| Saturday, 9th August 2025, 6:41 pm

അധിനിവേശത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിന്നും വംശഹത്യയുടെ സമ്പദ് വ്യവസ്ഥയിലേക്ക്

പി.ടി. രാഹേഷ്

അധിനിവേശ പ്രദേശങ്ങളില്‍നിന്ന് ഫലസ്തീന്‍ വംശജരെ പുറന്തള്ളുകയും ഇസ്രഈലുകാരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതില്‍ കുത്തക മുതലാളിത്തത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് അധിനിവേശത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിന്നും വംശഹത്യയുടെ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തെക്കുറിച്ച് അറിയാനാവുക.

മുതലാളിത്തത്തിന്റെയും കുത്തകകളുടെയും താല്‍പര്യങ്ങളാണ് കോളനിവല്‍ക്കരണത്തിനും, നരഹത്യകള്‍ക്കും ലോകത്തെമ്പാടും പ്രേരകമായതെന്ന് ചരിത്രപരമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.

ഫലസ്തീന്‍ ഭൂമിയിലെ ഇസ്രഈലിന്റെ കോളനിവല്‍ക്കരണത്തിന് പിന്നിലും കച്ചവട താല്പര്യക്കാരെ കാണാനാവും. ഇസ്രഈല്‍ നടത്തുന്ന അന്യായമായ അധിനിവേശം നിലനിര്‍ത്താന്‍ സഹായിക്കുന്നത് വിവിധ മേഖലകളില്‍ പങ്കാളിത്തം വഹിക്കുന്ന കോര്‍പ്പറേറ്റുകളാണ്.

ആയുധ നിര്‍മ്മാണ മേഖലയിലും കെട്ടിട നിര്‍മ്മാണ മേഖലയിലും, സേവന ബാങ്കിംഗ് മേഖലയിയിലും, കോര്‍പ്പറേറ്റുകള്‍ വമ്പിച്ച ലാഭം കൊയ്യുന്നു. യുദ്ധ കുറ്റകൃത്യങ്ങളിലും, യുദ്ധാനന്തര പുനരധിവാസത്തിലും ഒരുപോലെ പങ്കാളിത്തം വഹിച്ചു കൊണ്ട് തടിച്ചു കൊഴുക്കുന്ന കുത്തകളെയാണ് ഫലസ്തീന്‍ അധിനിവേശ പ്രദേശത്ത് കാണാനാവുക.

തദ്ദേശീയരെ ഒഴിപ്പിക്കുന്നതിനും, കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനുമെല്ലാം 2023 ഒക്ടോബര്‍ 23 ശേഷം കോര്‍പ്പറേറ്റുകള്‍ ഇസ്രഈലിനെ നന്നായി സഹായിച്ചു. നിഷ്‌കളങ്കരായ ജനതയുടെ ജീവിതം ഇല്ലാതാക്കിക്കൊണ്ട് ലാഭം കൊയ്യുന്ന കമ്പോള വ്യവസ്ഥിതികളുടെ സമന്വയമാണ് ഫലസ്തീനില്‍ കാണാനാവുന്നത്.

കൊളോണിയല്‍ വംശീയ മുതലാളിത്തം സ്വന്തം ഭൂമിയില്‍ നിന്നും മനുഷ്യരെ നിഷ്‌കാസനം ചെയ്യിക്കുകയാണ്. 1910ല്‍ രൂപം കൊണ്ട ‘The Jewish National Fund’ എന്ന ഭൂമി വാങ്ങുന്ന ഒരു കുത്തക സംരംഭം അറബ് ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്നും പുറന്തള്ളാനുള്ള ഒരു പദ്ധതിയായി പിന്നീട് മാറി.

സയണസത്തിന്റെയും, കൊളോണിയലിസത്തിന്റെയും വളര്‍ച്ചയോടൊപ്പം ഈ തുടച്ചു മാറ്റുന്ന പ്രക്രിയക്കും ആക്കം കൂടി. 1967നു ശേഷം കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ ഇസ്രഈല്‍ അധിനിവേശം അനുസൂതം നടന്നുകൊണ്ടിരിക്കുന്നു.

