അഞ്ചടിക്കാന്‍ പി.എസ്.ജി, രണ്ടാമത് ചിരിക്കാന്‍ ടോട്ടന്‍ഹാം; സംഗതി കളറാകും
Sports News
അഞ്ചടിക്കാന്‍ പി.എസ്.ജി, രണ്ടാമത് ചിരിക്കാന്‍ ടോട്ടന്‍ഹാം; സംഗതി കളറാകും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th August 2025, 4:02 pm

യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇറ്റലിയിലെ സ്റ്റേഡിയോ ഫ്രിയൂലിയില്‍ നടക്കുന്ന മത്സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായ പി.എസ്.ജി യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ നേരിടും. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 12.30നാണ് മത്സരം.

യുവേഫ സൂപ്പര്‍ കപ്പ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തിയാണ് പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. ജര്‍മനിയിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അസൂറിപ്പടയെ പരാജയപ്പെടുത്തിയത്.

ഈ വിജയത്തിന് പിന്നാലെ ട്രബിള്‍ പൂര്‍ത്തിയാക്കാനും പി.എസ്.ജിക്ക് സാധിച്ചു.

യുവേഫ സൂപ്പര്‍ കപ്പില്‍ വിജയിച്ചാല്‍ ക്വിന്റിപ്പിള്‍ ടൈറ്റില്‍ നേട്ടം പൂര്‍ത്തിയാക്കാനും പി.എസ്.ജിക്ക് സാധിക്കും. ഈ സീസണില്‍ ഇതിനോടകം തന്നെ നാല് കിരീടം പി.എസ്.ജി തങ്ങളുടെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.

ലീഗ് വണ്‍ കിരീടവും ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പര്‍ കപ്പുമാണ് പി.എസ്.ജി ഇതിനോടകം സ്വന്തമാക്കിയത്.

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ഫൈനലിലും ടീം പ്രവേശിച്ചതോടെ സെക്‌സ്റ്റപ്പിള്‍ നേട്ടത്തിനായും ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെടാനായിരന്നു ടീമിന്റെ വിധി.

ഈ പരാജയത്തിന് പിന്നാലെ ബാഴ്‌സലോണയ്ക്കും ബയേണ്‍ മ്യൂണിക്കിനും ശേഷം സെക്‌സറ്റപ്പിള്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാം ക്ലബ്ബ് എന്ന സ്വപ്‌നവും പി.എസ്.ജിക്ക് പൂര്‍ത്തിയാക്കാനാകാതെ പോയി.

ഇപ്പോള്‍ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ നിരാശ മറക്കാനുള്ള അവസരമാണ് പി.എസ്.ജിക്ക് മുമ്പിലുള്ളത്. 2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ പോലെ ക്വിന്റിപ്പിള്‍ തന്നെയാണ് പി.എസ്.ജിയും ലക്ഷ്യമിടുന്നത്.

അതേസമയം, ഏറെ കാലത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്. ഡൊമസ്റ്റിക് കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും യൂറോപ്പിലെ രണ്ടാമത് മികച്ച കിരീടം സ്വന്തമാക്കാന്‍ ലണ്ടനിലെ കാല്‍പ്പന്തുകളിക്കാര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.

 

യൂറോപ്യന്‍ ചാമ്പ്യന്‍മാരെ തന്നെ തോല്‍പ്പിച്ച് തങ്ങള്‍ക്ക് ബിഗ് ഗെയ്മുകള്‍ വിജയിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ടോട്ടന്‍ഹാമിന്റെ ലക്ഷ്യം. ഒപ്പം പുതിയ സീസണിന് മുന്നോടിയായുള്ള സൂപ്പര്‍ കപ്പ് വിജയം അവരുടെ ആത്മവിശ്വാസവും പതിന്മടങ്ങേറ്റും.

 

Content Highlight: PSG vs Tottenham: UEFA Super Cup