സ്ഥാനാര്‍ത്ഥി പട്ടികയും; ബി.ജെ.പിയിലെ പരസ്യ പ്രതിഷേധവും
national news
സ്ഥാനാര്‍ത്ഥി പട്ടികയും; ബി.ജെ.പിയിലെ പരസ്യ പ്രതിഷേധവും
രാഗേന്ദു. പി.ആര്‍
Monday, 4th March 2024, 5:36 pm

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും മുതിര്‍ന്ന നേതാക്കളും അനുയായികളും നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ ബി.ജെ.പി നടത്തിയ ഏതാനും അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാല് ദിശയില്‍ നിന്ന് അടികിട്ടി തുടങ്ങിയപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ ബി.ജെ.പിയില്‍ ഉള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരടങ്ങുന്ന 195 അംഗങ്ങളുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കേരളത്തിലെ 12 മണ്ഡലങ്ങളിലേക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

എന്നാല്‍, ആദ്യ പട്ടികയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവും ആരോഗ്യ മന്ത്രിയുമായിരുന്ന ഹര്‍ഷ് വര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് തവണ കേന്ദ്ര മന്ത്രിയായ നേതാവ് കൂടിയാണ് ഹര്‍ഷ് വര്‍ധന്‍. പക്ഷെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ഷ് വര്‍ധന് ഇടം പിടിക്കാന്‍ കഴിഞ്ഞില്ല.

താന്‍ രാഷ്ട്രീയം വിടുകയാണെന്ന് സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഹര്‍ഷ് വര്‍ധന്‍ അറിയിച്ചത്. ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടില്ലെന്നും ഒരുപാട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ അറിയിക്കുകയും ചെയ്തു. അതേസമയം രാഷ്ട്രീയത്തിലൂടെ വോട്ടര്‍മാരുടെ ആഗ്രഹങ്ങള്‍ അല്ലാതെ മറ്റൊന്നും പൂര്‍ത്തിയാക്കാന്‍ വേണ്ടി അല്ലല്ലോ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നതെന്ന് നേതാവിനോട് വിമര്‍ശകര്‍ ചോദ്യമുയര്‍ത്തി.

ഹര്‍ഷ് വര്‍ധന് പുറമെ ഗുജറാത്തിലെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലും ലോക്സഭാ തെരഞ്ഞെടുപ്പിലേക്കില്ലന്ന് പ്രഖ്യാപിക്കുകയുണ്ടായി. മെഹ്സാന മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് നിതിന്‍ പട്ടേലിന്റെ പ്രഖ്യാപനം. ഇത് ബി.ജെ.പിക്ക് ഒരു തിരിച്ചടി തന്നെയാണ്. ഒരുപക്ഷെ സംസ്ഥാനത്തെ രാഷ്ട്രീയ ഘടനയെ അട്ടിമറിക്കുന്നതിന് ഈ തീരുമാനം ഒരു കാരണമായേക്കാം.

ഇവര്‍ക്കെല്ലാം പുറമെ സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പശ്ചിമബംഗാളിലെ അസന്‍സോളില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പവന്‍ സിങ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു. ഭോജ്പുരി ഗായകനായ പവന്‍സിങ് നേരത്തെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും അതെ രീതിയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്ത നേതാവാണ്. ഇക്കാര്യങ്ങള്‍ എല്ലാം ഗായകന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായി.

ഉത്തര്‍പ്രദേശിലെ ഖേരി മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്ക് വീണ്ടും സീറ്റ് നല്‍കിയതിനെതിരെ, കേന്ദ്ര സര്‍ക്കാരിനെതിരെ രണ്ടാം ഘട്ട പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുകയും ഉണ്ടായി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേരുകളുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി ഇല്ല എന്നത് നിരാശാജനകമാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.

ദേശീയ തലത്തില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍, സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ എതിര്‍പ്പാണ് നിലവില്‍ രൂപപ്പെട്ടിരിക്കുന്നത്.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകനെ പാര്‍ട്ടിക്കാര്‍ തന്നെ മര്‍ദിച്ചുവെന്ന പരാതി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. പൗഡിക്കോണം സ്വദേശിയായ സായി പ്രശാന്തിനാണ് മര്‍ദനമേറ്റത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തന്നെ മര്‍ദിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് പ്രശാന്ത് നല്‍കിയ പരാതിയില്‍ പറയുന്നത്.

രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ‘3ജി തിരുവനന്തപുരം’ എന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെ ഓഫീസില്‍ വിളിച്ചു വരുത്തി ബി.ജെ.പി നേതാക്കള്‍ മര്‍ദിച്ചുവെന്ന് സായി പ്രശാന്ത് പൊലീസിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും ഐ.എന്‍.സി വിട്ട് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പത്തനംതിട്ട ബി.ജെ.പിയില്‍ പരസ്യമായ പ്രതിഷേധം ഉണ്ടായി. ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം പിതൃശൂന്യമായ നീക്കമാണെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചാ വിഷയമായതോടെ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി പുറത്താക്കി.

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയായി വോട്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നത് പി.സി. ജോര്‍ജിനെ ആയിരുന്നുവെന്നും നേതൃത്വം അത്തരത്തില്‍ ഉയര്‍ന്നു വന്ന ആവശ്യം വ്യാജമാണെന്ന് പറയാന്‍ സാധ്യതയുണ്ടെന്നും ശ്യാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നേതൃ നിരയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് കര്‍ഷക മോര്‍ച്ച നേതാവ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെതിരെ പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് പി.സി ജോര്‍ജ് പറയുകയുണ്ടായി.

അനില്‍ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് തനിക്ക് അറിയില്ലെന്ന് പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനോ ശ്രീധരന്‍പിള്ളയോ മത്സരിക്കണമായിരുന്നെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഗതികേടാണ്. എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ ആഗ്രഹിച്ചത് ഞാന്‍ സ്ഥാനാര്‍ത്ഥി ആകണമെന്നാണ്. പത്തനംതിട്ടയില്‍ സീറ്റ് നിഷേധിച്ചതിനെതിരെ കേന്ദ്ര ബി.ജെ.പി നേതൃത്വത്തെ എന്റെ പരാതി അറിയിക്കും’, എന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്. സംസ്ഥാനത്ത് മറ്റൊരു സീറ്റിലും മത്സരിക്കാന്‍ തയ്യാറല്ലെന്നും പി.സി. ജോര്‍ജ് അറിയിച്ചിരുന്നു.

എന്നാല്‍ പി.സി. ജോര്‍ജ് ബി.ജെ.പിക്ക് ഒരു വെല്ലുവിളിയാകും എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും സംസ്ഥാന അധ്യക്ഷന്‍ പി.സിയെ വിമര്‍ശിക്കാന്‍ മടിച്ചില്ല.

‘പി.സി. ജോര്‍ജേ ഭാഷയില്‍ കുറച്ച് മിതത്വം പാലിക്കാം, അതായത് പൊടിക്ക് കുറക്കാം,’ എന്ന് സുരേന്ദ്രന്‍ ഒരു താക്കീത് നല്‍കി. പി.സി. ജോര്‍ജിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും പാര്‍ട്ടി മനസിലാക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി. പക്ഷെ എന്താണ് മനസിലാക്കിയതെന്ന് മാത്രം പറഞ്ഞില്ല.

അനില്‍ ആന്റണിയെ അറിയാത്ത ആരും തന്നെ കേരളത്തില്‍ ഇല്ലെന്നും കേന്ദ്ര നേതൃത്വം പുറത്തുവിട്ട പട്ടികയിലെ മികച്ച സ്ഥാനാര്‍ത്ഥിയാണ് അനിലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഇനി പാലക്കാടേക്കും കാസര്‍ഗോഡിലേക്കും നോക്കുകയാണെങ്കില്‍ സ്ഥിതി ഇത്തിരി കടുപ്പം തന്നെയാണ്. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ ആര്‍.എസ്.എസിന് അതൃപ്തി ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട സി. കൃഷ്ണകുമാറിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആര്‍.എസ്.എസ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വനിതകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയെന്ന് നേതൃത്വം വാദം ഉയര്‍ത്തുമ്പോള്‍ അത് അംഗീകരിക്കാന്‍ അണികള്‍ക്കും മറ്റും സാധിക്കുന്നില്ലെന്ന അവസ്ഥയാണ് കാസര്‍ഗോഡ് ഉള്ളത്. ആര്‍ക്കും അറിയാത്ത ഒരാളെ മത്സരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണെന്നും തോല്‍വിയാണോ ലക്ഷ്യമെന്നും അണികള്‍ ചോദിക്കുന്നു.

അപ്രമാദിത്വം ഉണ്ടെന്ന് ബി.ജെ.പി വാദിക്കുന്ന കാസര്‍ഗോഡ് മണ്ഡലത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ എന്നിവരെ തഴഞ്ഞുകൊണ്ടാണ് എം.എല്‍. അശ്വനിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് അണികള്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണ വോട്ടിങ് ശതമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും, എത്ര പ്രചരണം നടത്തിയെന്ന് അവകാശപ്പെട്ടാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും നിലവിലെ രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിക്ക് ഒരു വെല്ലുവിളിയാണ്.

Content Highlight: Public protest in BJP against the first phase list of candidates

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.