പുനരധിവാസത്തിന്റെ പുത്തൻ മാതൃക
DISCOURSE
പുനരധിവാസത്തിന്റെ പുത്തൻ മാതൃക
പി.ടി. രാഹേഷ്
Sunday, 1st March 2026, 4:45 pm
ഒന്നും നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും തെരുവിലേക്ക് ഇറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കേണ്ടി വരാത്ത അവസ്ഥ ഇവിടെ ഉണ്ടാവില്ലെന്ന് കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ് | പി.ടി രാഹേഷ് ഡൂള്‍ന്യൂസിലെഴുതുന്നു.

പ്രകൃതിദുരന്തങ്ങളിലും മഹാമാരികളിലും പതറാതെ നിന്നതിന്റെ കേരള മോഡല്‍ അതിജീവന കഥകള്‍ വിശ്വ മാതൃകകളാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ജനകീയ പ്രതിരോധവും, സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഇടപെടലുകളും പ്രളയകാലത്തും, മഹാമാരിയിലും കേരളത്തെ വ്യത്യസ്തമാക്കി.

മതരഹിതരായി ഒന്നിച്ചു നിന്നു നമ്മള്‍ രചിച്ച അതിജീവന പോരാട്ടം ലോകമാകെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഒന്നാം പ്രളയകാലത്ത് ‘അപ്പോള്‍ നമ്മള്‍ ഒന്നിച്ച് ഇറങ്ങുവല്ലേ‘ എന്ന മുഖ്യമന്ത്രിയുടെ ഒറ്റ വാചകത്തില്‍ നിര്‍ഭയരായി നിസ്വാര്‍ത്ഥ സേവനത്തിനായി അണിനിരന്നവര്‍ വയനാട് ഉരുള്‍പൊട്ടലിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനകീയ മാതൃക സൃഷ്ടിച്ചു.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു പോയ വയനാട്ടിലെ ദുരന്തത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ ഈ മാതൃക നാം തുടര്‍ന്നു.

2024 ജൂലൈ 30ന് വയനാട്ടിലെ ചൂരല്‍മലയില്‍ സംഭവിച്ച മഹാദുരന്തം 298 മനുഷ്യരുടെ ജീവനാണെടുത്തത്.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഈ ദുരന്തമുണ്ടായ നിമിഷം മുതല്‍ സര്‍ക്കാര്‍, ജനങ്ങള്‍, സന്നദ്ധസംഘടനകള്‍, സൈന്യം തുടങ്ങി എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ലോകത്തിന് മാതൃകയായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പുഞ്ചിരിമറ്റത്തുണ്ടായ ഉരുള്‍പൊട്ടല്‍ പുഴയിലൂടെ ഒഴുകി വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.

ഉരുൾപൊട്ടലിന്റെ ദൃശ്യം

ശവശരീരങ്ങളും, ശരീരഭാഗങ്ങളും ചാലിയാറിലൂടെ ഒഴുകി. പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, കഡാവര്‍ ഡോഗ്‌സ് തുടങ്ങിയ വിവിധ സേനാവിഭാഗങ്ങളും പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരേ മനസ്സോടെ കൈ കോര്‍ത്തു.

മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വലിയ മോര്‍ച്ചറി ഒരുക്കുകയും, സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് പൊതുശ്മശാനം തയ്യാറാക്കി സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളം തീര്‍ത്ത അതിജീവനഗാഥകളുടെ ചരിത്രത്തില്‍ വയനാട് പുതിയൊരു അധ്യായമാണ് എഴുതിച്ചേര്‍ത്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി വയനാട്ടില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനം മറ്റൊരു കേരള മോഡലായി മാറുകയാണ്.

പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ലോക ചരിത്രത്തില്‍ ആദ്യമായി വാടകയ്ക്ക് താമസിക്കാനുള്ള സഹായം നല്‍കിയത് കേരള സര്‍ക്കാരാണ്. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും പ്രതിമാസം 6,000 രൂപ വീതമാണ് വാടക സഹായമായി നല്‍കിയത്.

ജീവനോപാധികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 10,000 രൂപയും പിന്നീട് മൂന്നു മാസത്തേക്ക് പ്രതിമാസ സഹായവും നല്‍കി. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മേപ്പാടി സ്‌കൂളില്‍ താത്കാലിക ക്ലാസ് മുറികള്‍ ഒരുക്കി.

മാതാപിപിതാക്കള്‍ നഷ്ടപ്പെട്ട 24 കുട്ടികളുടെ പഠനച്ചെലവും സുരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കി. വീടുകളുടെ നിര്‍മാണത്തിന് പുറമെ, നഷ്ടപ്പെട്ട തൊഴിലും ജീവനോപാധികളും തിരിച്ചുപിടിക്കാന്‍ കുടുംബശ്രീയെയും തദ്ദേശസ്വയംഭരണ വകുപ്പിനെയും മുന്നില്‍ നിര്‍ത്തി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളില്‍ ജീവിതവും, ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ ഭിക്ഷാടകരായി അലയുന്ന മുന്നനുഭവങ്ങള്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരേയും അധ്വാനിച്ചുണ്ടാക്കിയ ജീവിത സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടവരെയും ചേര്‍ത്തുപിടിച്ചതു കൊണ്ടാണ് കേരളത്തില്‍ ഇത് സംഭവിക്കാത്തത്.

ദുരിതബാധിതരായ 555 പേരുടെ വായ്പാകുടിശ്ശികയായ 18.75 കോടി രൂപ ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

ഇതിനാവശ്യമായ 18,75,69,037.90 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഹൈക്കോടതി ഇടപെട്ടിട്ടും ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലും, വായ്പ എഴുതിത്തള്ളാന്‍ സഹായകരമായ ദുരന്തനിവാരണ വകുപ്പിലെ സെക്ഷന്‍ 13ലെ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനാലുമാണ് സംസ്ഥാന സര്‍ക്കാറിന് ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നത്.

ദുരിതബാധിതര്‍ക്ക് അര്‍ഹമായ സഹായം പോലും നിഷേധിക്കപ്പെടുമ്പോള്‍ വയനാട്ടിലെ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനമാണ് ഇതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. ചൂരല്‍മല ദുരന്തത്തില്‍ കടകമ്പോളങ്ങള്‍ നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

പൂര്‍ണമായി നഷ്ടപ്പെട്ട ഓരോ കടയ്ക്കും ഏഴ് ലക്ഷം രൂപ വീതവും ഒന്നില്‍ കൂടുതല്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടക്കും 2.5 ലക്ഷം രൂപ വീതവും നല്‍കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ദുരന്തത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് നല്‍കാന്‍ തീരുമാനിക്കുന്നത്.

എല്ലാവരേയും ചേര്‍ത്തു പിടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് തിരിച്ചറിയാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃക സൃഷ്ടിക്കാനുമാണ് കേരളം ശ്രമിക്കുന്നത്.

പാതിരാവില്‍ പൊട്ടിയൊലിച്ച ദുരന്തപ്പുഴയില്‍ പ്രത്യാശയുടെ പുതിയ കരയിലെ സ്‌നേഹപ്പുരകളിലേക്ക് ഒരു ജനത തിരിച്ചു കയറുന്നത് നെഞ്ചോട് ചേര്‍ക്കാന്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ ഒരു സര്‍ക്കാര്‍ നമുക്കുണ്ടായതുകൊണ്ടാണ്.

സർക്കാർ നിർമിച്ചുനൽകിയ വീടിന് മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യൂമന്ത്രി കെ. രാജൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമീപം

മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്, മാര്‍ച്ച് 1ന് നടക്കുകയാണ്. ഇതൊരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണെന്നാണ് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഒരുക്കിയ വീടുകളുടെ കൈമാറ്റത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

Photo: Pinarayi Vijayan/Facebook

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും യുവജനങ്ങളും തൊഴിലാളികളും സാധാരണക്കാരും വരെ ഒരുമിച്ച് നിന്നുകൊണ്ട് ഉരുള്‍പൊട്ടലില്‍ ഉള്ളു പൊട്ടിപ്പോയ ഒരു ജനതയുടെ ജീവിതം തിരിച്ചു നല്‍കുന്ന പദ്ധതിയായി വയനാട് പുനരധിവാസ പാക്കേജ് മാറുകയാണ്.