അധിനിവേശത്തിന് ആവശ്യമായ ആയുധങ്ങളും, യന്ത്രങ്ങളും കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം നല്‍കി. സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ ആരാധനാലയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ക്കുന്നതിനായി കുത്തകകള്‍ സഹായം നല്‍കി.

ഫലസ്തീനിലെ ഇസ്രഈലി പട്ടാളത്തിന്റെ അന്യായമായ സാന്നിധ്യത്തിലൂടെയും, അവിടെ വര്‍ദ്ധിച്ചുവരുന്ന ഇസ്രഈലിന്റെ സായുധ സാന്നിധ്യത്തിലൂടെയും ഫലസ്തീനികളുടെ വംശീയ ഉന്‍മൂലനം ഈ കുത്തകകള്‍ സാധ്യമാക്കി നല്‍കി.

വ്യാപാരത്തിനും, നിക്ഷേപത്തിനും വനവല്‍ക്കരണത്തിനും, മത്സ്യബന്ധനത്തിനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വ്യവസായവും, കൃഷിയും ഇല്ലാതാക്കി ഫലസ്തീനിന്റെ സമ്പദ് വ്യവസ്ഥയെ ശ്വാസംമുട്ടിക്കാനും ഇസ്രഈലിനെ കുത്തകകള്‍ സഹായിച്ചു.

തൊഴില്‍ വിഭവ മേഖലകള്‍ ചൂഷണം ചെയ്തു കയ്യടക്കിയും, പ്രകൃതിവിഭവങ്ങള്‍ ഇല്ലാതാക്കിയും അതുവഴിയുള്ള സാമഗ്രികള്‍ കച്ചവടം നടത്തിയും ഫലസ്തീന്‍ വ്യാപാരങ്ങള്‍ അവരുടെ കൈവശപ്പെടുത്തി.

ഭൗതിക വളര്‍ച്ചയുടെയും ശക്തിയുടെയും കേന്ദ്രമായ സര്‍വകലാശാലകള്‍ ഫലസ്തീനിന്റെ കോളനിവല്‍ക്കരണത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സിദ്ധാന്തത്തെ അടിവരയിട്ടു. ധനകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫലസ്തീന്‍ ഉന്മൂലനത്തില്‍ നിന്നും നേട്ടം കൊയ്തു.

അനധികൃത കയ്യേറ്റത്തിലൂടെ ബാങ്കുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് മേഖല തുടങ്ങിയവരെല്ലാം ധനനേട്ടമുണ്ടാക്കി. യുദ്ധ കോപ്പുകളും, സാങ്കേതികവിദ്യകളും ഫലസ്തീനികളെ ഒഴിപ്പിക്കാനും കൂട്ടക്കൊലയ്ക്കുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ മേഖലയെ വാസയോഗ്യമല്ലാതാക്കാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

2023 മുതല്‍ മുറിവേറ്റ ഫലസ്തീന്‍കാരെ ജീവനോടെ കുഴിച്ചുമൂടുന്നതിലും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു

നിരീക്ഷണ സംവിധാനങ്ങളും, അനുബന്ധ സാങ്കേതികവിദ്യകളും വേര്‍തിരിവിനും വര്‍ണ്ണവിവേചനത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വിവേചനരഹിതമായി ഫലസ്തീന്‍ ജനതയെ വേട്ടയാടാനാണ് ഉപയോഗിക്കുന്നത്.

വീടുകള്‍ തകര്‍ക്കാനും, അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനും ഉപയോഗിച്ച കനത്ത യന്ത്രങ്ങള്‍ ഇപ്പോള്‍ ഗാസയുടെ നഗര ഭൂപ്രകൃതിയെ ഇല്ലാതാക്കാനും, നിഷ്‌കാസിതരാക്കപ്പെട്ട ജനത തിരിച്ചുവന്ന് ഒരു സമൂഹമായി കൂടിച്ചേരാനുള്ള സാഹചര്യം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.

