യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി പി.എസ്.ജി. ഇറ്റലിയിലെ സ്റ്റേഡിയോ ഫ്രിയൂലിയില്‍ നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ തകര്‍ത്താണ് ഫ്രഞ്ച് വമ്പന്മാര്‍ കന്നി സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4 – 3ന്റെ വിജയമാണ് ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ സ്വന്തമാക്കിയത്.
നിശ്ചിത സമയത്തില്‍ ഇരുടീമുകളും 2 – 2 ന്റെ സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു പി.എസ്.ജിയുടെ അതുഗ്രന്‍ തിരിച്ച് വരവ്. അവസാന അഞ്ച് മിനിറ്റിലാണ് ദി പാരീസിയന്‍സ് കളി ഗതി മാറ്റി മറിച്ച് ടോട്ടനത്തെ ഞെട്ടിച്ച് മറ്റൊരു കിരീടത്തില്‍ തങ്ങളുടെ പേര് എഴുതി ചേര്‍ത്തത്.
യുവേഫയുടെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളും യൂറോപ്പ കപ്പ് ജേതാക്കളും മാറ്റുരച്ച മത്സരം അതിന്റെ പകിട്ടൊന്നും കുറയാതെയാണ് തുടങ്ങിയത്. പി.എസ്.ജി വളരെ പതുക്കെയാണ് തുടങ്ങിയതെങ്കിലും ടോട്ടന്‍ഹാം ഒരു നിമിഷം പോലും പാഴാക്കാതെ ആക്രമണവുമായി കളം നിറഞ്ഞ് കളിച്ചു.
ഇരു ടീമുകളും മുന്നേറ്റങ്ങളുമായി സൂപ്പര്‍ കപ്പിന്റെ ആവേശം വാനോളം ഉയര്‍ത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. കിരീടം ഉന്നമിട്ട് യൂറോപ്യന്‍ ചാമ്പ്യന്മാര്‍ പന്ത് തട്ടിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡിനും ചലനം വെച്ചു. ആദ്യ പകുതിയില്‍ 65 ശതമാനം പന്തടക്കം കൈവെച്ച ടോട്ടന്‍ഹാമായിരുന്നു ആദ്യം വല കുലുക്കിയത്.
ഒന്നാം പകുതി അവസാനിക്കാന്‍ വെറും ആറ് മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു സ്പര്‍സിന്റെ ഗോള്‍ നേട്ടം. സെന്റര്‍ബാക്കായ മിക്കി വാന്‍ ഡി വെനാണ് ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചത്. ഷുവ പാലീന്‍യായുടെ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിയകന്നത് പിടിച്ചെടുത്തായിരുന്നു താരം പി.എസ്.ജിയെ ഞെട്ടിച്ച് ടീമിന് ലീഡ് നല്‍കിയത്.
ഗോള്‍ നേടിയതിന് ശേഷവും ടോട്ടന്‍ഹാം മുന്നേറ്റങ്ങളുമായി പി.എസ്.ജിയെ വെള്ളം കുടിപ്പിച്ചു. മുഹമ്മദ് ഖുദുസിനിന്റെ ഒരു ഹെഡര്‍ ശ്രമത്തോടെ ഒന്നാം പകുതിക്ക് തിരശീല വീണു. രണ്ടാം പകുതിയും ദി ലിലി വൈറ്റ്സിന്റെ മുന്നേറ്റങ്ങളോടെ തന്നെയാണ് തുടങ്ങിയത്.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ മത്സരത്തിലേക്ക് ഒരു തിരിച്ച് വരവ് നടത്താന്‍ ഒരുങ്ങവെ ടോട്ടന്‍ഹാം വീണ്ടും വെടി പൊട്ടിച്ചു. 48ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമാരിയോയുടെ വകയായിരുന്നു ഇത്തവണ ഗോള്‍. രണ്ടാം ഗോളും വന്നതോടെ എന്റിക്വേയുടെ സംഘം പ്രതിരോധത്തിലായി.
