പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാബര്‍ അസമിന്റെ പെഷവാര്‍ സാല്‍മിയെ തകര്‍ത്ത് ഇസ്‌ലമാബാദ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു. റാവല്‍പിണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 102 റണ്‍സിന്റെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.
ഇസ്‌ലമാബാദ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പെഷവാര്‍ സാല്‍മി 18.2 ഓവറില്‍ 141ന് പുറത്തായി. സീസണില്‍ ബാബറിന്റെയും സംഘത്തിന്റെയും രണ്ടാം പരാജയമാണിത്.
സൂപ്പര്‍ താരം സഹിബ്‌സാദ ഫര്‍ഹാന്റെ സെഞ്ച്വറി കരുത്തിലാണ് ഇസ്‌ലമാബാദ് വിജയം സ്വന്തമാക്കിയത്. 52 പന്ത് നേരിട്ട് 106 റണ്‍സുമായാണ് താരം മടങ്ങിയത്. 203.85 സ്‌ട്രൈക്ക് റേറ്റില്‍ 13 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും യുണൈറ്റഡ് ഓപ്പണര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മാര്‍ച്ച് 15ന് നാഷണല്‍ ടി-20 കപ്പില്‍ പെഷവാറിനായി ലാഹോര്‍ വൈറ്റ്‌സിനെതിരെയാണ് താരം ഇക്കൂട്ടത്തിലെ ആദ്യ സെഞ്ച്വറി നേടിയത്. ഇഖ്ബാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 പന്ത് നേരിട്ട് പുറത്താകാതെ 114 റണ്‍സാണ് ഫര്‍ഹാന്‍ സ്വന്തമാക്കിയത്. ഒമ്പത് വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഫര്‍ഹാന്റെ കരുത്തില്‍ ലാഹോര്‍ വൈറ്റ്‌സ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ പെഷവാര്‍ മറികടന്നു. കളിയിലെ താരമായും ഫര്‍ഹാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റില്‍ മാര്‍ച്ച് 21ന് ക്വേറ്റ റീജ്യണെതിരെ നടന്ന മത്സരത്തിലും ഫര്‍ഹാര്‍ വെടിക്കെട്ട് സെഞ്ച്വറി നേടി. 72 പന്ത് നേരിട്ട് പുറത്താകാതെ 162 റണ്‍സാണ് താരം നേടിയത്. 11 സിക്‌സറും 14 ഫോറും അടക്കം 225.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചത്.
ഫര്‍ഹാന്റെ കരുത്തില്‍ പെഷവാര്‍ 239 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്വേറ്റ 113ന് പുറത്താവുകയും ചെയ്തു. 126 റണ്‍സിന്റെ റെക്കോഡ് വിജയം നേടിയ മത്സരത്തിലും കളിയിലെ താരമായത് ഫര്‍ഹാന്‍ തന്നെയായിരുന്നു.
മാര്‍ച്ച് 26ന് നടന്ന ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തിലും ഫര്‍ഹാന്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറിയടിച്ചു. ഇത്തവണ അബോത്താബാദ് ഫാല്‍ക്കണ്‍സായിരുന്നു താരത്തിന്റെ ഇര.
72 പന്ത് നേരിട്ട് 148 റണ്‍സാണ് താരം സ്വന്തമാക്കിയകത്. പത്ത് ഫോറും 12 സിക്‌സറും അടക്കം 205.56 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഫര്‍ഹാന്റെ കരുത്തില്‍ 244 റണ്‍സിന്റെ ടാര്‍ഗെറ്ററാണ് പെഷവാര്‍ എതിരാളികള്‍ക്ക് മുമ്പില്‍ വെച്ചത്.
എന്നാല്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്. സദ്രാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ 56 റണ്‍സിന്റെ വിജയവുമായി ടീം ഫൈനലിലേക്ക് കുതിക്കുകയും ചെയ്തു.
എന്നാല്‍ ലാഹോര്‍ ബ്ലൂസിനെതിരായ ഫൈനലില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. 16 പന്തില്‍ 17 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്.
കലാശപ്പോരാട്ടത്തില്‍ ഒമ്പത് വിക്കറ്റിന് 110 റണ്‍സാണ് പെഷവാര്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലാഹോര്‍ ബ്ലൂസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിരീടം നേടി.
ടൂര്‍ണമെന്റില്‍ ഏഴ് മത്സരത്തില്‍ നിന്നും 121.00 ശരാശരിയില്‍ 605 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ലാഹോര്‍ ബ്ലൂസിന്റെ ഉമര്‍ സിദ്ദിഖിന് 282 റണ്‍സ് മാത്രമാണുള്ളത്.
നാഷണല്‍ ടി-20 കപ്പില്‍ പുലര്‍ത്തിയ അതേ ഫോം തന്നെയാണ് ഫര്‍ഹാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും പുറത്തെടുക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം 131 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഇസ്‌ലമാബാദ് യുണൈറ്റഡ് ഓപ്പണര്‍.