സുദീര്‍ഘമായ അധിനിവേശങ്ങളും, ആവര്‍ത്തിച്ചുള്ള സൈനിക ആക്രമണങ്ങളും സായുധ സംവിധാനങ്ങളുടെ പരീക്ഷണശാലയാക്കി ഫലസ്തീനെ മാറ്റി. വ്യോമാക്രമണങ്ങളുടെയും, ഡ്രോണുകളുടെയും, നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംവിധാനങ്ങളുടെയും, അമേരിക്കയുടെ F35 പദ്ധതിയുടെയും ശേഷി അനായാസം പരീക്ഷിക്കാനുള്ള ഒരു ഇടമാക്കി ഫലസ്തീനെ മാറ്റി.

2023-24ല്‍ ഇസ്രഈലിന്റെ യുദ്ധ ചെലവില്‍ 65 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇസ്രഈലിലെ കമ്പനികള്‍ക്കും, വിദേശ ആയുധ നിര്‍മ്മാണ കമ്പനികള്‍ക്കും ഇതുവഴി കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കാനായി.

സാങ്കേതികവിദ്യയേയും കുടിയേറ്റ കൊളോണിയല്‍ അധിനിവേശത്തിനായി ഉപയോഗപ്പെടുത്തുകയും, ആഗോള ആയുധ നിര്‍മ്മാതാക്കളുടെ സഹായത്തോടെ വീടുകളും, പൊതു കെട്ടിടങ്ങളും, കൃഷിയും, റോഡും, അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതാക്കുന്നതിനുമാണ് ഇസ്രഈല്‍ ഉപയോഗപ്പെടുത്തിയത്.

പതിറ്റാണ്ടുകളോളം ഫലസ്തീനില്‍ വീടുകളും, കെട്ടിടങ്ങളും തകര്‍ക്കാന്‍ ഇസ്രഈലിന് സാമഗ്രികള്‍ നല്‍കിയത് കാറ്റര്‍ പില്ലര്‍ കോര്‍പ്പറേറ്റ് കമ്പനിയാണ്. 2023 മുതല്‍ മുറിവേറ്റ ഫലസ്തീന്‍കാരെ ജീവനോടെ കുഴിച്ചുമൂടുന്നതിലും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2025ല്‍ ഇവര്‍ വീണ്ടും ശതകോടി ഡോളറിന്റെ കരാര്‍ നേടുകയും ചെയ്തു.

ഇസ്രഈലിന് കൊടുത്ത യന്ത്രസാമഗ്രികള്‍ കൊണ്ട് ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയിട്ടും മനുഷ്യാവകാശ സംരക്ഷണ കമ്മീഷനില്‍ നിന്നും നിരവധിതവണ അന്ത്യശ്വാസനം ലഭിച്ചിട്ടും ഇത്തരം കമ്പനികള്‍ യന്ത്രസാമഗ്രികള്‍ തുടര്‍ന്നും നല്‍കി പോരുകയാണ്.

ഇസ്രഈല്‍ അധിനിവേശ പ്രദേശത്തെ നശിപ്പിക്കാന്‍ കൂട്ടുനിന്നത് പോലെ, അവിടെ നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനും കോര്‍പ്പറേറ്റുകള്‍ രംഗത്തുണ്ട്. കോളനി നിര്‍മ്മാണം, അതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കല്‍, ഊര്‍ജ്ജ, കാര്‍ഷിക ഉത്പാദനങ്ങള്‍ നടത്തല്‍, വിദേശികളെ ഇവിടേക്ക് പതിവായി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഏതാണ്ട് 371ല്‍ കൂടുതല്‍ കോളനികളും, അനധികൃത ഔട്ട് പോസ്റ്റുകളും ഈ കമ്പനികള്‍ നിലവില്‍ നിര്‍മ്മിച്ചു. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ ജനവിഭാഗത്തെ ഇസ്രഈല്‍ പൗരന്മാരെ ഉപയോഗിച്ച് തുടച്ചുനീക്കുകയും ചെയ്തു.

