സൈക്കിക് കോഴി രക്ഷപെടും; രാഹുലിന്റെ അറസ്റ്റ് രീതിക്കെതിരെ ടി.പി സെൻകുമാർ
Kerala
സൈക്കിക് കോഴി രക്ഷപെടും; രാഹുലിന്റെ അറസ്റ്റ് രീതിക്കെതിരെ ടി.പി സെൻകുമാർ
ശ്രീലക്ഷ്മി എ.വി.
Monday, 12th January 2026, 12:06 pm

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രീതിക്കെതിരെ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ടി.പി സെൻകുമാർ.

വൈദ്യ പരിശോധന നടത്താതെയുള്ള അറസ്റ്റ് നിയമവിരുദ്ധമെന്നും ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകുമെന്നും ടി.പി സെൻകുമാർ പറഞ്ഞു.

ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ പൊലീസിനും കോടതിക്കും അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു സൈക്കിക് കോഴിയെ പൊലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ അറിയില്ലേ. പൊലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?,’ ടി.പി സെൻകുമാർ ചോദിച്ചു.

പരാതിക്കാരിയിൽ നിന്നും ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ വഴി സ്റ്റേഷൻ ഹൗസ് ഓഫീസർക്കു ലഭിച്ചിട്ടുണ്ടോയെന്നും മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പൊലീസ് ഓഫീസർ മറുപടി അയച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോയെന്നും അങ്ങനെ നൽകിയാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്നും അദ്ദേഹം ചോദിക്കുന്നു.

‘പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ? അങ്ങനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങനെയാണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക? എങ്ങനെയാണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക? 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക? മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക? ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും. അത് പൊലീസ് അറിയുക,’ ടി.പി സെൻകുമാർ ചോദിച്ചു.

Content Highlight: Psychic chicken will escape; TP Senkumar against Rahul’s arrest method

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.