ടിച്ച്
അയോദ്ധ്യയിലും ശബരിമലയിലും
സംഘപരിവാര്‍ നടത്തുന്നതും
ഇതേ മത ദുരുപയോഗം തന്നെയാണ്.

ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന കാശ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ തീരുമാനിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു.
അവരുടെ പുരോഗതി ഉറപ്പു വരുത്തി,
അവരുടെ സ്വതന്ത്ര പദവിയും
സ്വത്വ സുരക്ഷയും കാത്തു സൂക്ഷിക്കുമെന്നായിരുന്നു
നാമവര്‍ക്ക് എഴുതി നല്‍കിയ വാഗ്ദാനം.
പകരം നാമവര്‍ക്ക് നല്‍കിയത്
നിത്യമായ അടിമത്വവും,
അവരുടെ വിശ്വാസങ്ങള്‍ക്കെതിരായ കടന്നുകയറ്റവും
തൂക്കു കയറും വെടിയുണ്ടയും പെല്ലറ്റ് ബോംബുമൊക്കെയാണ്.

തീവ്രവാദികളോട് ആത്മീയ പ്രഭാഷണം നടത്തണമെന്നല്ല.
തീവ്രവാദികള്‍ക്ക് മണ്ണൊരുക്കിയതും
ജനങ്ങള്‍ക്ക് രാജ്യഭരണാധികാരികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി
അവരെ തീവ്ര വികാരങ്ങളിലേയ്ക്ക്
തള്ളിവിട്ടതും നമ്മുടെ വികലമായ
ഭരണനടപടികള്‍ മൂലമായിരുന്നില്ലേ?

എന്ത് കൊണ്ടാണ് മോദീ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം
കാര്യങ്ങള്‍ ഇത്രയേറെ കൈവിട്ടു പോയത്? അതിര്‍ത്തിയില്‍
കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍
22 വലിയ ഭീകരാക്രമണങ്ങളാണ് നടന്നത്.
അതില്‍ അഞ്ചെണ്ണം മാത്രമാണ്
മോദി ഭരണത്തിന് മുമ്പ് നടന്നത്.
ബാക്കി 17 ഉം മോദി ഭരണകാലത്താണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങള്‍ പുല്‍വാമയും ഉറിയും പത്താന്‍ കോട്ടുമൊക്കെ സംഭവിക്കുന്നത് മോദി ഭരണകാലത്താണ്. കാശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും വിധം തീവ്രവാദം പെരുകിയത് ഇക്കാലത്താണ്.

ഏറ്റവും അധികം ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായതും ഇതേ കാലത്ത് തന്നെ.
ഇപ്പാള്‍ 44 പേരെ വകവരുത്തിയ
(മരണസംഖ്യ ഇനിയുമുയരാം)
ജെയ്‌ഷേ മുഹമ്മദ് എന്ന
തീവ്രവാദ സംഘടനയുടെ തലവന്‍
മസൂദ് അസര്‍ ആരാണ്?
ഇന്ത്യന്‍ ജയിലില്‍ അതീവ സുരക്ഷയോടെ താമസിപ്പിച്ചിരുന്ന ഈ കൊടും ഭീകരനെ
1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ
തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി
വാജ്‌പേയ് പ്രത്യേക വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലെത്തിച്ച്
ഭീകരരുടെ ആജ്ഞയനുസരിച്ച് തുറന്നു വിട്ടതാണെന്ന യാഥാര്‍ത്ഥ്യം മറക്കരുത്.
ഇപ്പോള്‍ വലിയ വീരവാദം മുഴക്കുന്ന
സംഘ പരിവാറുകാരുടെ
നയതന്ത്ര ചാതുര്യവും ഭീരുത്വവും
അന്ന് വലിയ ചര്‍ച്ചയായിരുന്നു.

ഇന്ന് ഇത്രയും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം
ആരാണ് ഏറ്റെടുക്കേണ്ടത്?
ജെയ്‌ഷെ മുഹമ്മദ്
രണ്ട് ദിവസം മുമ്പുതന്നെ
ചാവേറിന്റെ വീഡിയോ
“ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നു”
എന്ന് പ്രഖ്യാപിച്ച് പുറത്തിറക്കിയിരുന്നു.
ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘത്തിന്റെ കൈവശം അത് ലഭിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും  2500 പട്ടാളക്കാരുമായി
അതീവ സുരക്ഷയുള്ള
ജമ്മു -ശ്രീനഗര്‍ ഹൈവേയിലൂടെ
സഞ്ചരിക്കുന്ന പട്ടാള വാഹനവ്യൂഹത്തിനിടയിലേക്ക്
350 കിലോഗ്രാം സ്‌ഫോടക വസ്തുക്കളുമായി
ഒരു എസ്.യു.വി.കാറില്‍
ഇടിച്ചു കയറാന്‍ കഴിഞ്ഞെങ്കില്‍,
ഇതിലും വലിയ സുരക്ഷാവീഴ്ച സംഭവിക്കാനുണ്ടോ?

വിടുവായിത്തത്തിനും ഗീര്‍വാണ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം നമുക്കാവശ്യം ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള, തീവ്രവാദത്തിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുതകുന്ന
അടിയന്തര നടപടികളാണ്.
എങ്കിലേ വീരമൃത്യു വരിച്ച
നമ്മുടെ സഹോദരന്മാരോടും
അവരുടെ ബന്ധുക്കളോടും
രാജ്യത്തോടു തന്നെയും
കുന്നിക്കുരുവോളം നീതി ചെയ്തു എന്ന്
നമുക്ക് ആശ്വസിക്കാനെങ്കിലുമാവൂ.

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