പ്രകൃതി വിഭവങ്ങളില്‍ ഇസ്രഈല്‍ പിടിമുറുക്കിയത് ജീവിക്കാനും, ജീവന്‍ നിലനിര്‍ത്താനുമുള്ള സാഹചര്യങ്ങളെ ആസൂത്രിതമായി നശിപ്പിക്കാനായിരുന്നു. ഫലസ്തീന്‍ ജനതയെ ഇസ്രഈല്‍ സര്‍ക്കാരില്‍ ആശ്രയത്വമുള്ളവരാക്കി മാറ്റുന്നതിനു വേണ്ടിയാണ് ഇതിലൂടെ കഴിഞ്ഞത്.

വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ വിച്ഛേദിച്ചുകൊണ്ട് ഗാസയെ പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് 2003 ഒക്ടോബര്‍ 9 മുതലാണ്. ഫലസ്തീന്‍ ജനതയുടെ ജീവിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പലായനമല്ലാതെ മറ്റൊരു വഴിയവര്‍ക്കില്ലാതാക്കി.

സ്വന്തം ഭൂമിയില്‍ തങ്ങുന്നവരെ സായുധശക്തിയിലൂടെ നേരിട്ട് ആസൂത്രിതമായി ഇല്ലാതാക്കാനും ശ്രമിച്ചു. ഫലത്തില്‍ ചരിത്രത്തെ മായ്ച്ചു കളയുകയും അധിനിവേശ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന പുതിയൊരു സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

ഇസ്രഈലിന്റെ കോളനികളില്‍ നിര്‍മ്മിക്കുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധനകള്‍ ഇല്ലാതെയും ഉല്‍പാദന സ്രോതസ്സിന്റെ വിവരങ്ങള്‍ പുറത്തുവിടാതെ ആശയക്കുഴപ്പമുണ്ടാക്കുന്ന ലേബലുകളും ബാര്‍കോഡുകളും പതിപ്പിച്ചും ഫലസ്തീനില്‍ വിതരണം ചെയ്യുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പോലും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നരഹത്യയിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒരു രാജ്യമായി ഇസ്രഈല്‍ മാറി. യുദ്ധകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ മറയില്ലാതെ നടക്കുന്ന വംശഹത്യയുടെ സമ്പദ് വ്യവസ്ഥയാണ് ഇപ്പോള്‍ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഈ ഭൂപ്രദേശത്തെ മുഴുവനായും ഒഴിപ്പിച്ചെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായാണ് പ്രഖ്യാപിച്ചത്. ഫലസ്തീനിലെ മുഴുവന്‍ മനുഷ്യരെയും കൊന്നൊടുക്കി മുതലാളിത്തം സ്വപ്‌നം കാണുന്ന ഈ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതും അതിനിടയില്‍ ലാഭം കൊയ്യുന്നതും കോര്‍പ്പറേറ്റ് കമ്പനികളാണ്.

ഡൊണാള്‍ഡ് ട്രംപ്‌

മനുഷ്യനെ കൊന്നൊടുക്കാനുള്ള ആയുധങ്ങള്‍ വിതരണം ചെയ്തും, കൊല്ലപ്പെട്ട മനുഷ്യരെ കുഴിച്ചുമൂടുന്നതിനുള്ള കരാറെടുത്തും, ജീവന്‍ ബാക്കിയുള്ളവര്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കൊട്ടേഷന്‍ ഏറ്റെടുത്തും ശവപ്പറമ്പിലെ കടല കച്ചവടക്കാരായി മാറുകയാണ് ഇസ്രഈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുത്തക മുതലാളിത്ത സംഘം.

ഫലസ്തീന്റെ ആകാശത്ത് മിസൈലുകള്‍ വര്‍ഷിക്കുന്നതും, ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതും കോര്‍പ്പറേറ്റുകള്‍ തന്നെയാണെന്ന് തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് വംശഹത്യ ഒരു ലാഭകരമായ സമ്പദ് വ്യവസ്ഥയാണെന്ന് ദയനീയമായി മനുഷ്യവംശത്തിനാകെ മനസ്സിലാവുക.

(ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് 30 ജൂണ്‍ 2005, അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

content highlights: PT Rahesh writes on the economic situation in Palestine in the context of Israeli occupation

പി.ടി. രാഹേഷ്

പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more