ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ കലാശപ്പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂലൈ 14ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ടീമും മുന്‍ ചാമ്പ്യന്‍മാരുമായ ചെല്‍സിയെ നേരിടും.
ബ്രസീലിയന്‍ സൂപ്പര്‍ ടീം ഫ്‌ളുമിനന്‍സിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി ഫൈനലിന് ടിക്കറ്റെടുത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പെന്‍ഷനേഴ്‌സിന്റെ വിജയം. സെമിയില്‍ റയല്‍ മാഡ്രിഡായിരുന്നു പി.എസ്.ജിയുടെ എതിരാളികള്‍.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം ലെഗസിയുള്ള സൂപ്പര്‍ ടീമിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് പി.എസ്.ജി ഫൈനലിന് യോഗ്യത നേടിയത്. ഫ്രഞ്ച് ടീമിന്റെ ആദ്യ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലാണിത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ലീഗ് വണ്‍ ടീമും പി.എസ്.ജിയാണ്.
ചരിത്രത്തിലെ ആദ്യ ക്ലബ്ബ് വേള്‍ഡ് കപ്പ് കിരീടം ലക്ഷ്യമിട്ട് പി.എസ്.ജി ഇറങ്ങുമ്പോള്‍ ചരിത്രപ്പിറവി കൂടിയാണ് ഫ്രഞ്ച് ആരാധകര്‍ കണ്‍മുമ്പില്‍ കാണുന്നത്. ചരിത്രത്തില്‍ സെക്‌സറ്റപ്പിള്‍ കിരീടനേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടത്തിലേക്ക് ഒരു അടി കൂടി വെക്കാന്‍ ഈ വിജയത്തോടെ പി.എസ്.ജിക്ക് സാധിക്കും.
ഇതിനോടകം തന്നെ പി.എസ്.ജി ക്വാഡ്രാപ്പിള്‍ നേട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതായത് നാല് ട്രോഫികള്‍ പി.എസ്.ജി നേടിക്കഴിഞ്ഞു.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പി.എസ്.ജി ഒരിക്കല്‍ക്കൂടി ലീഗ് വണ്‍ കിരീടം ശിരസിലണിഞ്ഞത്. റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ പി.എസ്.ജി ഈ വര്‍ഷമാദ്യം മൊണാക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രഞ്ച് സൂപ്പര്‍ കപ്പും സ്വന്തമാക്കി.
ഫ്രഞ്ച് കപ്പുമായി പരിശീലകന്‍ ലൂയീസ് എന്‌റിക്വ്
ഈ കിരീടങ്ങളെല്ലാം പലയാവര്‍ത്തി നേടിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കി തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു. മെയ് 31ന് ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ടീം ആദ്യ യു.സി.എല്‍ കിരീടം സ്വന്തമാക്കിയത്.
ഇനി രണ്ട് ഫൈനലുകളും രണ്ട് കിരീടങ്ങളുമാണ് പി.എസ്.ജിക്ക് മുമ്പിലുള്ളത്. ജൂലൈ 14ന് നടക്കുന്ന ക്ലബ്ബ് വേള്‍ഡ് കപ്പും ഓഗസ്റ്റ് 14ന് യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാര്‍ക്കെതിരെ നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പും.
ഈ രണ്ട് കിരീടങ്ങള്‍ കൂടി തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഐക്കോണിക് സെക്‌സ്റ്റപ്പിള്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം ടീം എന്ന റെക്കോഡും സ്വന്തമാക്കാം.
2009ലാണ് ആദ്യമായി ഒരു ടീം സീസണില്‍ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്നത്. ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ബാഴ്‌സലോണയാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്.
ചിത്രത്തിന് കടപ്പാട്: 433
ലാലിഗ, കോപ്പ ഡെല്‍ റേ, സൂപ്പര്‍ കോപ്പ ഡ എസ്പാന, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലപ്പ് വേള്‍ഡ് കപ്പ് എന്നിവ നേടിയാണ് ബാഴ്‌സ സെക്‌സറ്റപ്പിള്‍ പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറിയത്.
2020ല്‍ നിലവിലെ ബാഴ്‌സ പരിശീലകനും മുന്‍ ജര്‍മന്‍ ദേശീയ ടീം പരിശീലകനുമായ ഹാന്‍സി ഫ്‌ളിക്കിനൊപ്പം ബയേണ്‍ മ്യൂണിക്കും ഈ നേട്ടം കൈവരിച്ചു.
ചിത്രത്തിന് കടപ്പാട്: 433
ബുണ്ടസ് ലീഗ, ഡി.എഫ്.ബി പോക്ല്‍ (ജര്‍മന്‍ കപ്പ്), യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ് (ജര്‍മന്‍ സൂപ്പര്‍ കപ്പ്), ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയാണ് ബയേണും ചരിത്രമെഴുതിയത്.
ഈ നേട്ടത്തിലേക്കാണ് പി.എസ്.ജിയും പരിശീലകന്‍ ലൂയീസ് എന്‌റിക്വും ലക്ഷ്യമിടുന്നത്. നിലവിലെ ഫോമില്‍ തുടരുന്ന പി.എസ്.ജിക്ക് ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: PSG need to win Club World Cup and UEFA Super Cup to become 3rd team to complete sextuple