മത്സരത്തില്‍ ലീഡുണ്ടായിട്ടും തോമസ് ഫ്രാങ്കിന്റെ പട്ടാളം വെറുതെയിരിക്കാന്‍ ഒരുക്കമായിരുന്നില്ല. മുന്നേറ്റങ്ങളുമായി പി.എസ്.ജിയെ വരിഞ്ഞു മുറുക്കി. എന്നാല്‍ ഫ്രഞ്ച് വമ്പന്മാരും അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പകരക്കാരനായി ഫാബിയന്‍ റൂയിസ് എത്തിയതോടെ താരത്തെ കൂട്ടുപിടിച്ച് അഷറഫ് ഹക്കീമി ടീമിന്റെ മുന്നേറ്റങ്ങള്‍ ഏറ്റെടുത്തു.
പക്ഷേ, അപ്പോഴും ഒരു ഗോള്‍ മാത്രം കണ്ടെത്താന്‍ ദി റെഡ് ആന്‍ഡ് ബ്ല്യൂസിനായില്ല. അതോടെ എല്ലാവരും ടോട്ടന്‍ഹാം തന്നെ ഉയര്‍ത്തുമെന്ന് ഏറെ കുറെ ഉറപ്പിച്ചു. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് 85ാം മിനിറ്റില്‍ പി.എസ്.ജി ആരാധകര്‍ കാത്തിരുന്ന ഗോളിലെത്തി. ലീ കാങ് ഇന്നായിരുന്നു ടീമിനായി വല കുലുക്കിയത്.
ഗോള്‍ വന്നതോടെ എന്റിക്വേയുടെ പടയാളികള്‍ ഒന്നാകെ ഉണര്‍ന്നു. ആര്‍പ്പുവിളികളുമായി അള്‍ട്രാസ് ഗാലറിയില്‍ ടീമിന് ഉറച്ച പിന്തുണ നല്‍കി. മത്സരത്തിന് ആറ് മിനിറ്റ് എക്‌സ്ട്രാ ടൈം കൂടെ ലഭിച്ചതോടെ വലിയ ആവേശമായി. മത്സരം 2 -1 അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഫ്രഞ്ച് വമ്പന്മാര്‍ സമനില പിടിച്ചു.
അതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ടോട്ടന്‍ഹാമാണ് ആദ്യം ഷോട്ടെടുത്തത്. ഡൊമിനിക്ക് ഷോലങ്കേ ടീമിനായി സ്‌കോര്‍ ചെയ്തു. എന്നാല്‍ ആരാധകരെ നിരാശരാക്കി പിന്നാലെ എത്തിയ പി.എസ്.ജിയുടെ വിറ്റിന്‍ഹയുടെ ഷോട്ട് വലയിലെത്താതെ അകന്നു.
രണ്ടാമതായി കിക്കെടുക്കാന്‍ എത്തിയ ഇരുടീമിലെയും താരങ്ങളും സ്‌കോര്‍ ചെയ്തു. എന്നാല്‍ ടോട്ടന്‍ഹാമിന്റെ വാന്‍ ഡി വാന്‍ എടുത്ത മൂന്നാമത്തെ ഷോട്ട് പി.എസ്.ജി ഗോള്‍ സേവ് ചെയ്തു. പിറകെ വന്ന ഡെംബ്ലെ പന്ത് വലയിലെത്തിച്ച് പി.എസ്.ജിയെ ഒപ്പമെത്തിച്ചു.
എന്നാല്‍ ടോട്ടനത്തിന്റെ നാലാം ഷോട്ടും പുറത്തേക്ക് പോയി. പി.എസ്.ജിക്കായി ലീ പിഴവുകളേതുമില്ലാതെ വലകുലുക്കി. ടോട്ടനത്തിന്റെ അഞ്ചാം ഷോട്ടും വലയിലെത്തിയതോടെ അവസാന പന്തിലേക്കായി എല്ലാവരുടെയും ശ്രദ്ധ.
പി.എസ്.ജിക്കായി അവസാന ഷോട്ടെടുക്കാന്‍ എത്തിയത് ന്യൂനോ മെന്‍ഡസായിരുന്നു. താരം തൊടുത്ത പന്ത് ടോട്ടനത്തിന്റെ നെഞ്ച് തകര്‍ത്ത് വലയില്‍ കയറിയതോടെ പി.എസ്.ജി ചാമ്പ്യന്മാരായി. അതോടെ ഈ സീസണില്‍ അഞ്ചാം കിരീടവും ഷെല്‍ഫിലെത്തിക്കാനായി.
Content Highlight: PSG won UEFA Super Cup beating Tottenham Hotspur