ഒന്നും നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും തെരുവിലേക്ക് ഇറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കേണ്ടി വരാത്ത അവസ്ഥ ഇവിടെ ഉണ്ടാവില്ലെന്ന് കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ്.

പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റനിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ടൗൺഷിപ്പിലൊരുങ്ങിയ വീടുകൾ. Photo: Pinarayi Vijayan/Facebook

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ.പി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും.

വയനാട് ടൗൺഷിപ്പ്. Photo: Pinarayi Vijayan/Facebook

പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കും.

ഭൂമിക്കടിയിലൂടെള്ള വൈദ്യുതി വിതരണവും, സൗരോര്‍ജ വൈദ്യുതി വേലിയും, മനോഹരമായ പൂന്തോട്ടവും, മാലിന്യ സംസ്‌കരണ സംവിധാനവുമെല്ലാം ഈ പുനരധിവാസ പാക്കേജിന്റെ പ്രത്യേകതകളാണ്.

ഒരുനാട്ടില്‍ അയല്‍വാസികളായി ജീവിച്ച മനുഷ്യര്‍ക്ക് ഒരുമിച്ച് ഒരിടത്ത് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ടൗണ്‍ഷിപ്പിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നത് കുറച്ചു വീടുകള്‍ മാത്രമല്ല, നഷ്ടപ്പെട്ട ഒരു നാടിനെ തന്നെയാണ് എന്നതാണ് ഈ പുനരുധിവാസത്തെ അതിജീവനത്തിന്റെ ലോക മാതൃകയാക്കി മാറ്റുന്നത്.

സ്വന്തം വീട് കുത്തിയൊലിച്ചു പോയപ്പോള്‍ ഉള്ളു കലങ്ങിപ്പോയ മനുഷ്യര്‍ രണ്ടുവര്‍ഷം തികയുന്നതിന് മുമ്പ് താങ്കള്‍ക്ക് ലഭിച്ച പുതിയ വീട് വരെ വിരല്‍ ചൂണ്ടുന്ന കാഴ്ച്ച കേരളത്തില്‍ മാത്രമാണ് കാണാനാവുക. ഒരു ജീവിതം കാലം കൊണ്ട് പടുത്തുയര്‍ത്തിയ വീട് ഒരു രാത്രി കൊണ്ട് ഇല്ലാതായെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു വീട് ലഭിക്കാനായത് ദുരന്തം കേരളത്തിലായതുകൊണ്ട് മാത്രമാണ്.

ഒന്നും നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും പുനരധിവാസത്തിലൂടെ പുതിയൊരു ജീവിതമാണ് വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി കേരളം ഒരുക്കി നല്‍കുന്നത്. ദുരന്തമുഖങ്ങളില്‍ വേര്‍തിരുവുകളില്ലാതെ കൈ കോര്‍ക്കുന്ന തലമുറകളാണ് കേരളത്തെ പ്രതിസന്ധികളില്‍ എപ്പോഴും പിടിച്ചുയര്‍ത്തുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയിലും മാനവികതയിലും രൂപം കൊള്ളുന്ന ഈ കേരള മോഡല്‍ പുരധിവാസ പ്രവര്‍ത്തനത്തിലും സാധ്യമാവുന്നതിന്റെ വിസ്മയം ലോകമാകെ ഉറപ്പായും പഠിക്കും.

പ്രകൃതി ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജാതിമതരഹിതമായി കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കണ്ടു പഠിച്ചത് പോലെ ലോകത്തെവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളിലെ മനുഷ്യര്‍ക്ക് ജീവിതം തിരികെ നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു അനുഭവ പാഠമാണ്.

ഭരണകൂടങ്ങള്‍ നേരിട്ട് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന കാലത്ത് ദുരിതബാധിതരുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കാന്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങുന്ന ഒരു സര്‍ക്കാര്‍ വേറിട്ടതാകുന്നതിന്റെ കാരണം പരിശോധിക്കുമ്പോഴാണ് ഭൂമിയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി എത്രമാത്രമാണെന്ന് മനുഷ്യവംശം തിരിച്ചറിയുക.

 

Content Highlight: PT Rahesh writes about the Wayanad disaster and rehabilitation

 

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.