പാണ്ടിക്കടവത്തെ കുഞ്ഞാപ്പ വടക്കന്‍ പാടത്ത് അങ്കത്തിന് പോയ പാട്ടുകഥ
Opinion
പാണ്ടിക്കടവത്തെ കുഞ്ഞാപ്പ വടക്കന്‍ പാടത്ത് അങ്കത്തിന് പോയ പാട്ടുകഥ
P.T. Nazar
Thursday, 24th December 2020, 4:22 pm

പാണ്ടിക്കടവത്തെ കുഞ്ഞാപ്പല്ലേ,
ഓറോ കെടന്നങ്ങുറങ്ങുന്നേരം

ഒറക്കത്തരങ്കിനാ കണ്ടുഞ്ഞാപ്പ
വടക്കൊര് പാടത്ത് പടയാണല്ലോ

പടപ്പറമ്പില്‍ രാഹുട്ടി ഒറ്റക്കല്ലോ
ഓന്റമ്മ സോണ്യമ്മ കരയുന്നല്ലോ!

മാറ്റാമ്മാരാരെന്ന് നോക്കുംന്നേരം
കണ്ട കണ്ണാലങ്ങൊണര്‍ന്നും പോയി!

ഗുജറാത്ത് കത്തിച്ചരിങ്ങോടര്
തീവണ്ടി ചുട്ടിറ്റ് തിന്നോരാണ്

അതിലുള്ള മന്‌സരേം തിന്നോരാണ്
അതിനൊക്കും അമിട്ടാണ് ഒക്കള്ളത്

അജ്ജാതി മലയര് പൊയ്യുന്നേരം
രാഹുട്ടി ഒറ്റക്കങ്ങെന്താവോളി?

അക്കാര്യം നിരീച്ചങ്ങെണീച്ചുഞ്ഞാപ്പ
നേരം പൊലരാനായി കാത്തുഞ്ഞാപ്പ

നേരം സുബയിന്റെ ബാങ്കിന്റോപ്പം
പാണക്കാട്ടേക്കങ്ങ് പാഞ്ഞുഞ്ഞാപ്പ

പാണക്കാട്ടുള്ളൊരു തങ്ങമ്മാറ്
കയ്യും മൊഖവും ചെതംബരുത്തി

നിക്കരിക്കാനങ്ങ് നിക്കുംന്നേരം
നിന്ന് കെതക്ക്ന്ന് പൊന്നുഞ്ഞാപ്പ

നിക്കാരം തീറ്ത്ത് ദിക്ക്‌റ് തീറ്ത്ത്
നിന്നേടത്തിന്ന് തിരിഞ്ഞുംകൊണ്ട്

പാണക്കാട്ട് വാഴും തങ്ങമ്മാറ്
പാര്‍ട്ടിപരമ്പരാ കുരിക്കമ്മാര്

പാണ്ടിക്കടവത്തെ കുഞ്ഞാപ്പാനെ
പായ്യാരത്തോടങ്ങ് നോക്കുന്നുണ്ട്

കൊടിമരത്തൂണും ഒളിമറഞ്ഞ്
മോതിരക്കയ്യാലേ വായും പൊത്തി

ആചാരത്തോടെയടക്കത്തോടെ
അപ്പപ്പറയുന്നൂ പൊന്നുഞ്ഞാപ്പ

ഒന്നിപ്പം കേക്കണം വാഴുന്നോറേ
പാണക്കാട്ടോമന തങ്ങമ്മാറേ

പാണ്ടിക്കടവത്തെ കുഞ്ഞാല്യാണേല്‍
വടക്കന്‍ പടക്കെന്നെ അയക്ക്വവേണം

അങ്കക്കലികൊണ്ട് വിറവിറക്കും
കുഞ്ഞാലിച്ചേകോന്റെ വീറ് കണ്ട്

നേരം സുബയ്ക്കും വിയര്‍ത്തുകൊണ്ട്
നേരായ തങ്ങളോ ചോദിക്ക്ന്ന്…

എന്തെന്റ കുട്ടീ, കുഞ്ഞാലിക്കുട്ടീ
ഒറക്കത്തിലിനിക്കേറ്റ ചന്നി കേര്യോ?

എന്തെന്റെ തങ്ങളേ, പറയുന്നിങ്ങാ
കയിഞ്ഞ കഥയൊക്കെവിട്ടുപോയോ

രാജീവുരിക്കളെ മറന്നും പോയോ?
ഓറമ്മ ഇന്ദിരാ ബീവിയല്ലേ?

അക്കോലോത്തുള്ളയിളംപൈതല്
അരക്കൊപ്പം ചോരേന്ന് പൊയ്യുന്നേരം

കൂടിക്കൊടുക്കാതെ മാറിനിന്നാ
പണ്ടത്തെതങ്ങമ്മാര്‍ കുരിക്കമ്മാര്

പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല
പോകാതെ നിക്കാനും കയ്യുന്നില്ലാ..

അച്ചൊല്ല് കേട്ടുള്ള പൊന്നും തങ്ങള്‍
ആത്തുള്ള പത്തായം തൊറക്കുന്നുണ്ട്

ഉറുക്കും നൂലുമങ്ങെടുക്കുന്നുണ്ട്
ഉറുമിയും വാളുമങ്ങൂതുന്നുണ്ട്

പണ്ടത്തെ ലീഗിന്റെ പന്തിയില്
ഒറങ്ങുന്ന സിങ്കത്തെ ഒണര്‍ത്തി വന്ന്

കുഞ്ഞാലിക്കുട്ടിയെ കേറ്റിവെച്ച്
മന്തിരിച്ചങ്ങോട്ടയക്കുന്നുണ്ട്..

വേങ്ങര പാടത്ത് പന്തലിട്ട്
ആടെള്ള താനം ഒഴിഞ്ഞുംകൊണ്ട്

മലപ്പൊറം കുന്നുമ്മെ കോട്ടകെട്ടി
അക്കോട്ടമേലെ കൊടിയും കുത്തി

പാര്‍ട്ടിക്കളരീലെ കോണികേറി
വടക്കോട്ട് നോക്കുന്നൂ ചോകോന്

കേപീസീസിലെ തീയ്യമ്മാറും
നേമസഭാ പാര്‍ട്ടീ നായമ്മാറും

പുതുപ്പള്ളി വാഴുന്ന കത്തനാരും
പാലാവലിയള്ളി മാണ്യച്ചനും

നാടഞ്ചു കൊണ്ടും നഗരം കൊണ്ടും
എളകീ മറിഞ്ഞൊരു മോന്ത്യേരത്ത്

കരിപ്പൂരെ കുന്നിന്റെ മോള്‌ക്കേറി
വടക്കോട്ട് പറക്കുന്നു കുഞ്ഞാപ്പ!

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

P.T. Nazar
മാധ്യമപ്രവര്‍ത്തകന്‍