ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരു രാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റുകളും നിര്‍ത്തിവെച്ചിരുന്നു. ബി.സി.സി.ഐ ഐ.പി.എല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ പുറത്തേതെങ്കിലും വേദിയില്‍ പി.എസ്.എല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പി.സി.ബി ശ്രമിക്കുന്നത്.
മത്സരങ്ങള്‍ യു.എ.ഇയില്‍ വെച്ച് നടത്താന്‍ പാകിസ്ഥാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. ഇവരില്‍ പലരും ദുബായിലേക്കാണ് പോയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലുമുണ്ടായിരുന്നു.
പി.എസ്.എല്ലില്‍ ലാഹോര്‍ ഖലന്ദേഴ്‌സിന്റെ താരമായിരുന്നു മിച്ചല്‍. സംഘര്‍ഷ സാഹചര്യത്തില്‍ മിച്ചല്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബംഗ്ലാദേശ് സൂപ്പര്‍ താരവും ഖലന്ദേഴ്‌സില്‍ മിച്ചലിന്റെ സഹതാരവുമായിരുന്ന റിഷാദ് ഹൊസൈന്‍. താന്‍ ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് വരാന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് മിച്ചല്‍ പറഞ്ഞതെന്നാണ് റിഷാദ് ഹൊസൈന്‍ വെളിപ്പെടുത്തുന്നത്.
‘സാം ബില്ലിങ്‌സ്, ഡാരില്‍ മിച്ചല്‍, കുശാല്‍ പെരേര, ഡേവിഡ് വീസ്, ടോം കറന്‍ തുടങ്ങിയ വിദേശ താരങ്ങളെല്ലാം തന്നെ പേടിച്ചുപോയിരുന്നു. ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് പോകില്ല, പ്രത്യേകിച്ച് ഇത്തരം സാഹചര്യത്തില്‍ എന്നാണ് ദുബായില്‍ ലാന്‍ഡ് ചെയ്ത ശേഷം ഡാരില്‍ മിച്ചല്‍ എന്നോട് പറഞ്ഞത്. അവരെല്ലാവരും ഭയന്നുപോയി,’ റിഷാദ് ഹൊസൈനെ ഉദ്ധരിച്ച് ക്രിക്ബസ്സ് പറഞ്ഞു.
‘ടോം കറന്‍ എയര്‍പോര്‍ട്ടിലേക്ക് പോയപ്പോള്‍ അവിടം അടച്ചിട്ടതായി മനസിലാക്കി. അദ്ദേഹമൊരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു. രണ്ട് മൂന്ന് ആളുകള്‍ ചേര്‍ന്നാണ് കറനെ സമാധാനിപ്പിച്ചത്,’ റിഷാദ് ഹൊസൈന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതോടെ അടുത്ത ആഴ്ച മുതല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുമെന്നാണ് ഇന്ത്യന്‍ സൈനിക വക്താക്കള്‍ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനേറ്റ വലിയ തിരിച്ചടിയാണിതെന്നും ഏത് സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും സൈനിക വക്താക്കള്‍ പറഞ്ഞു.
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സൈനിക വക്താക്കള്‍. കമ്മഡോര്‍ രഘു. ആര്‍. നായര്‍, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സേനയുടെ പ്രതികരണം.
സംഘര്‍ഷത്തിലുടനീളം പാകിസ്ഥാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായാണ് പലപ്പോഴും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. പാകിസ്ഥാന്‍ അവരുടെ ജെ.എഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ്. 400 ബ്രഹ്‌മോസ് മിസൈല്‍ ബേസിന് വലിയ നാശം വരുത്തിയതായി അവകാശപ്പെട്ടത് തെറ്റാണെന്ന് മൂന്ന് സേനപ്രതിനിധികളും പറഞ്ഞു.
പാകിസ്ഥാനിലെ ആരാധാനാലയ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തെന്ന വാദവും തെറ്റാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ പള്ളികള്‍ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ ഒരു മതേതര രാജ്യമായതിനാല്‍ ഇന്ത്യന്‍ സൈന്യവും ഭരണഘടനയുടെ ഈ മതേതര മൂല്യമാണ് ഉയര്‍ത്തി പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും തിങ്കളാഴ്ച്ച ഇരുരാജ്യത്തിന്റേയും ഡി.ജി.ഒമാര്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാവും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: PSL 2025:Rishad Hossain says Daryl Mitchell said he would never return to Pakistan